പരമ്പരാഗത വേഷവും തലപ്പാവും ഇല്ലാതെ രാജ്യസഭയിലെ മാര്‍ഷല്‍മാര്‍

അരനൂറ്റാണ്ട് കാലമായി മാറ്റമില്ലാതിരുന്ന രാജ്യസഭയിലെ മാര്‍ഷല്‍മാരുടെ വേഷം പുതിയ രൂപത്തിലേക്കു മാറി. അതിന്റെ നിറങ്ങള്‍ തെരഞ്ഞെടുത്തതാകട്ടെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവിന്റെ മകള്‍ ദീപ വെങ്കടും.
തലയില്‍ ഉയര്‍ന്നുനില്‍ക്കുന്ന തലപ്പാവും പരമ്പരാഗത ഇന്ത്യന്‍ വേഷമായ ചാരനിറത്തിലുള്ള ബന്ദ്ഘലയുമായിരുന്നു വര്‍ഷങ്ങളായി ഇവരുടെ വേഷം. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിദേശ സന്ദര്‍ശനത്തിന് പോകുമ്പോള്‍ ധരിക്കാറുള്ള വസ്ത്രമാണ് ബന്ദ്ഘല.
ശൈത്യകാലത്തേക്കും വേനല്‍ക്കാലത്തേക്കുമായി രണ്ടുതരം യൂണിഫോമുകളാണ് രാജ്യസഭാ മാര്‍ഷലുകള്‍ക്കായി രൂപകല്പന ചെയ്തിരിക്കുന്നത്. ഇപ്പോള്‍ റോയല്‍ ബ്ലൂ നിറത്തില്‍ സൈനിക വേഷത്തോട് സാമ്യമുള്ള യൂണിഫോമും പീച്ച്കളര്‍ തൊപ്പിയും തോളില്‍ നക്ഷത്രചിഹ്നങ്ങളും ഒക്കെ ആയാണ് വേഷം പരിഷ്‌കരിച്ചിരിക്കുന്നത്.
പുതിയ രൂപത്തിലാക്കിയ യൂണിഫോം ശൈത്യകാലത്ത് നീല നിറത്തിലും വേനല്‍ക്കാലത്ത് വെള്ള നിറത്തിലും അണിഞ്ഞായിരിക്കും ഇനി മാര്‍ഷല്‍മാര്‍ സഭയില്‍ വരിക. വേനല്‍ക്കാലത്തെ വെള്ള യൂണിഫോം നാവിക ഉദ്യോഗസ്ഥരുടെ യൂണിഫോമുമായി സാദൃശ്യമുള്ളതാണ്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈനുമായി ചര്‍ച്ച ചെയ്താണ് പുതിയ വേഷം രൂപകല്പന ചെയ്തത്. ശീതകാല സമ്മേളനത്തിന്റെ ആദ്യദിവസമായ ഇന്നലെയാണ് രാജ്യസഭയിലെ മാര്‍ഷല്‍മാര്‍ അതുവരെ ഉണ്ടായിരുന്ന വെള്ളവേഷം മാറ്റി പട്ടാളവേഷത്തില്‍ എത്തിയത്.
വിവിധ സംസ്ഥാന നിയമസഭകളിലെ മാര്‍ഷലുമാരുടെ യൂണിഫോമുകള്‍ മാതൃകയാക്കിയാണ് രാജ്യസഭാ മാര്‍ഷല്‍മാരുടെ യൂണിഫോമും രൂപകല്പന ചെയ്തത്. ദീര്‍ഘകാലമായി ഇവരുടെ യൂണിഫോമില്‍ മാറ്റം വരുത്തിയിരുന്നില്ല. എന്നാല്‍, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ നിര്‍ദേശ പ്രകാരമാണ് ഇപ്പോള്‍ മാറ്റം വരുത്തിയതെന്ന് അദ്ദേഹത്തിന്റെ മാധ്യമ ഉപദേഷ്ടാവ് എ.എ. റാവു പറഞ്ഞു.
മാര്‍ഷല്‍മാരുടെ യൂണിഫോം മാറ്റുമ്പോള്‍ എന്ത് നിറം തെരഞ്ഞെടുക്കണം എന്ന ചര്‍ച്ച തീരുമാനത്തിലെത്താതെ നീണ്ടു പോയി. ഒടുവില്‍ സഭാധ്യക്ഷന്റെ മകള്‍ ദീപയാണ് വെള്ളയും റോയല്‍ ബ്ലൂ നിറവും തെരഞ്ഞെടുത്തതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സാമ്പത്തിക ശാസ്ത്ര ബിരുദധാരിയായ ദീപ ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വിഷ്ണു മോട്ടോഴ്‌സിന്റെ മാനേജിംഗ് ഡയറക്ടര്‍ ആയിരുന്നു. ഇവര്‍ രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, താന്‍ രാഷ്ട്രീയത്തില്‍ സജീവമാകാനില്ലെന്ന് അവര്‍ തന്നെ പിന്നീട് വ്യക്തമാക്കി. സാമൂഹ്യ പ്രവര്‍ത്തക കൂടിയായ ദീപയ്ക്ക് ജൂണിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിന്റെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha






















