പാകിസ്ഥാന്‍ തെറ്റ് തിരുത്താന്‍ തയ്യാറാവുന്നില്ലെന്ന് രാജ് നാഥ് സിംഗ്

അതിര്‍ത്തിയില്‍ വെടിവെയ്പ്പ് നടത്തുന്ന പാകിസ്ഥാന്‍ സൈന്യത്തിന് ശക്തമായ മറുപടി നല്‍കിയിട്ടും അവരുടെ ഭാഗത്ത് നിന്ന് തെറ്റ് തിരുത്താന്‍ തയ്യാറാവുന്നില്ലെന്ന് ആഭ്യന്തര മന്ത്രി രാജ് നാഥ് സിംഗ് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ ജനുവരി 26ന് ഇന്ത്യ സന്ദര്‍ശിക്കുന്‌പോള്‍, ആക്രമണം നടത്താന്‍ പാകിസ്ഥാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകള്‍ ശ്രമിക്കുന്നുവെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ നിലനില്‍ക്കെയാണ് രാജ്‌നാഥിന്റെ പ്രസ്താവന.
ഏത് സാഹചര്യവും നേരിടാന്‍ രാജ്യം സുസജ്ജമാണ്. സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയില്ലെന്നും രാജ്യത്തെ സമാധാനത്തിന് ഭംഗം വരുത്താന്‍ തീവ്രവാദികളെ അനുവദിക്കില്ലെന്നും രാജ്‌നാഥ് വ്യക്തമാക്കി. റിപ്പബ്‌ളിക് ദിനത്തില്‍ ഒബാമയുടെ സന്ദര്‍ശനത്തിനിടെ ഇന്ത്യയിലെ സ്‌കൂളുകളും മറ്റും ആക്രമിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇതേതുടര്‍ന്ന് സുരക്ഷ ശക്തമാക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായും അദ്ദേഹം അറിയിച്ചു.
പത്ത് ഭീകര സംഘടനകളെ നിരോധിച്ച പാകിസ്ഥാന്റെ നടപടിയെ മുഖവിലയ്ക്ക് എടുക്കാന്‍ മന്ത്രി തയ്യാറായില്ല. മുമ്പും ഇത്തരം സംഘടനകളെ പാകിസ്ഥാന്‍ നിരോധിച്ചിട്ടുണ്ടെന്നും എന്നാല്‍ അവ പിന്നീട് മറ്റു പേരുകളില്‍ ആ രാജ്യത്ത് സജീവമായി പ്രവര്‍ത്തനം വ്യാപിപ്പിച്ചിട്ടുണ്ടെന്നും രാജ്‌നാഥ് സിംഗ് ചൂണ്ടിക്കാട്ടി. പുതിയ പേരില്‍ ഭീകര സംഘടനകള്‍ ഉദയം ചെയ്യുന്നത് തടയുകയാണ് പാകിസ്ഥാന്‍ ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ നിരവധി ദിവസങ്ങളിലായി പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടായ നുഴഞ്ഞ് കയറ്റ ശ്രമത്തെ ഇന്ത്യന്‍ സൈന്യം തടഞ്ഞിരുന്നു. അതിര്‍ത്തിയുടെ പല ഭാഗങ്ങളിലായി നൂറില്‍പരം ഭീകരര്‍ നുഴഞ്ഞ്കയറാന്‍ തയ്യാറായി നില്‍പ്പുണ്ടെന്നും റിപ്പോര്‍ട്ടുണ്ടായിരുന്നു. ഈ സാഹചര്യത്തില്‍ അതിര്‍ത്തിയിലെ സുരക്ഷ സൈന്യം ശക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























