കാര്യവട്ടത്ത് ഇന്ത്യയ്ക്ക് 46 റണ്‍സ് വിജയം

കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ ഇന്ത്യയുയര്‍ത്തിയ 272 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ന്യൂസീലന്‍ഡ് 225 റണ്‍സില്‍ ഓള്‍ഔട്ടായി. ഇന്ത്യയ്ക്ക് 46 റണ്‍സ് വിജയം. ഇതോടെ അഞ്ചു മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഇന്ത്യ 4-1ന്റെ മേധാവിത്വം സ്വന്തമാക്കി. ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സാണു നേടിയത്. വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന കിവീസ് കാര്യവട്ടത്തെ റണ്ണൊഴുകുന്ന പിച്ചില്‍ 200 കടന്നെങ്കിലും ഇന്ത്യന്‍ വിജയത്തിനു ഭീഷണി മുഴക്കാന്‍ സാധിക്കാതെ മടങ്ങി.
നാലോവറില്‍ 51റണ്‍സ് വഴങ്ങി അഞ്ചു വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ അര്‍ഷ്ദീപ് സിങ്ങാണ് ഇന്ത്യന്‍ വിജയം എളുപ്പത്തിലാക്കിയത്. 38 പന്തുകള്‍ നേരിട്ട് 80 റണ്‍സടിച്ച ഫിന്‍ അലനാണ് മറുപടി ബാറ്റിങ്ങില്‍ ന്യൂസീലന്‍ഡിന്റെ ടോപ് സ്‌കോറര്‍. ആറു സിക്‌സുകളും എട്ടു ഫോറുകളും ബൗണ്ടറി കടത്തിയ ഫിന്‍ അലന്റെ കരുത്തില്‍ കിവീസ്, പവര്‍ പ്ലേയില്‍ 79 റണ്‍സും എട്ടോവറില്‍ 100 റണ്‍സും പിന്നിട്ടതാണ്.ഈ ഘട്ടത്തില്‍ മാത്രമായിരുന്നു ഇന്നിങ്‌സില്‍ ന്യൂസീലന്‍ഡിന് കുറച്ചെങ്കിലും ആത്മവിശ്വാസമുണ്ടായത്. എന്നാല്‍ ഒന്‍പതാം ഓവറില്‍ അക്ഷര്‍ പട്ടേലിന്റെ പന്തില്‍ അര്‍ഷ്ദീപ് സിങ് ക്യാച്ചെടുത്ത് ഫിന്‍ അലന്‍ പുറത്തായതോടെ ന്യൂസീലന്‍ഡിന്റെ റണ്ണൊഴുക്കു നിലച്ചു.
രചിന്‍ രവീന്ദ്രയും (17 പന്തില്‍ 30), ഡാരില്‍ മിച്ചലുമാണു (12 പന്തില്‍ 26) കുറച്ചെങ്കിലും പൊരുതിനിന്നത്. മധ്യനിരയില്‍ ഗ്ലെന്‍ ഫിലിപ്‌സ് (ഏഴ്), മിച്ചല്‍ സാന്റ്‌നര്‍ (പൂജ്യം), ബെവണ്‍ ജേക്കബ്‌സ് (ഏഴ്) എന്നിവര്‍ രണ്ടക്കം കടക്കാതെ മടങ്ങി. ഇന്ത്യന്‍ ബോളര്‍മാര്‍ തകര്‍ത്തെറിഞ്ഞതോടെ അവസാന 12 പന്തുകളില്‍ ന്യൂസീലന്‍ഡിനു ജയിക്കാന്‍ വേണ്ടിയിരുന്നത് 68 റണ്‍സായിരുന്നു. അപ്പോഴേക്കും ഒന്‍പതു വിക്കറ്റുകളും അവര്‍ക്കു നഷ്ടമായിരുന്നു. വാലറ്റത്ത് ഇഷ് സോധി 15 പന്തില്‍ 33 റണ്‍സെടുത്തെങ്കിലും, 19.4 ഓവര്‍ വരെ മാത്രമാണു പിടിച്ചുനില്‍ക്കാന്‍ സാധിച്ചത്. ഇന്ത്യയ്ക്കായി സ്പിന്നര്‍മാരായ അക്ഷര്‍ പട്ടേല്‍ മൂന്നും വരുണ്‍ ചക്രവര്‍ത്തി ഒരു വിക്കറ്റും വീഴ്ത്തി.
https://www.facebook.com/Malayalivartha























