കർണാടകയിൽ കനത്തവരൾച്ചയെ നേരിടാൻ ഋഷ്യശൃംഗ യാഗത്തിനൊരുങ്ങി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി

കർണാടകയിൽ കനത്തവരൾച്ചയെ നേരിടാൻ ഋഷ്യശൃംഗ യാഗത്തിനൊരുങ്ങി മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി. കാലവർഷം ദുർബലമായിരിക്കുമെന്ന ജ്യോതിഷ പ്രവചനത്തെ തുടർന്നാണ് ശൃംഗേരി മഠത്തിൽ പൂജ നടത്താൻ കുമാരസ്വാമിയുടെ തീരുമാനം. എന്നാൽ കുമാര സ്വാമിയുടെ തീരുമാനത്തിൽ വിമർശനവുമായി കർഷക സംഘടനകളും ബിജെപിയും രംഗത്തെത്തി. യാഗത്തിനല്ല ദുരിതാശ്വാസ പദ്ധതികൾ നടപ്പാക്കുന്നതിനാവണം പരിഗണനയെന്ന് ബിജെപി മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പൂജയ്ക്ക് മുടക്കുന്ന പണം കുടിവെളളമെത്തിക്കാൻ ഉപയോഗിക്കണമെന്ന് കർഷക സംഘടനകളും ആവശ്യപ്പെട്ടു.
മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി കടുത്ത വിശ്വാസിയാണ്. മുഖ്യമന്ത്രി പദം ഏറ്റെടുക്കുന്നതിലും മകനെ സ്ഥാനാർത്ഥിയാക്കുന്നതിലുമൊക്കെ ജ്യോതിഷികളും പൂജാരിമാരും പറയാതെയോ, പൂജകളും യാഗങ്ങളും നടത്താതെയോ കുമാരസ്വാമി തീരുമാനമെടുക്കില്ല. സംസ്ഥാനം വരൾച്ചയിൽ വലയുമ്പോഴും യാഗത്തിനൊരുങ്ങുന്ന മുഖ്യമന്ത്രിക്കു നേരെ കടുത്ത വിമർശനമാണ് ഉയരുന്നത്.
കർണാടകത്തിൽ 26 ജില്ലകളിലായി 2150 ഗ്രാമങ്ങൾ വരൾച്ചാ ബാധിതമാണ്. കുടിവെളളത്തിന് പോലും പെടാപ്പാട്. ഇരുപത് ലക്ഷം ഏക്കറിനടുത്താണ് കൃഷിനാശം. വരൾച്ച നേരിടാൻ സർക്കാർ നടപടികൾ പര്യാപ്തമല്ലെന്ന വിമർശനം സജീവമാണ്. ഇതിനിടയിലാണ് പ്രശസ്ത ജ്യോതിഷി ദ്വാരകനാഥ് വക മുഖ്യമന്ത്രിക്കുളള മുന്നറിയിപ്പ്. കാര്യമായി മഴ കിട്ടാനിടയില്ല. മഴ ദേവനായ വരുണനെ പൂജിക്കണം. യാഗം വേണം. അതനുസരിച്ച മുഖ്യമന്ത്രി ഋഷ്യശൃംഗ യാഗത്തിന് തയ്യാറെടുക്കാൻ ശൃംഗേരി മഠത്തിന് നിർദേശം നൽകിയെന്നാണ് റിപ്പോർട്ടുകൾ.
പൂജ നടക്കുമെന്ന് മഠം അധികൃതരും സ്ഥിരീകരിച്ചു. ക്ഷേത്ര ഭരണ വകുപ്പിന്‍റേതാണ് തീരുമാനമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്‍റെ പ്രതികരണം. ഇതാദ്യമല്ല മഴപെയ്യാൻ കർണാടകത്തിൽ സർക്കാർ ചെലവിൽ പൂജ. 2017ൽ സിദ്ധരാമയ്യ സർക്കാർ കാവേരി തീരത്തെ ഹോമത്തിന് നീക്കിവച്ചത് 20 ലക്ഷം രൂപയാണ്.
മണ്ഡ്യയിലെ ദൾ സ്ഥാനാർഥിയും മുഖ്യമന്ത്രി കുമാരസ്വാമിയുടെ മകനുമായ നിഖിൽ ഗൗഡ പരാജയപ്പെട്ടേക്കുമെന്ന ഇന്റലിജൻസ് വിവരം ചോർന്നതോടെ, നിഖിൽ ഗൗഡയുടെ പരാജയപ്പെടുമെന്ന ആശങ്ക ശക്തമായി. സമ്മർദ്ദത്തിലായ കുമാരസ്വാമി ക്ഷേത്ര സന്ദർശനങ്ങൾ നടത്തിയും ജ്യോത്സ്യന്മാരെ കണ്ടും പരിഹാരകർമ്മങ്ങളുടെ സാധ്യത ആരാഞ്ഞുകൊണ്ടിരിക്കുന്നു. കഴിഞ്ഞ 18ന് നടന്ന തിരഞ്ഞെടുപ്പിൽ മണ്ഡ്യയിൽ ഇക്കുറി സംസ്ഥാനത്തെ റെക്കോർഡ് പോളിങ്ങാണ് രേഖപ്പെടുത്തിയത്. 80.23%. രാത്രി 9 വരെ പോളിങ് നടന്ന ബൂത്തുകൾ പോലുമുണ്ട്. മലവള്ളി, മദ്ദൂർ, മണ്ഡ്യ മേഖലയിൽ നിഖിലിനു വേണ്ടത്ര വോട്ടു ലഭിക്കില്ലെന്നാണ് രഹസ്യ സർവെകളിലെ പ്രധാന വെളിപ്പെടുത്തൽ. നിഖിലിന്റെ വിജയമൊന്നും ഉറപ്പുപറയാനാവില്ലെന്ന് ഗതാഗത മന്ത്രിയും മണ്ഡ്യയിൽ നിന്നുള്ള ദൾ എംഎൽഎയുമായ ഡി.സി തമ്മണ്ണയും വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതിൽ മലവള്ളി ദൾ എംഎൽഎ കെ.അന്നദാനിയും ഡി.സി തമ്മണ്ണയും പരാജയപ്പെട്ടതായി കുമാരസ്വാമിയും പ്രതികരിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha