ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നു കാണാതായ 11 പെണ്‍കുട്ടികളെ കൊലപ്പെടുത്തിയിരിക്കാം എന്ന്, സിബിഐ

ബീഹാറിലെ മുസഫര്‍പുര്‍ ശിശു സംരക്ഷണ കേന്ദ്രത്തില്‍ നിന്നു കാണാതായ 11 പെണ്‍കുട്ടികളെ പ്രതികള്‍ കൊലപ്പെടുത്തി കുഴിച്ചു മൂടിയതായി സംശയിക്കുന്നതായി സിബിഐ സുപ്രീംകോടതിയെ അറിയിച്ചു. കേസിലെ പ്രധാന പ്രതിയായ ബ്രജേഷ് താക്കൂറും കൂട്ടാളികളും ചേര്‍ന്ന് ഇവരെ പീഡനത്തിന് ഇരയാക്കിയതിനു ശേഷം കൊലപ്പെടുത്തിയിരിക്കാമെന്ന നിഗമനത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍. പെണ്‍കുട്ടികളുടേതെന്ന് സംശയിക്കുന്ന എല്ലുകള്‍ സമീപത്തെ ശ്മശാനത്തില്‍നിന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് സിബിഐ സുപ്രീംകോടതിയില്‍ പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
പ്രതികളില്‍ ഒരാള്‍ ചൂണ്ടിക്കാണിച്ച സ്ഥലത്തു നടത്തിയ പരിശോധനയിലാണ് അസ്ഥികൂടങ്ങള്‍ ലഭിച്ചതെന്നും കാണാതായ 11 പെണ്‍കുട്ടികളെ സംബന്ധിച്ച അന്വേഷണത്തിനിടെ സമാന പേരുകളിലുളള 35 പെണ്‍കുട്ടികള്‍ അഭയകേന്ദ്രത്തില്‍ ഉണ്ടായിരുന്നതായും സിബിഐ വ്യക്തമാക്കി. ഒരു എന്‍ജിഒ ബീഹാറിലെ മുസാഫര്‍പൂരില്‍ നടത്തിയിരുന്ന അഭയകേന്ദ്രത്തില്‍ നിരവധി പെണ്‍കുട്ടികളാണ് ബലാല്‍സംഗത്തിനിരയായത്.
ടാറ്റ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് നടത്തിയ പഠനത്തിലാണ് 34 പെണ്‍കുട്ടികളെ ലഹരി മരുന്ന് നല്‍കി പീഡിപ്പിച്ചുവെന്നു കണ്ടെത്തിയത്. ബ്രജേഷ് താക്കൂറടക്കം 21 പേര്‍ക്കെതിരെ സിബിഐ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സംഭവം വന്‍ വിവാദമായതോടെ സംസ്ഥാന സര്‍ക്കാര്‍ കേസ് സിബിഐക്ക് കൈമാറുകയായിരുന്നു. സിബിഐ നടത്തിയ അന്വേഷണത്തിലാണ് താക്കൂര്‍ ഉള്‍പ്പെടെയുള്ളവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ബിഹാര്‍ സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി മഞ്ജു വര്‍മ്മയുടെ, ഭര്‍ത്താവ് ചന്ദ്രേശ്വര്‍ വര്‍മ്മയുമായി ബ്രജേഷ് താക്കൂറിന് അടുത്ത ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് മന്ത്രി രാജി വച്ചിരുന്നു.
https://www.facebook.com/Malayalivartha