ദുബായ് പാർട്ടിയും സിനിമാ ബന്ധങ്ങളും; സി.ജെ റോയിയുടെ മരണത്തിൽ ഐടി വകുപ്പിന് മൗനം; ചോദ്യങ്ങളുയർത്തി കുടുംബം...

സി.ജെ. റോയിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ ആസ്ഥാനം ബെംഗളൂരുവായിട്ടും, കർണാടകയിലെ ഐടി വിഭാഗത്തെ ഒഴിവാക്കി കൊച്ചിയിലെ ആദായനികുതി യൂണിറ്റ് പരിശോധനയ്ക്ക് എത്തിയതാണ് പ്രധാന സംശയങ്ങൾക്ക് വഴിവെക്കുന്നത്. മൂന്ന് ദിവസമായി നീണ്ടുനിന്ന റെയ്ഡിൽ ഉദ്യോഗസ്ഥർ റോയിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കിയെന്ന് കുടുംബം ആരോപിക്കുന്നു. മരണശേഷം ഇതുവരെ ഔദ്യോഗികമായ ഒരു പ്രതികരണവും നൽകാൻ ആദായനികുതി വകുപ്പ് തയ്യാറായിട്ടില്ല. റെയ്ഡിൽ കണ്ടെത്തിയ വിവരങ്ങളോ, എന്തിനാണ് കൊച്ചിയിൽ നിന്നുള്ള സംഘം നേരിട്ടെത്തിയത് എന്നോ വ്യക്തമാക്കാൻ അധികൃതർ വിസമ്മതിക്കുന്നു.
സ്വന്തം ഓഫിസ് മുറിക്കുള്ളിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയ റോയിയെ ഉടൻ തന്നെ മല്ല്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അദ്ദേഹത്തിന്റെ ലൈസൻസുള്ള തോക്കിൽ നിന്നാണ് വെടിയേറ്റതെന്നാണ് പ്രാഥമിക നിഗമനം. മരണസമയത്ത് ഐടി ഉദ്യോഗസ്ഥർ ഓഫിസിന്റെ മറ്റ് ഭാഗങ്ങളിൽ പരിശോധന നടത്തുകയായിരുന്നു. ദുബായിലെ റോയിയുടെ ബിസിനസ് ഇടപാടുകളെ ഐടി വകുപ്പ് സംശയത്തോടെയായിരുന്നു കണ്ടത്. ബിസിനസ് ദുബായിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം നവംബറില്‍ ദുബായിലൊരു വമ്പന്‍ പാര്‍ട്ടി റോയ് സംഘടിപ്പിച്ചിരുന്നു.
മലയാള സിനിമാപ്രവര്‍ത്തകര്‍ ഉൾപ്പെടെ ഈ പാര്‍ട്ടിയില്‍ പങ്കാളികളായി. എന്നാല്‍ പാര്‍ട്ടിക്കു പിന്നാലെ പങ്കെടുത്ത പലരെയും ആദായ നികുതി വകുപ്പും കേന്ദ്ര സാമ്പത്തിക കുറ്റാന്വേഷണ ഏജൻസികളും നിരീക്ഷണത്തിലാക്കിയിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെയെല്ലാം അടിസ്ഥാനത്തില്‍ റോയിയുമായി അടുപ്പമുള്ള ചിലരെ ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. കോൺഫിഡന്റ് ഗ്രൂപ്പിന്റെ കേരളത്തിലെ റിയൽ എസ്റ്റേറ്റ് പദ്ധതികൾക്കു വേണ്ടി സ്ഥലം വിട്ടുകൊടുത്തു നിർമാണത്തിനു കാത്തിരുന്നവർ പലരും റോയിയുടെ മരണത്തോടെ ആശങ്കയിലായി. കേരളത്തിലെ പദ്ധതികൾക്കു വേണ്ടി ദുബായിൽനിന്നു നിക്ഷേപകരെ കണ്ടെത്താനുള്ള ശ്രമങ്ങളും റോയ് നടത്തിയിരുന്നു.
അതേസ്വയം റോയ് സ്വയം വെടിവെച്ച് ജീവനൊടുക്കിയത് ആദായനികുതി ഉദ്യോഗസ്ഥരുടെ സമ്മര്‍ദം കാരണമാണെന്ന് സഹോദരന്‍ സി.ജെ.ബാബു ആരോപിക്കുന്നു. ഓഫിസിൽ അദ്ദേഹത്തെ തടഞ്ഞുവച്ചെന്നും ഉദ്യോഗസ്ഥർ സമ്മർദത്തിലാക്കിയതിനെത്തുടർന്നാണു ജീവനൊടുക്കിയതെന്നും ലീഗൽ അഡ്വൈസർ പ്രകാശ് ആരോപിച്ചു.
https://www.facebook.com/Malayalivartha























