അന്വേഷണാത്മക പത്രപ്രവർത്തന രംഗത്തെ തിളങ്ങുന്ന പ്രതിഭ; രാജ്യം ശ്രദ്ധിച്ച ഒട്ടനവധി മാധ്യമ റിപ്പോർട്ടുകൾ; ലീല മേനോൻ... മാധ്യമ പ്രവർത്തന മേഖലയുടെ തീരാനഷ്ട്ടം

ലീല മേനോന്റെ വിയോഗത്തോടെ നഷ്ടമാകുന്നത് പ്രമുഖയായ മാധ്യമ പ്രവർത്തകയെയാണ്.മലയാള മാധ്യമ പ്രവർത്തന രംഗത്തെ ആദ്യ കാല വനിതാ സാന്നിധ്യമായിരുന്നു ലീല മേനോൻ. സ്ത്രീകൾ കടന്നു വര മടിച്ചു നിന്ന മാധ്യമ മേഖലയിൽ ഉറച്ച ചുവടുകളോടെയായിരുന്നു ലീല മേനോൻ കടന്ന് വന്നത്. പിന്നീട് രാജ്യം ശ്രദ്ധിച്ച ഒട്ടനവധി റിപ്പോർട്ടുകളിലൂടെ അവർ മാധ്യമ പ്രവർത്തന രംഗത്തെ ശ്രദ്ധേയ സാന്നിധ്യമായി.
അന്വേഷണാത്മക പത്രപ്രവർത്തനത്തിലായിരുന്നു അവർ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.ഇന്ത്യ ഒട്ടാകെ ശ്രദ്ധ നേടിയ അനവധി റിപ്പോർട്ടുകളിലെ ബൈ ലൈൻ ആയിരുന്നു ലീല മേനോൻ എന്ന പേര്. ഈ ബൈ ലൈനുകൾ അവരെ ഏറെ പ്രശസ്തയാക്കി. 1978 ൽ ദില്ലി ഇന്ത്യൻ എക്സ്പ്രെസ്സിൽ സബ് എഡിറ്ററായി മാധ്യമ പ്രവർത്തന രംഗത്തേക്ക് ആദ്യ ചുവട് വച്ചു.
മാധ്യമപ്രവര്‍ത്തന രംഗത്തേക്കു പ്രവേശിക്കുന്നതിനുമുൻപ് പോസ്റ്റോഫീസില്‍ ക്ലാര്‍ക്കായും ടെലിഗ്രാഫിസ്റ്റായും ജോലി ചെയ്‌തിരുന്നു. കേരളത്തിലെ ആദ്യകാല വനിതാ മാധ്യമ പ്രവര്‍ത്തകരിലെ പ്രമുഖയായിരുന്ന ലീലാ മേനോന്‍ ന്യൂഡല്‍ഹി, കൊച്ചി, കോട്ടയം എന്നിവിടങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. 2000ല്‍ പ്രിന്‍സിപ്പല്‍ കറസ്പോണ്ടന്റായിരിക്കെ ഇന്ത്യന്‍ എക്സ്പ്രസില്‍നിന്ന് വിരമിച്ചു. ഔട്ട്ലുക്ക്, ദ് ഹിന്ദു, മാധ്യമം, മലയാളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ കോളമിസ്റ്റും ആയിരുന്നു. നിലയ്ക്കാത്ത സിംഫണി എന്നാണ് ലീലാ മേനോന്റെ ആത്മകഥയുടെ പേര്. ഹൃദയപൂര്‍വം എന്ന പേരില്‍ തിരഞ്ഞെടുത്ത ലേഖനങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha





















