കള്ളപ്പണം വെളുപ്പിക്കല്‍ കേസ്: അനില്‍ അംബാനിയുടെ മുംബൈയിലെ വീട് ഇ.ഡി കണ്ടുകെട്ടി

റിലയന്‍സ് കമ്യൂണിക്കേഷന്‍സുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അനില്‍ അംബാനിയുടെ മുംബൈയിലെ 'അബോഡ്' എന്ന വീട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി. 3,716 കോടി രൂപ വിലമതിക്കുന്ന 17 നിലകളുള്ള ഈ കെട്ടിടം പള്ളം ഹില്‍സിലാണ് സ്ഥിതി ചെയ്യുന്നത്. അനില്‍ അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് കമ്യൂണിക്കേഷന്‍സുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസിലാണ് നടപടി.
അന്വേഷണത്തിന്റെ ഭാഗമായാണ് ഇ.ഡി വീട് താല്‍ക്കാലികമായി കണ്ടുകെട്ടിയത്. 40,000 കോടി രൂപയുടെ വായ്പാ കുടിശ്ശികയുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്. കേസില്‍ മൊഴി നല്‍കാനായി അനില്‍ അംബാനിയോട് വെള്ളിയാഴ്ച്ച ഹാജരാകാന്‍ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് രണ്ടാം തവണയാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.
അനില്‍ അംബാനിക്കെതിരായ അന്വേഷണത്തില്‍ ഇ.ഡി വരുത്തുന്ന കാലതാമസത്തില്‍ സുപ്രീം കോടതി കഴിഞ്ഞ ആഴ്ച ആശങ്ക പ്രകടിപ്പിച്ചിരുന്നു. നിലവില്‍ കോടതിയുടെ അനുമതിയില്ലാതെ വിദേശത്തേക്ക് പോകില്ലെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്. അനില്‍ അംബാനിയുടെ ഭാര്യ ടിന അംബാനിക്കും ഇ.ഡി സമന്‍സ് അയച്ചിരുന്നു.
https://www.facebook.com/Malayalivartha
























