ബിജെപി ദര്‍ശനരേഖ പുറത്തിറക്കി: ഡല്‍ഹിയെ ലോക നിലവാരത്തിലേക്ക് എത്തിക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് കിരണ്‍ ബേദി

ഡല്‍ഹിയില്‍ ശനിയാഴ്ച തിരഞ്ഞെടുപ്പു നടക്കാനിരിക്കെ ബിജെപി തങ്ങളുടെ ദര്‍ശനരേഖ പുറത്തിറക്കി. പുരോഗതിയും വികസനവും മാത്രം ഊന്നി കൊണ്ടുള്ള ദര്‍ശനരേഖയാണ് ബിജെപി പുറത്തിറക്കിയത്. കിരണ്‍ ബേദി, ഹര്‍ഷ വര്‍ധന്‍, വി.കെ.മല്‍ഹോത്ര, സംസ്ഥാന ബിജെപി അധ്യക്ഷന്‍ സതീഷ് ഉപാധ്യായ് എന്നിവരാണ് രേഖ പുറത്തിറക്കിയത്. ഡല്‍ഹിയുടെ വികസനത്തിനായി 270ഇനം നിര്‍ദേശങ്ങളടങ്ങിയ ദര്‍ശന രേഖയാണ് ബിജെപി പുറത്തിറക്കിയത്. ഡല്‍ഹിയുടെ വികസനം ഏത് ദിശയില്‍ നടക്കുമെന്നും ഏത് തരം രാഷ്ട്രീയം നടപ്പിലാകുമെന്നും ഫെബ്രുവരി ഏഴിന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വ്യക്തമാകുമെന്ന് സംസ്ഥാന ബിജെപി തലവന്‍ സതീഷ് ഉപാധ്യായ് പറഞ്ഞു. ബിജെപി ഡല്‍ഹിയെ ലോകോത്തര പട്ടണമാക്കുമെന്നും നല്ല ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡല്‍ഹിയിലെ ജനങ്ങളെ സംബന്ധിക്കുന്ന എല്ലാ പ്രശ്‌നങ്ങളെപ്പറ്റിയും ദര്‍ശന രേഖയില്‍ വിശദമാക്കുന്നുണ്ടെന്ന് കിരണ്‍ ബേദി പറഞ്ഞു. ഗതാഗത പ്രശ്‌നം , 24 മണിക്കൂര്‍ ജലവിതരണം, അഴിമതി രഹിത ഭരണം, ഡല്‍ഹിയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുക, ലക്ഷ്യം സദ്ഭരണവും വികസനവും, 100% സുതാര്യത, യുവജനതയുടെ വിഷയങ്ങളില്‍ പ്രത്യേക ശ്രദ്ധ, ശുചിത്വം, വൈദ്യുതി പ്രതിസന്ധി പരിഹരിക്കും ,വനിതകളുടെ സുരക്ഷ, ഡിജിറ്റല്‍ ഇന്ത്യയുടെ ഭാഗമാകും, പരിസ്ഥിതി തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ദര്‍ശന രേഖയില്‍ പറയുന്നത്. പൊതു ജനങ്ങളുമായി നിരന്തരം വീഡിയോ കോണ്‍ഫറന്‍സുകള്‍ നടത്തുമെന്നും ബേദി കൂട്ടിച്ചേര്‍ത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























