ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം; ഡല്‍ഹി, കൊല്‍ക്കത്തയും മുംബൈയും ആദ്യ പത്തില്‍

സ്വകാര്യ കാലാവസ്ഥാ പ്രവചന ഏജന്‍സി സ്‌കൈമെറ്റിന്റെ റിപ്പോര്‍ട്ട് പ്രകാരം ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരം ഡല്‍ഹിയാണ്. ഇവരുടെ കണക്കനുസരിച്ചു തലസ്ഥാനത്തെ വായു ഗുണ നിലവാര സൂചിക (എക്യുഐ) 527. എക്യുഐ 161 ഉള്ള കൊല്‍ക്കത്ത പട്ടികയില്‍ അഞ്ചാം സ്ഥാനത്തും എക്യുഐ 153 ഉള്ള മുംബൈ ഒന്‍പതാം സ്ഥാനത്തുമാണ്. പാക്കിസ്ഥാനിലെ ലഹോറാണ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത്- എക്യുഐ 234. പാക്കിസ്ഥാനു പുറമെ, ചൈന, വിയറ്റ്‌നാം, നേപ്പാള്‍ എന്നീ രാജ്യങ്ങളിലെ നഗരങ്ങളും ഇതിലുണ്ട്.
സ്‌കൈമെറ്റ് വെള്ളിയാഴ്ച വൈകിട്ട് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പറയുന്നത് ഒന്‍പതു ദിവസമായി തലസ്ഥാനത്തെ എക്യുഐ അപകടകരമാണെന്നാണ്. ഡല്‍ഹിക്കു സമീപത്തെ പ്രദേശങ്ങളിലും വായുവിന്റെ ഗുണനിലവാരം വളരെ മോശമാണ്. ലോധി റോഡില്‍ 660, ഫരീദാബാദില്‍ 708, പശ്ചിംവിഹാറില്‍ 629 എന്നിങ്ങനെയാണ് എക്യുഐ രേഖപ്പെടുത്തിയത്. ഐക്യു എയര്‍ വിഷ്വലിന്റെ തത്സമയ വായു നിലവാര റാങ്കിങ് റിപ്പോര്‍ട്ടിന്, രണ്ടാഴ്ച കഴിഞ്ഞാണ് അപകടകരമായ ഇപ്പോഴത്തെ വെളിപ്പെടുത്തലുകള്‍.
പരിസ്ഥിതി മലിനീകരണ നിയന്ത്രണ അതോറിറ്റി (ഇപിസിഎ) മലിനീകരണ തീവ്രതയെ തുടര്‍ന്ന് വ്യാഴാഴ്ച സ്‌കൂളുകളും ശുദ്ധമായ ഇന്ധനങ്ങളില്‍ പ്രവര്‍ത്തിക്കാത്ത എല്ലാ വ്യവസായങ്ങളും രണ്ടു ദിവസത്തേക്ക് അടച്ചുപൂട്ടാന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഡല്‍ഹിയിലെയും സമീപ പ്രദേശങ്ങളിലെയും വായുവിന്റെ ഗുണനിലവാരം ദീപാവലി വാരാന്ത്യം മുതല്‍ ക്രമാനുഗതമായി വഷളായിക്കൊണ്ടിരിക്കുകയാണ്. അയല്‍ സംസ്ഥാനങ്ങളായ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ വിള അവശിഷ്ടം കത്തിക്കുന്നതാണ് മലിനീകരണത്തിന് കാരണമെന്ന് ഡല്‍ഹി ആരോപിക്കുന്നു.
കഴിഞ്ഞ മാസം മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ഡല്‍ഹിയെ ഗ്യാസ് ചേംബര്‍ എന്നാണു വിശേഷിപ്പിച്ചത്. പ്രശ്നപരിഹാരത്തിനായി സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രവും ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഉത്തരവിട്ട സുപ്രീംകോടതി, കേജ്രിവാള്‍ സര്‍ക്കാരിനെ ശാസിക്കുകയും ചെയ്തു. നവംബര്‍ നാലു മുതല്‍ 15 വരെ ഇരുചക്ര വാഹന നിയന്ത്രണം വീണ്ടും അവതരിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല. സംരംഭത്തിന്റെ ഫലപ്രാപ്തിയെ കോടതിയും ചോദ്യം ചെയ്തിരുന്നു.
https://www.facebook.com/Malayalivartha























