സി-295, ആ മിടുക്കനും ഉടന്‍ വ്യോമസേനയില്‍;മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടാറ്റയും എയര്‍ബസും വ്യോമസേനയ്ക്കുവേണ്ടി ചെറു വിമാനങ്ങള്‍ നിര്‍മിക്കും

മെയ്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടാറ്റയും എയര്‍ബസും വ്യോമസേനയ്ക്കുവേണ്ടി ചെറു വിമാനങ്ങള്‍ നിര്‍മിക്കും. സി-295 വിമാനങ്ങളാണ് ടാറ്റയും എയര്‍ബസും ചേര്‍ന്ന് ഇന്ത്യയ്ക്കായി നിര്‍മിക്കാന്‍ ഒരുങ്ങുന്നത്. വിമാനങ്ങളുടെ ചെലവ് സംബന്ധിച്ചുള്ള ചര്‍ച്ചകള്‍ നടന്നു വരികയാണ് ഇതിന്റെ അടിസ്ഥാനത്തില്‍ തീരുമാനമെടുക്കുമെന്നും പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.
വിമാന നിര്‍മാണവുമായി ബന്ധപ്പെട്ട് കുറച്ച് സാങ്കേതിക പ്രശ്‌നങ്ങള്‍ നിലവിലുണ്ട്. അത് പരിഹരിച്ചശേഷം വിമാനം നിര്‍മിക്കുന്നത് സംബന്ധിച്ച കരാറില്‍ ഏര്‍പ്പെടും. ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ 56 എവിആര്‍ഒ മാറ്റി അവയ്ക്കു പകരമായാണ് പുതിയത് വാങ്ങുന്നത്. ഇതുകൂടാതെ സമുദ്രാതിര്‍ത്തിയിലെ സുരക്ഷ ശക്തമാക്കുന്നതിനായി കോസ്റ്റുഗാര്‍ഡിനായും മൂന്ന് വിമാനങ്ങള്‍ വാങ്ങിക്കുന്നുണ്ട്. 300 കോടി ഡോളര്‍ മുതല്‍ മുടക്കിലാണ് ഈ വിമാനങ്ങള്‍ വാങ്ങുന്നത്.
സാമ്പത്തിക വര്‍ഷം തീരാന്‍ നാലുമാസം മാത്രം അവശേഷിക്കേ ഫണ്ട് ലഭ്യതയ്ക്ക് അനുസരിച്ച് കേന്ദ്രം തീരുമാനമെടുക്കും. ഇത്തരത്തില്‍ പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനുള്ള നിരവധി തീരുമാനങ്ങള്‍ കേന്ദ്രം കൈക്കൊള്ളാന്‍ തീരുമാനിച്ചിട്ടുണ്ട്.
ടാറ്റയും കേന്ദ്ര പ്രതിരോധ മന്ത്രാലയവും തമ്മിലുള്ള കരാറില്‍ അന്തിമ തീരുമാനം എടുത്തശേഷം വിമാനം കൈമാറുന്നതിന്റെ ഒന്നാംഘട്ടം സംബന്ധിച്ച് തീരുമാനിക്കും. ആദ്യഘട്ടത്തില്‍ 16 വിമാനങ്ങള്‍ കൈമാറാനാണ് തീരുമാനിച്ചിരിക്കുന്നത്. മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരമുള്ള വിമാനങ്ങള്‍ ഇന്ത്യന്‍ പ്രതിരോധ ശക്തിയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ എത്തുന്നത് രാജ്യത്തിന് തന്നെ അഭിമാനിക്കാവുന്നതും, ആഗോള തലത്തില്‍ ഇന്ത്യയുടെ പ്രതിരോധ മേഖലയ്ക്ക് കരുത്താര്‍ജ്ജിക്കുന്നതുമാണ്.
https://www.facebook.com/Malayalivartha






















