സൈന്യം മോദിക്കൊപ്പം; യുപിഎ ഭരണകാലത്ത് ആറ് മിന്നലാക്രമണങ്ങള്‍ നടത്തിയെന്ന കോണ്‍ഗ്രസ് വാദത്തെ തള്ളി കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്

യുപിഎ ഭരണകാലത്ത് ആറ് മിന്നലാക്രമണങ്ങള്‍ നടത്തിയെന്ന കോണ്‍ഗ്രസ് വാദത്തെ തള്ളി കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡ്. സൈന്യം മുഴുവന്‍ ബിജെപിക്കും മോദിക്കുമൊപ്പമാണെന്ന പ്രസ്താവനയുമായി റാത്തോഡ് രംഗത്ത് എത്തിയിരിക്കുകയാണ്. ജയ്പൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു പരാമര്‍ശം. സൈന്യത്തിന്റെ നേട്ടങ്ങളെ ബിജെപി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്യുന്നുവെന്ന ആക്ഷേപങ്ങള്‍ക്കിടെയാണ് റാത്തോഡിന്റെ പുതിയ വിവാദം. രാജസ്ഥാനിലെ ജയ്പൂര്‍ റൂറലില്‍ നിന്ന് ബിജെപിക്ക് വേണ്ടി ജനവിധി തേടുകയാണ് റാത്തോഡ്.
യുപിഎ ഭരണകാലത്ത് ആറ് മിന്നലാക്രമണങ്ങള്‍ നടത്തിയെന്ന കോണ്‍ഗ്രസ് വാദത്തെ റാത്തോഡ് തള്ളി. യു.പി.എ ഭരണകാലത്ത് സൈന്യം ആറ് മിന്നലാക്രമണങ്ങള്‍ നടത്തിയിട്ടുണ്ടെന്ന അവകാശവാദവുമായി കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ല രംഗത്ത് എത്തിയിരുന്നു. ന്യൂഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ യു.പി.എ ഭരണകാലത്ത് സൈന്യം മിന്നലാക്രമണങ്ങള്‍ നടത്തിയ തീയതികളും അദ്ദേഹം വെളിപ്പെടുത്തി. മിന്നലാക്രമണങ്ങള്‍ നടത്തിയത് തങ്ങളുടെ നേട്ടമാണെന്ന് അവകാശപ്പെടാന്‍ കോണ്‍ഗ്രസ് ഒരിക്കലും ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ആദ്യ മിന്നലാക്രണം 2008 ജൂണ്‍ 19നാണ് നടത്തിയതെന്ന് അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രണ്ടാമത്തേത് 2011 ഓഗസ്റ്റ് 30, സെപ്റ്റംബര്‍ ഒന്ന് തീയതികളില്‍ നടത്തി. 2013 ജനുവരി ആറ്, 2013 ജൂലായ് 27, 28, 2013 ഓഗസ്റ്റ് ആറ്, 2014 ജനുവരി 14 എന്നീ തീയതികളിലാണ് പിന്നീട് മിന്നലാക്രമണങ്ങള്‍ നടന്നത്. അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രി ആയിരുന്ന കാലത്ത് സൈന്യം രണ്ട് മിന്നലാക്രമണങ്ങള്‍ നടത്തിയെന്നും കോണ്‍ഗ്രസ് നേതാവ് അവകാശപ്പെട്ടു. 1999 മുതല്‍ 2004 വരെയാണ് വാജ്‌പേയി പ്രധാനമന്ത്രി പദത്തിലിരുന്നത്. 2004 മുതല്‍ 2014 വരെ മന്‍മോഹന്‍ സിങ്ങായിരുന്നു പ്രധാനമന്ത്രി. ഈ കാലത്ത് നടന്ന മിന്നലാക്രമണങ്ങളൊന്നും സ്വന്തം നേട്ടമാണെന്ന് അവകാശപ്പെട്ടുകൊണ്ട് വാജ്‌പേയിയോ മന്‍മോഹന്‍ സിങ്ങോ വാര്‍ത്താസമമ്മേളനം നടത്തിയിട്ടില്ല. ഒരു മിന്നലാക്രമണം മാത്രം നടത്തിയ നേതാവാണ് സ്വയം പുകഴ്ത്തുന്നതെന്നും രാജീവ് ശുക്ല ആരോപിച്ചു. വാജ്‌പേയി ഭരണകാലത്ത് 2001 ജനുവരി 21 നും 2003 സെപ്റ്റംബര്‍ 18നുമാണ് മിന്നലാക്രമണങ്ങള്‍ നടന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ വാദത്തെയാണ് റാത്തോഡ് തള്ളിയത്.
https://www.facebook.com/Malayalivartha





















