ഇന്ത്യയിൽ നിന്ന് ആയുധം വാങ്ങാൻ 85 രാജ്യങ്ങൾ; ഇടപാട് 35000 കോടിയുടേത്; വിവിധ രാജ്യങ്ങളുടെ പ്രതിരോധ വിഭാഗങ്ങള്‍ക്ക് ആയുധം നിര്‍മിച്ചു നല്‍കാനുള്ള പദ്ധതിയുമായി ഇന്ത്യ

വിവിധ രാജ്യങ്ങളുടെ പ്രതിരോധ വിഭാഗങ്ങള്‍ക്ക് ആയുധം നിര്‍മിച്ചു നല്‍കാനുള്ള പദ്ധതിയുമായി ഇന്ത്യ. 2025നു മുൻപ് 35,000 കോടി രൂപയുടെ ആയുധം നിര്‍മിച്ചു നല്‍കാനാണ് രാജ്യം പദ്ധതിയിടുന്നത്. ഇന്ത്യ നിര്‍മിക്കുന്ന ആയുധങ്ങള്‍ വാങ്ങാന്‍ താൽപര്യപ്പെട്ട് 85 രാജ്യങ്ങളാണ് നിലവിൽ രംഗത്തെത്തിയിരിക്കുന്നത്. ഈ രാജ്യങ്ങളുടെ നയതന്ത്രകാര്യാലയത്തിലെ വിദഗ്ധരെ വിളിച്ച് തങ്ങളുടെ ആയുധ നിര്‍മാണ വൈദഗ്ധ്യം അറിയിച്ചു കൊടുക്കുകയും ചെയ്തു.
ഓരോ രാജ്യത്തെയും നയതന്ത്രകാര്യാലയത്തിലെ വിദഗ്ധർക്ക് ഇന്ത്യയുടെ ആയുധ നിര്‍മാണ മികവിനെക്കുറിച്ചുള്ള വിവരങ്ങള്‍ എത്തിക്കാന്‍ പ്രതിവര്‍ഷം 50,000 ഡോളര്‍ വരെയായിരിക്കും നല്‍കുക. തങ്ങളുടെ രാജ്യങ്ങളിലെ പൊതുമേഖലിയിലും സ്വകാര്യ മേഖലയിലും മെയ്ഡ്-ഇന്‍-ഇന്ത്യ പ്രതിരോധ ഉപകരണങ്ങളുടെ ഗുണങ്ങള്‍ പ്രചരിപ്പിക്കുന്നതിനായിരിക്കും ഈ പണം ഉപയോഗിക്കേണ്ടത്. എക്‌സിബിഷനുകള്‍, പഠനക്കളരികള്‍, സെമിനാറുകള്‍, ലഘുലേഖകളിലൂടെയുള്ള പ്രചരണങ്ങള്‍ എന്നിവയ്‌ക്കൊക്കെ ഈ പണം ഉപയോഗിക്കാവുന്നതാണ്.
കഴിഞ്ഞ വര്‍ഷവും വിവിധ രാജ്യങ്ങളിലെ നയതന്ത്രകാര്യാലയത്തിലെ വിദഗ്ധരെ വിളിച്ചുവരുത്തി ആയുധങ്ങളെക്കുറിച്ചുള്ള വിവിധ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു. തുടര്‍ന്ന് ആയുധ നിര്‍മാണ വ്യവസായത്തിലെയും പ്രതിരോധ മന്ത്രാലയത്തിലെയും വിദേശകാര്യ വകുപ്പിലെയും ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. വിവിധ രാജ്യങ്ങളിലെ നയതന്ത്രകാര്യാലയത്തിലെ വിദഗ്ധരോട് ആവശ്യങ്ങളുടെ വിശദമായ രൂപരേഖ ഈ ആഴ്ച അവസാനത്തിനു മുൻപ് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു കഴിഞ്ഞു. തങ്ങളുടെ രാജ്യത്ത് ഇന്ത്യന്‍ ആയുധ നിര്‍മാണത്തെക്കുറിച്ച് പ്രചാരണം നടത്താനായി ചെയ്ത കാര്യങ്ങളെക്കുറിച്ചും റിപ്പോര്‍ട്ട് ചോദിച്ചിട്ടുണ്ട്.
ധാരാളം ആയുധം വാങ്ങുമെന്ന് ഇന്ത്യ കരുതുന്ന ചില രാജ്യങ്ങളെ 'എ' ഗണത്തില്‍ പെടുത്തിയിരിക്കുന്നു. ഈ രാജ്യങ്ങളുടെ നയതന്ത്രകാര്യാലയത്തിലെ വിദഗ്ധർക്കാണ് പ്രതിവര്‍ഷം 50,000 ഡോളര്‍ നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്. ബി, സി, എന്നീ ഗണത്തിലുള്ള രാജ്യങ്ങളും ഉണ്ട്. ഇവരുടെ പ്രതിനിധികള്‍ക്ക് നല്‍കുന്ന പണം ആനുപാതികമായി കുറയും. ആദ്യഘട്ടത്തില്‍ ഈ ഇനത്തില്‍ ചിലവാക്കാനായി വകമാറ്റിയിരിക്കുന്നത് 16 കോടി രൂപയാണ്. പുതിയ ആയുധ നിര്‍മാതാവിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക എന്നതാണ് ഈ പ്രചാരണ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത്.
തങ്ങള്‍ നിര്‍മിക്കുന്ന ആയുധം വാങ്ങാന്‍ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയും ഇന്ത്യ തയാറാക്കിയിട്ടുണ്ട്. വിയറ്റ്‌നാം, തായ്‌ലന്‍ഡ്, ബഹറൈന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, യുഎഇ, മലേഷ്യ തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയിലുണ്ട്. പടിഞ്ഞാറന്‍ രാജ്യങ്ങളെയും ഒഴിവാക്കിയിട്ടില്ല. അമേരിക്കയെയും ബ്രിട്ടനെയും പോലെയുള്ള രാജ്യങ്ങളുടെ പ്രധാന പ്രതിരോധ സാമഗ്രികള്‍ അവര്‍ നിര്‍മിക്കുമെങ്കിലും അവ കൂടാതെയുള്ള സബ് സിസ്റ്റങ്ങള്‍ നിര്‍മിക്കാനുള്ള സമ്മതപത്രം ലഭിക്കാനുള്ള ശ്രമവും നടക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
https://www.facebook.com/Malayalivartha