കോഴിത്തൂവലൂകളിലൂടെ പറന്നെത്തിയ തെളിവുകള്‍

മികച്ച രീതിയില്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്ന കുറ്റകൃത്യങ്ങളില്‍ പോലും ബോധപൂര്‍വമല്ലാതെ, കുറ്റവാളി വരുത്തുന്ന ചില പിഴവുകള്‍ കുറ്റാന്വേഷകരെ കുറ്റവാളിയിലേയ്ക്ക് എത്തിക്കും. അതുകൊണ്ട് കാലത്തെ അതിജീവിച്ചു മറഞ്ഞിരിക്കുന്ന കുറ്റകൃത്യങ്ങളില്ല എന്നാണ് കുറ്റാന്വേഷകരുടെ സാക്ഷ്യം. മുഖം തിരിച്ചറിയാനാകാത്ത നിലയില്‍ ഒരു യുവതിയെ കത്തിച്ചിട്ടും കൊലപാതകിയെ പിടികൂടാന്‍ മഹാരാഷ്ട്ര പൊലീസിനെ സഹായിച്ചത് ഇത്തരമൊരു ലൂപ്പ്‌ഹോളാണ്.
ഇക്കഴിഞ്ഞ ജൂണ്‍ 23 ഞായറാഴ്ചയാണ് താനെ തിത്വാലയിലെ കല്യാണ്‍ ടൗണില്‍ റയാ പാലത്തിനു സമീപം ചാക്കില്‍ പൊതിഞ്ഞ നിലയിലുള്ള ഒരു മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവര്‍ അറിയിച്ചതനുസരിച്ച് പൊലീസ് സ്ഥലത്തെത്തി. പെട്രോള്‍ ഒഴിച്ചു കത്തിച്ച നിലയിലൊരു മൃതദേഹമായിരുന്നു ചാക്കുകെട്ടില്‍ ഉണ്ടായിരുന്നത്. കൊലപാതകം ഒളിപ്പിക്കുന്നതിനായി ശരീരം കത്തിച്ചതാണ് എന്ന് അന്വേഷണ സംഘത്തിന് മനസ്സിലായി. കൊലപാതകത്തിനും തെളിവു നശിപ്പിക്കലിനും കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ്, പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചെങ്കിലും അന്വേഷണം വഴിമുട്ടിനിന്നു.
ജഡം പൊതിഞ്ഞിരുന്ന പരുത്തിച്ചാക്കില്‍ പറ്റിപ്പിടിച്ചനിലയില്‍ കണ്ട കോഴിത്തൂവലും ശരീരത്തില്‍ ധരിച്ചിരുന്ന രക്ഷാത്തകിടും മാത്രമായിരുന്നു കൊല്ലപ്പെട്ട വ്യക്തിയിലേക്കും ഘാതകനിലേക്കും വിരല്‍ ചൂണ്ടാവുന്ന എന്തെങ്കിലും സൂചനയായി പോലീസിന്റെ പക്കല്‍ കിട്ടിയത്.
പ്രസ്തുത തകിടില്‍ എന്തോ കുറിച്ചിട്ടിരുന്നത് ബംഗാളിഭാഷയില്‍ ആയിരുന്നുവെന്ന് പോലീസ് മനസ്സിലാക്കി. അതോടെ ആ മേഖലയില്‍ താമസിക്കുന്ന ബംഗാളി സംസാരിക്കുന്നവരെയും കോഴി സ്റ്റാള്‍ നടത്തുന്നവരെയും കേന്ദ്രീകരിച്ചായി പിന്നീടുള്ള പൊലീസ് അന്വേഷണം.
പല രീതിയിലുള്ള അന്വേഷണത്തിനൊടുവില്‍ താനെയില്‍ ചിക്കന്‍ സ്റ്റാള്‍ നടത്തിയിരുന്ന അലാം ഷെയ്ക്ക് (33) എന്ന യുവാവ് മൃതദേഹം കണ്ടെടുത്തതിന്റെ പിറ്റേദിവസം ബാംഗാളിലേക്കു കടന്നതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. കൊലപാതകി അലാം ഷെയ്ക്കാണെന്ന് ഉറപ്പിച്ച പൊലീസ് കുരുക്കു മുറുക്കി. അലാം ഷെയ്ക്കിന്റെ ചിക്കന്‍ സ്റ്റാളില്‍ ഒരു യുവതി ദിവസവും സന്ദര്‍ശനം നടത്തിയിരുന്നതായി പൊലീസിനു വിവരം ലഭിച്ചു. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്നും പൊലീസ് മനസ്സിലാക്കി. എന്നാല്‍ ഏതാനും ദിവസങ്ങളായി ആ യുവതിയെ കാണാനില്ലായിരുന്നെന്ന് പോലീസിന് വിവരം ലഭിച്ചു. അതോടെ അന്വേഷണം ആ വഴിക്കായി. കൊല്ലപ്പെട്ടത് മോനിയെന്ന ഇരുപത്തിയഞ്ചുകാരിയാണെന്ന് വൈകാതെ തന്നെ പൊലീസിന് സ്ഥിരീകരിക്കാനായി.
ഉടനെ തന്നെ മഹാരാഷ്ട്രയിലെ താനെയില്‍ നിന്നും ഒരു പൊലീസ് സംഘം പശ്ചിമബംഗാളിലെ സെയ്ദ്പൂര്‍ ഗ്രാമത്തിലേക്ക് പുറപ്പെടുകയും അലാം ഷെയ്ക്കിനെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
ചോദ്യം ചെയ്യലിനൊടുവില്‍ ഷെയ്ക്ക് കുറ്റം സമ്മതിച്ചു. കൊല്ലപ്പെട്ട മോനിയുമായി അടുപ്പത്തിലായിരുന്നുവെന്നും അവള്‍ കടമായി വാങ്ങിയ 2.5 ലക്ഷം രൂപ തിരികെ നല്‍കാത്തതാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും ഷെയ്ക്ക് പറഞ്ഞു.
പണം തിരികെ ചോദിക്കാന്‍ ജൂണ്‍ 22-ന് രാത്രി ഏറെ വൈകി അലാം ഷെയ്ക്ക് തന്റെ അടുത്ത സുഹൃത്തിനൊപ്പം മോനിയുടെ വീട്ടിലെത്തിയിരുന്നു. ഇരുവരും തമ്മില്‍ വാക്തര്‍ക്കത്തിനൊടുവില്‍ മോനിയെ കഴുത്തില്‍ ഷാള്‍ മുറുക്കി കൊലപ്പെടുത്തുകയായിരുന്നുവത്രേ. സുഹൃത്തിനൊപ്പം മൃതദേഹം ബൈക്കിനു നടുവിലിരുത്തിയാണ് വിജനമായ സ്ഥലത്ത് എത്തിച്ച് പെട്രോള്‍ ഒഴിച്ചു കത്തിച്ചത്.
കോഴിഫാമില്‍ ഉപയോഗിക്കുന്ന തരം പരുത്തിച്ചാക്കാണ് ഷെയ്ക്കിനെ കുരുക്കിയത്. തിങ്കളാഴ്ച രാത്രിയാണ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഷെയ്ക്കിന്റെ കൂട്ടാളിക്കു വേണ്ടിയുള്ള അന്വേഷണം ആരംഭിച്ചതായും മഹാരാഷ്ട്ര പൊലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























