ക്രിമിനല്‍ കേസുകളെക്കുറിച്ചുള്ള വിവരം മറച്ച് വെയ്ക്കുന്നവരുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് സുപ്രീംകോടതി

ക്രിമിനല്‍ കേസുകളെക്കുറിച്ചുള്ള വിവരം നാമനിര്‍ദേശപത്രികയില്‍നിന്ന് മറച്ചുവെക്കുന്നവരുടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് സുപ്രീംകോടതി വിധിച്ചു. തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലെ തെക്കുംപട്ടി പഞ്ചായത്ത് പ്രസിഡന്റിന്റെ തിരഞ്ഞെടുപ്പ് അസാധുവാക്കിയ ഹൈക്കോടതിവിധി ശരിവെച്ചാണ് ജസ്റ്റിസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി. പന്ത് എന്നിവരടങ്ങിയ ബെഞ്ചിന്റെ വിധി.
മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെപ്പറ്റിയുള്ള വിവരങ്ങള്‍ അറിയാന്‍ വോട്ടര്‍ക്ക് അവകാശമുണ്ട്. സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പിന് അത് അത്യന്താപേക്ഷിതമാണ്. ജനാധിപത്യത്തില്‍ രാഷ്ട്രീയത്തിലെ ക്രിമിനല്‍വത്കരണം തീര്‍ത്തും ഖേദകരമാണന്ന് രണ്ടംഗബെഞ്ച് അഭിപ്രായപ്പെട്ടു.
വിചാരണ നേരിടുന്ന ക്രിമിനില്‍ കേസുകളെപ്പറ്റിയുള്ള വിവരങ്ങള്‍ മറച്ചുവെച്ചുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു തിരഞ്ഞെടുപ്പ് കേസ്.ഗുരുതരമായ കുറ്റങ്ങള്‍, അഴിമതി, അസാന്മാര്‍ഗികപ്രവര്‍ത്തനങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട കേസുകള്‍ പത്രിക സമര്‍പ്പിക്കുമ്പോള്‍ വെളിപ്പെടുത്തേണ്ടത് നിയമപരമായി നിര്‍ബന്ധമാണെന്ന് കോടതി വ്യക്തമാക്കി. ഇവ മറച്ചുവെക്കുന്നത് സ്വതന്ത്രമായി വോട്ടവകാശം വിനിയോഗിക്കാനുള്ള അവകാശത്തിലുള്ള അനാവശ്യ ഇടപെടലാണെന്നും ജനപ്രാതിനിധ്യ നിയമത്തിലെ 100(1) ബി പ്രകാരം റദ്ദാക്കേണ്ടതാണെന്നും കോടതി വിധിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























