മാനദണ്ഡങ്ങള്‍ പാലിക്കാതെ അശാസ്‌ത്രീയമായ രീതിയില്‍ നിര്‍മിക്കുന്ന പടുതാക്കുളങ്ങള്‍ അപകട ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കുമളി വില്ലേജ് ഓഫീസര്‍ കളക്ടർക്ക് നൽകിയ റിപ്പോർട്ട് അവഗണിച്ചതായി ആരോപണം

മാനദണ്ഡങ്ങള്‍ പാലിക്കാതെ അശാസ്‌ത്രീയമായ രീതിയില്‍ നിര്‍മിക്കുന്ന പടുതാക്കുളങ്ങള്‍ അപകട ഭീഷണിയുയര്‍ത്തുന്ന സാഹചര്യത്തില്‍ ഇത്തരത്തിലുള്ളവയ്‌ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കാണിച്ച് കുമളി വില്ലേജ് ഓഫീസര്‍ അനില്‍കുമാര്‍ മാസങ്ങള്‍ക്ക് മുമ്ബ് കലക്‌ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. യാതൊരു സുരക്ഷയും ഒരുക്കാതെ കൃഷി ആവശ്യത്തിനായി വെള്ളം സംഭരിക്കാന്‍ നിര്‍മിക്കുന്ന പടുതാക്കുളങ്ങളാണ് ആശങ്ക ഉയര്‍ത്തുന്നത്. ചരിവ് പ്രദേശങ്ങളിലും ഉറപ്പില്ലാത്ത മണ്ണിലും നിര്‍മിക്കുന്ന പടുതാക്കുളങ്ങളാണ് അപകടങ്ങള്‍ക്ക് കാരണം.
ചെറിയതു മുതല്‍ ലക്ഷക്കണക്കിന് ലിറ്റര്‍ സംഭരണ ശേഷിയുള്ള കുളങ്ങളാണ് പുരയിടങ്ങളില്‍ തലങ്ങും വിലങ്ങും നിര്‍മിച്ചിരിക്കുന്നത്. ഒരുവിധ സുരക്ഷാ സംവിധാനങ്ങളും ഒരുക്കാതെയാണ് ഇവ നിര്‍മിച്ചിട്ടുള്ളത്. സംരക്ഷണ വേലിയോ കൈവരിയോ ഇല്ലാതെയാണ് ഇത് നിര്‍മിക്കുന്നത്. കുമളി ആനക്കുഴി പഴയകാട് ലയത്തില്‍ അനീഷ്-ഇസാക്കിയമ്മ ദമ്ബതികളുടെ മക്കളായ അഭിജിത്(എട്ട്), ലക്ഷ്‌മീപ്രിയ(ആറ്) എന്നിവരെ കഴിഞ്ഞ ദിവസം പടുതാക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. ഈ പടുത്തകുളത്തിന് സംരക്ഷണവേലി ഉണ്ടായിരുന്നില്ല. മാസങ്ങള്‍ക്ക് മുമ്ബ് വെള്ളാരംകുന്നില്‍ വ്യക്‌തിയുടെ കൃഷിയിടത്തിലെ പടുതാക്കുളം തകര്‍ന്ന് രണ്ട് ഏക്കര്‍ സ്‌ഥലത്തെ കൃഷി നശിച്ചിരുന്നു. വെള്ളാരംകുന്ന് മേഖലയിലെ ഏലക്കാട്ടില്‍ വേനല്‍കാലകൃഷിക്ക് ആവശ്യമായ വെള്ളം സംഭരിച്ചിരുന്ന പടുതാക്കുളമാണ് തകര്‍ന്നത്.
100 അടി നീളവും 28 അടി താഴ്‌ചയുമുണ്ടായിരുന്ന പടുതാക്കുളത്തില്‍ പിന്നീട് ചാക്കില്‍ മണ്ണ് നിറച്ച് അഞ്ച് അടി കൂടി ഉയരം കൂട്ടിയതാണ് തകരാന്‍ കാരണമായത്. പടുതാക്കുളത്തിന്റെ വശങ്ങളിലെ മണ്ണിടിഞ്ഞ് വെള്ളം കൃഷിയിടത്തിലേക്ക് ഒലിച്ചിറങ്ങുകയായിരുന്നു. വെള്ളം കുത്തിയൊലിച്ചതിനെത്തുടര്‍ന്ന് വിളവെടുപ്പിന് പാകമായ എലച്ചെടികള്‍ ഒലിച്ചുപോയി. തൊഴിലാളികള്‍ ഇല്ലാത്ത സമയമായതിനാല്‍ വന്‍ ദുരന്തമാണ് അന്ന് വഴിമാറിയത്. ഇത്തരത്തിലുള്ള പടുതാകുളങ്ങള്‍ പാരിസ്‌ഥിതിക ഭീഷണി ഉയര്‍ത്തുന്നതായും ഗൗരവമായ പഠനം ആവശ്യമാണെന്നും കുമളി വില്ലേജ് ഓഫീസര്‍ അനില്‍കുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ ആവശ്യമായ ഒരു പരിശോധനകളും ഈ റിപ്പോര്‍ട്ടിന്റെ അടിസ്‌ഥാനത്തില്‍ ഉണ്ടായില്ല.
പ്രധാനമായും ജലസേചനത്തിനായാണ് നിര്‍മിക്കുന്നതെങ്കിലും മീന്‍ വളര്‍ത്തലിനായും ഉപയോഗപ്പെടുത്തുന്നുണ്ട്. ഇത്തരം പടുതാക്കുളങ്ങളില്‍ മനുഷ്യരോ മൃഗങ്ങളോ വീണാല്‍ ഇതിലെ വഴുക്കല്‍ കാരണം കരകയറാനാവില്ല. വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ മുഖേന പടുതാക്കുളങ്ങള്‍ക്ക് സബ്‌സിഡി കൂടി നല്‍കാന്‍ തുടങ്ങിയതോടെ ഇവ വ്യാപകമായി നിര്‍മിക്കാന്‍ തുടങ്ങി. കൃഷി, ഫിഷറീസ് വകുപ്പുകള്‍, സ്‌പൈസസ് ബോര്‍ഡ് തുടങ്ങിയവയാണ് കര്‍ഷകര്‍ക്ക് സബ്‌സിഡികള്‍ നല്‍കുന്നത്. കൃഷിവകുപ്പില്‍ സ്‌റ്റേറ്റ് ഹോര്‍ട്ടികോര്‍പ്പ് കോര്‍പറേഷനും പടുതാക്കുളത്തിന് സബ്‌സിഡി നല്‍കുന്നു.
എന്നാല്‍ ഈ വകുപ്പുകളൊന്നും പടുതാക്കുളം നിര്‍മാണം സംബന്ധിച്ച് മാനദണ്ഡങ്ങളോ സുരക്ഷാസംവിധാനങ്ങളേക്കുറിച്ച് നിര്‍ദേശങ്ങളോ നല്‍കാറില്ല. ഫിഷറീസ് വകുപ്പില്‍നിന്നും നിറവ് പദ്ധതി പ്രകാരം പടുതാക്കുളത്തിന് സബ്‌സിഡി നല്‍കുമ്ബോള്‍ ചില നിര്‍ദേശങ്ങള്‍ നല്‍കുന്നുണ്ട്. രണ്ട് മീറ്റര്‍ ആഴം മാത്രമാണ് ഇവര്‍ പറയുന്നത്. നാലുവശവും വേലികെട്ടി തിരിക്കുക, വെള്ളം പെട്ടെന്ന് പമ്ബ് ചെയ്യാന്‍ സംവിധാനം, നാല് വശങ്ങളിലുമുള്ള താഴ്‌ച കുറയ്‌ക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് നല്‍കുന്നത്. എന്നാല്‍ കുളം നിര്‍മിക്കുമ്ബോള്‍ ഈ നിര്‍ദേശങ്ങളൊന്നും കൃഷിക്കാര്‍ പാലിക്കാറില്ല. കുമളിയിലുണ്ടായ അപകടത്തിന് പുറമേ ജില്ലയില്‍ നിരവധി ദുരന്തങ്ങള്‍ പടുതാക്കുളവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ട്.
മുൻപ് നെടുങ്കണ്ടം പുഷ്‌പകണ്ടത്ത് പടുതാകുളത്തില്‍ വീണ് കുട്ടി മരിച്ചിരുന്നു. ഇത്തരത്തില്‍ നിര്‍മിക്കുന്ന വലിയ പടുതാക്കുളങ്ങള്‍ക്കു താഴെയുള്ള പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ ആശങ്കയിലാണ്. കൃഷി ആവശ്യത്തിന് വെള്ളം സംഭരിക്കാനായി സര്‍ക്കാര്‍ സബ്‌സിഡിയോടെയും മറ്റുമാണ് പലരും പടുതാക്കുളങ്ങള്‍ നിര്‍മിക്കുന്നത്. അഞ്ച് ഏക്കറില്‍ താഴെ കൃഷി ഭൂമി ഉള്ളവര്‍ക്കാണ് തൊഴിലുറപ്പ് പദ്ധതിയില്‍ പെടുത്തി പടുതാക്കുളങ്ങള്‍ നിര്‍മിച്ചു നല്‍കുന്നത്. അമ്ബതിനായിരം മുതല്‍ ഒന്നര ലക്ഷം രൂപവരെയാണ് ഇത്തരത്തില്‍ പടുതാക്കുളങ്ങള്‍ നിര്‍മിക്കാന്‍ അനുവദിക്കുന്നത്. എന്നാല്‍ വന്‍കിട തോട്ടങ്ങളില്‍ ലക്ഷങ്ങള്‍ മുടക്കി 30 അടി താഴ്‌ചയിലധികമുള്ള വലിയ പടുതാക്കുളങ്ങളാണ് നിര്‍മിക്കുന്നത്. കൃഷിഭവനുകള്‍ വഴിയും പടുതാക്കുളങ്ങള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്.
https://www.facebook.com/Malayalivartha





















