വിദ്യഭ്യാസമന്ത്രിയുടെ സമ്മാനം; മിഥുനിനായി വീടൊരുങ്ങി

അവനില്ലാ എങ്കിലും അവനായൊരു വീട്. ഇന്ന് മന്ത്രി വി ശിവൻകുട്ടിയും കെ എൻ ബാലഗോപാലും ചേര്‍ന്ന് 'മിഥുൻ ഭവനം'എന്ന വീടിന്റെ താക്കോൽ കൈമാറുമ്പോൾ കണ്ട് നിന്നുവരുടെ ചങ്കൊന്ന് പിടഞ്ഞു. കാരണം മാസങ്ങൾക്ക് മുമ്പ് കൊല്ലം തേവലക്കര ബോയിസ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ ജീവിതത്തിലെ പ്രധാന ആഗ്രഹമാണിവിടെ സാധ്യമായത്. എന്നാൽ അത് കാണാനോ അനുഭവിക്കാനോ അവനിന്നില്ലെന്ന വേദനയായിരുന്നു എല്ലാവർക്കും. മരണസമയത്ത് മിഥുന്റെ വീട്ടിലെത്തിയ ആരും കണ്ണുനനയാതെ തിരികെ പോയില്ല. അത്ര ശോചനീയമായിരുന്നു ആ വീട്. എന്തായാലും ഇത്തരം സാഹചര്യങ്ങളിൽ നിന്ന് കരകയറുകയാണ് മിഥുന്റെ കുടുംബം.
കൊല്ലം തേവലക്കര ബോയിസ് ഹൈസ്കൂളിൽ വൈദ്യുതാഘാതമേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് വെച്ച് നൽകുന്ന വീടിന്റെ മിഥുനായി നിര്‍മ്മിച്ച വീടിൻ്റെ താക്കോല്‍ കൈമാറി. മന്ത്രി വി ശിവൻകുട്ടിയും കെ എൻ ബാലഗോപാലും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ ചെരുപ്പ് എടുക്കുന്നതിനായി കയറിയപ്പോഴാണ് തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ മിഥുന്‍ മനു (13) ഷോക്കേറ്റ് മരിക്കുന്നത്. പടിഞ്ഞാറേ കല്ലട വലിയപാടം മനു ഭവനില്‍ മനുവിന്റെയും സുജയുടെയും മകനാണ് മിഥുന്‍.
വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ ഫേസ് ബുക്ക് കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ: നോവ് ബാക്കിയായി, എന്നാൽ മിഥുൻ്റെ സ്വപ്നം യാഥാർത്ഥ്യമാകുന്നു...
തേവലക്കര ബോയ്സ് ഹൈസ്കൂളിന് സമീപത്തെ വൈദ്യുതി ലൈനിൽനിന്ന് ഷോക്കേറ്റ് നമ്മെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ട എട്ടാം ക്ലാസ്സുകാരൻ മിഥുൻ്റെ വിയോഗം ഇന്നും ഉണങ്ങാത്ത മുറിവാണ്. സ്കൂൾ മുറ്റത്തെ കളിചിരികൾക്കിടയിൽ അപ്രതീക്ഷിതമായി എത്തിയ മരണം ആ കുരുന്നിനെ തട്ടിയെടുത്തപ്പോൾ, വിറങ്ങലിച്ചു നിൽക്കാനേ നമുക്ക് സാധിച്ചുള്ളൂ.
മിഥുൻ തൻ്റെ കുടിലിൻ്റെ ചുവരിൽ വരച്ചുചേർത്ത വലിയൊരു സ്വപ്നമായിരുന്നു ഒരു നല്ല വീട്. ഇന്ന് അവൻ്റെ ആ സ്വപ്നം 'മിഥുൻ ഭവനം' എന്ന പേരിൽ തലയുയർത്തി നിൽക്കുന്നു. പക്ഷേ, ആ മനോഹരമായ വീടിൻ്റെ ഉമ്മറത്ത് മിഥുനില്ല എന്ന വേദന നമ്മെയെല്ലാം വേട്ടയാടുന്നുണ്ട്. മിഥുൻ്റെ ആഗ്രഹം സഫലമാക്കാൻ മുന്നിട്ടിറങ്ങിയ കേരള സ്റ്റേറ്റ് ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സിനെ ഞാൻ ഹൃദയപൂർവ്വം അഭിനന്ദിക്കുന്നു. കുട്ടികളിൽ നിന്ന് ഒരു രൂപ പോലും പിരിക്കാതെ, വെറും ആറുമാസം കൊണ്ട് 1000 സ്ക്വയർ ഫീറ്റിൽ 20 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ വീട് പണിതീർത്തത്. ഇത് അങ്ങേയറ്റം മാതൃകാപരമായ പ്രവർത്തനമാണ്. മിഥുൻ്റെ കുടുംബത്തിനുള്ള ഈ സ്നേഹവീടിൻ്റെ താക്കോൽദാനം ഇന്ന് നിർവഹിക്കും.മിഥുൻ്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിക്കുന്നു.
https://www.facebook.com/Malayalivartha























