അഞ്ച് വര്‍ഷത്തിനിടെ ഉണ്ടായത് 942 ബോംബ് സ്ഫോടനങ്ങള്‍; അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് വലിയ സ്ഫോടനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പ്രതിരോധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്

അഞ്ച് വര്‍ഷത്തിനിടെ രാജ്യത്ത് വലിയ സ്ഫോടനങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവനയെ പ്രതിരോധിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. ഇക്കാലയളവില്‍ 942 സ്ഫോടനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടായിട്ടുണ്ടെന്ന് രാഹുല്‍ പറഞ്ഞു. ട്വീറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം.
'2014 മുതല്‍ ഇന്ത്യയില്‍ വലിയ സ്ഫോടനശബ്ദങ്ങളൊന്നും കേട്ടിട്ടില്ലെന്നാണ് പ്രധാനമന്ത്രി പറയുന്നത്. പുല്‍വാമ, പത്താന്‍കോട്ട്, ഉറി, ഗാദ്ചിറോളി....അങ്ങനെ 942 വന്‍ സ്ഫോടനങ്ങളാണ് 2014 മുതല്‍ ഉണ്ടായിട്ടുള്ളത്. പ്രധാനമന്ത്രി ചെവി തുറന്ന് വച്ച് അതൊക്കെ കേള്‍ക്കേണ്ടതാണ്' എന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഗാദ്ചിറോളിയില്‍ ഉണ്ടായ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 പോലീസുകാരും ഒരു ഗ്രാമീണനും കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ കൂടിയായിരുന്നു രാഹുലിന്‍റെ പ്രതികരണം.
മഹാരാഷ്ട്രയിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ഛത്തീസ്ഗഡിലെ സുക്മ ജില്ലയിലും മാവോയിസ്റ്റ് ആക്രമണം ഉണ്ടായി. സംഭവത്തില്‍ രണ്ട് നാട്ടുകാർ കൊല്ലപ്പെട്ടു. സുക്മ ജില്ലയിലെ കിസ്താരം മേഖലയിലാണ് ആക്രമണം ഉണ്ടായത്. ഇന്നലെ ഗഡ്ചിറോളിയിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ 15 സൈനികരും ഒരു ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികർ സഞ്ചരിച്ച വാഹനമാണ് അക്രമണത്തിനിരയായത് . സ്ഫോടനത്തിൽ സൈന്യം സഞ്ചരിച്ച വാഹനം പൂർണ്ണമായും തകർന്നു.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ശ്രീലങ്കൻ ഭീകരാക്രമണത്തെ മോദി ആയുധമാക്കിയിരുന്നു. താൻ അധികാരത്തിലെത്തിയ 2014 ന് മുൻപ് ഇന്ത്യയുടെ അവസ്ഥയും ശ്രീലങ്കയുടെതിന് സമാനമായിരുന്നു എന്നായിരുന്നു വിമർശനം.
'കഴിഞ്ഞ ദിവസം ശ്രീലങ്കയിൽ ബോംബ് സ്ഫോടനങ്ങൾ അരങ്ങേറി. ഈസ്റ്റർ ദിനത്തിൽ തന്നെയുണ്ടായ ആക്രമണത്തിൽ നൂറുകണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. അവരുടെ ദൈവത്തോട് പ്രാർഥിക്കുന്നതിനിടെയാണ് അവർക്ക് ജീവൻ നഷ്ടപ്പെട്ടത്'.. എന്നു പറഞ്ഞ മോദി 2014 ന് മുൻപ് ഇന്ത്യയിലെ അവസ്ഥ ഇങ്ങനെയായിരുന്നില്ലേ എന്ന ചോദ്യമാണ് ജനക്കൂട്ടത്തിന് നേരെ ഉന്നയിച്ചത്.
2014 ന് മുൻപ് എന്തായിരുന്നു ഇന്ത്യയുടെ അവസ്ഥ. ഓരോ ദിവസവും രാജ്യത്തിന്റെ ഏതെങ്കിലും ഒരു കോണിൽ സ്ഫോടനം ഉണ്ടാകും.. പുനെയിലും മുംബൈയിലും ഗുജറാത്തിലും നടന്ന ഭീകരാക്രമണങ്ങൾ പരാമർശിച്ചായിരുന്നു പ്രധാനമന്ത്രിയുടെ വിമർശനം. വലിയ അനുഭവസമ്പത്ത് ഉണ്ടെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ്, എൻസിപി തുടങ്ങിയ പാർട്ടികൾ ഇത്തരം സംഭവങ്ങൾ ഉണ്ടാകുമ്പോൾ അനുശോചന യോഗങ്ങൾ കൂടി മുതലക്കണ്ണീർ ഒഴുക്കുകയോ ലോകം ചുറ്റി നടന്ന് പാകിസ്ഥാനെപ്പറ്റി പറഞ്ഞ് കരയുകയോ ചെയ്യുകയാണ് പതിവ്.. എന്നാൽ താൻ പ്രധാനമന്ത്രി ആയ ശേഷം ആ അവസ്ഥയ്ക്ക് മാറ്റം വന്നതെന്നും മോദി വ്യക്തമാക്കി.
' ഈ കാവൽക്കാരൻ അധികാരത്തിലെത്തിയ ശേഷം പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രം തന്നെ നമ്മൾ ആക്രമിച്ചു.. അതിന്റെ ഫലമായി ജമ്മു കാശ്മീരിലെ ചില ജില്ലകളിൽ മാത്രമായി തീവ്രവാദം ഒതുങ്ങി.. ഇന്ത്യൻ സേനയാൽ ഇത്തരം ആളുകൾ കൊല്ലപ്പെടാത്ത ഒരു ദിവസും ഉണ്ടായിട്ടില്ലെ'ന്നും മോദി പറഞ്ഞു.
https://www.facebook.com/Malayalivartha