ഭാവന നായികയായെത്തുന്ന 'അനോമി' ട്രെയ്‌ലര്‍ പുറത്ത്

ഭാവന റഹ്മാന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി റിയാസ് മാരത്ത് സംവിധാനം ചെയ്യുന്ന 'അനോമി' ട്രെയ്‌ലര്‍ പുറത്ത്. ഫെബ്രുവരി 6 മുതലാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. ഒരു സാധാരണ കുറ്റാന്വേഷണ സിനിമ എന്നതിലുപരി, പാരലല്‍ അന്വേഷണത്തിന്റെ സാധ്യതകളെ ഏറ്റവും ക്രിയേറ്റീവായി ഉപയോഗപ്പെടുത്തിയ സിനിമ കൂടിയായിരിക്കും 'അനോമി'. വൈകാരികമായി ഏറെ ആഴമുള്ള 'സാറ' എന്ന ഫോറന്‍സിക് അനലിസ്റ്റ് കഥാപാത്രമായാണ് ഭാവന ഈ ചിത്രത്തില്‍ എത്തുന്നത്.
മിസ്റ്ററി ത്രില്ലര്‍ ഗണത്തില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ മറ്റൊരു പ്രധാന വേഷത്തില്‍ എത്തുന്നത് റഹ്മാന്‍ ആണ്. 'ധ്രുവങ്ങള്‍ 16' ഉള്‍പ്പെടെയുള്ള ചിത്രങ്ങളിലെ ശ്രദ്ധേയമായ കുറ്റാന്വേഷണ വേഷങ്ങള്‍ക്ക് ശേഷം, മലയാളത്തില്‍ വീണ്ടും ഒരു കരുത്തുറ്റ ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസറായി റഹ്മാന്‍ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ബിനു പപ്പു, വിഷ്ണു അഗസ്ത്യ, അര്‍ജുന്‍ ലാല്‍, ഷെബിന്‍ ബെന്‍സണ്‍, ദൃശ്യ രഘുനാഥ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നു.
ഗുല്‍ഷന്‍ കുമാര്‍, ഭൂഷണ്‍ കുമാര്‍, ടി സീരീസ് ഫിലിംസ്, പനോരമ സ്റ്റുഡിയോസ് എന്നിവര്‍ അവതരിപ്പിക്കുന്ന ചിത്രം നിര്‍മ്മിക്കുന്നത് കുമാര്‍ മംഗത് പഥക്, അഭിഷേക് പഥക് എന്നിവരാണ്. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ.റോയ് സി.ജെ, ബ്ലിറ്റ്‌സ്‌ക്രീഗ് ഫിലിംസ്, എ.പി.കെ സിനിമ എന്നിവരും ഭാവന ഫിലിം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ നടി ഭാവനയും നിര്‍മ്മാണ പങ്കാളിയാണ്.
ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെട്ട 'അനിമല്‍', 'അര്‍ജുന്‍ റെഡ്ഡി' എന്നീ ചിത്രങ്ങളുടെ സംഗീത സംവിധായകന്‍ ഹര്‍ഷവര്‍ദ്ധന്‍ രാമേശ്വര്‍ ആണ് 'അനോമി'ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. ഛായാഗ്രഹണ വിഭാഗം സുജിത് സാരംഗും, ചിത്രസംയോജനം കിരണ്‍ ദാസും നിര്‍വഹിക്കുന്നു. ആക്ഷന്‍ ഡയറക്റ്റര്‍: ആക്ഷന്‍ സന്തോഷ്, വസ്ത്രാലങ്കാരം: സമീറ സനീഷ്, പബ്ലിസിറ്റി ഡിസൈന്‍സ്: യെല്ലോടൂത്ത്.
https://www.facebook.com/Malayalivartha























