പടിയിറങ്ങാൻ തയ്യാറാണെന്ന് രാഹുൽ ഗാന്ധി അരുതെന്ന് സോണിയ; കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാജിവെക്കാൻ തയ്യാറാണെന്ന് സന്നദ്ധത അറിയിച്ച് രാഹുൽ ഗാന്ധി; രാഹുൽ രാജി വയ്ക്കേണ്ടതില്ലെന്ന് മൻമോഹൻ സിംഗും പ്രിയങ്കാ ഗാന്ധിയും നിർദ്ദേശിച്ചതായി വിവരം

കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് പടിയിറങ്ങാൻ തയ്യാറാണെന്ന് സന്നദ്ധത അറിയിച്ച് രാഹുൽ ഗാന്ധി. തോൽവി ചർച്ച ചെയ്യാൻ ചേർന്ന എഐസിസി പ്രവർത്ത സമിതി യോഗത്തിലായിരുന്നു നിർണായക നീക്കം. എന്നാൽ രാഹുലിന്റെ ഈ തീരുമാനത്തെ മുതിർന്ന നേതാക്കളെല്ലാം എതിർക്കുകയാണ്. രാഹുൽ രാജി വയ്ക്കേണ്ടതില്ലെന്ന് മൻമോഹൻ സിംഗും പ്രിയങ്കാ ഗാന്ധിയും നിർദ്ദേശിച്ചതായാണ് വിവരം.
രാഹുലിനെക്കൂടാതെ എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധി വദ്ര അടക്കമുള്ള ജനറൽ സെക്രട്ടറിമാർ, യു.പി.എ അദ്ധ്യക്ഷ സോണിയാ ഗാന്ധി, മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, കോൺഗ്രസ് ഭരിക്കുന്ന പഞ്ചാബ്, മദ്ധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഢ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ തുടങ്ങിയവർ സമിതിയിലുണ്ട്.
രാജി വയ്ക്കുമെന്ന നിലപാടിൽ ശക്തമായി ഉറച്ചു നിന്നാൽ മാത്രമേ രാഹുൽ ഗാന്ധിയുടെ തീരുമാനം എഐസിസി അംഗീകരിക്കാൻ സാധ്യതയുള്ളൂ. എന്നാൽ, പ്രവർത്തകസമിതി അത് അംഗീകരിക്കാനുള്ള സാധ്യത വളരെക്കുറവാണ്. ഇപ്പോൾ രാജി വയ്ക്കുന്നത് താഴേത്തട്ടിലുള്ള പ്രവർത്തകർക്ക് നല്ല സന്ദേശം നൽകില്ലെന്നും തീരുമാനം മാറ്റണമെന്നും സോണിയാഗാന്ധി രാഹുലിനോട് നേരത്തേ വ്യക്തമാക്കിയിരുന്നു.
ലോക്സഭാ തെരഞ്ഞെടുപ്പിലെ വൻ തോൽവിക്ക് പുറത്തു വന്ന അന്നു തന്നെ പാർട്ടി അധ്യക്ഷസ്ഥാനം ഒഴിയാൻ രാഹുൽ സന്നദ്ധത അറിയിച്ചിരുന്നു. അന്ന് എഐസിസി പ്രവർത്തക സമിതി ചേരും വരെ കടുത്ത തീരുമാനങ്ങളിലേക്ക് പോകരുതെന്ന് രാഹുലിനോട് മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടു. അന്ന് നടത്തിയ വാർത്താ സമ്മേളനത്തിൽ രാഹുൽ സംസാരിക്കുന്ന പോഡിയത്തിന് പുറത്ത് പ്രിയങ്കാ ഗാന്ധിയും നിൽക്കുന്നത് കാണാമായിരുന്നു. ആശങ്ക നിറഞ്ഞ മുഖവുമായാണ് അന്ന് പ്രിയങ്ക രാഹുലിന്‍റെ വാർത്താ സമ്മേളനത്തിനിടെ നിന്നത്.
അതേസമയം വിജയത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും അഭിനന്ദിച്ച് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി രംഗത്തെത്തി. മികച്ച ഭൂരിപക്ഷം നൽകി വിജയിപ്പിച്ചതിന് കേരളത്തിലെ ജനങ്ങളോട് രാഹുൽ നന്ദിയും പറഞ്ഞു. അമേഠിയിലെ തോൽവി അംഗീകരിക്കുന്നതായി പറഞ്ഞ രാഹുൽ സ്നേഹത്തോടെ സ്മൃതി സ്വന്തം മണ്ഡലം നോക്കട്ടെയെന്ന് ആശംസിക്കുന്നതായും പറഞ്ഞു.
''കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ച എല്ലാ പ്രവർത്തകർക്കും നന്ദി. നരേന്ദ്രമോദി അധികാരത്തിൽ തുടരണമെന്ന് ജനങ്ങൾ തീരുമാനിച്ചു, അതിനെ ബഹുമാനിക്കുന്നു. ഇന്ന് തന്നെ ജനവിധിയെക്കുറിച്ച് വിശദമായി സംസാരിക്കാനാഗ്രഹിക്കുന്നില്ല. ഇത് ആശയങ്ങളുടെ പോരാട്ടമാണ്, പ്രവർത്തകർ ആത്മവിശ്വാസം നഷ്ടപ്പെടുത്തരുത്. ഭയപ്പെടരുത്, പോരാട്ടം അവസാനിക്കുന്നില്ല'', രാഹുൽ പറഞ്ഞു.
വയനാട് വൻ ഭൂരിപക്ഷത്തിൽ നേടിയ വിജയത്തിനിടയിലും അമേതിയിലെ രാഹുലിന്റെ തോൽവി കോൺഗ്രസിന് വലിയ നാണക്കേടുണ്ടാക്കിയിരിക്കുകയാണ്. പല സംസ്ഥാനങ്ങളിലും ഒരു സീറ്റ് പോലും കോൺഗ്രസിന് കിട്ടിയില്ല. രാജസ്ഥാനിലും ഡൽഹിയിലും ഗുജറാത്തിലുമടക്കം കോൺഗ്രസ് പൂജ്യമായി.തനിക്കാണു തോൽവിയുടെ നൂറുശതമാനം ഉത്തരവാദിത്വമെന്നായിരുന്നു ഫലപ്രഖ്യാപനം വന്നതിനുശേഷം രാഹുല്‍ പറഞ്ഞത്. അതേസമയം, കോൺഗ്രസിന്റെ പരാജയത്തിന് രാഹുൽ ഗാന്ധിയല്ല ഉത്തരവാദിയെന്ന് പ്രവർത്തകസമിതി അംഗം ഉമ്മൻ ചാണ്ടി പറഞ്ഞു. കോൺഗ്രസ് മുമ്പും പരാജയം നേരിട്ടിട്ടുണ്ട്. പാർട്ടി തെറ്റുതിരുത്തി മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha