അമ്പലത്തിന് വഴിക്കുവേണ്ടി മുസ്ലിം സഹോദരന്മാര്‍ സ്വന്തം ഭൂമി വിട്ടുനല്‍കി!

ഉത്തര്‍പ്രദേശിലെ ബാരാബങ്കിയില്‍ നിന്ന് പുറത്തുവരുന്നത് 'ജോ റബ് ഹേ, വഹീ റാം ഹേ...' എന്ന വാരിസ് ഷായുടെ സൂഫിവചനം അന്വര്‍ത്ഥമാക്കുന്ന ഒരു പ്രവൃത്തിയാണ്. ഉസ്മാന്‍ സിദ്ധിഖി, സല്‍മാന്‍ സിദ്ധിഖി എന്നിങ്ങനെ രണ്ടു സഹോദരന്മാര്‍, തങ്ങളുടെ ഉടമസ്ഥതയിലുള്ള ഏകദേശം 35 സെന്റോളം വരുന്ന, ലക്ഷങ്ങള്‍ വിലമതിക്കുന്ന, കണ്ണായ ഭൂമി അമ്പലത്തിന്റെ ആവശ്യത്തിനായി വിട്ടുകൊടുത്തിരിക്കുകയാണ്. 'ഭൂയിയാം ബാബ' എന്നറിയപ്പെടുന്ന ദേവതാ സങ്കല്പത്തിന്റെ ഏറെ പ്രാചീനമായ അമ്പലമുണ്ട് ബാരാബങ്കിയില്‍. അവിടേക്കുള്ള വഴി ഏറെ ഇടുങ്ങിയതായിരുന്നു. ആ വഴി ഗതാഗതയോഗ്യമാക്കുന്നതിലേക്കാണ് തങ്ങളുടെ വിലപിടിപ്പുള്ള ഭൂമി, മറ്റൊന്നും തന്നെ ചിന്തിക്കാന്‍ നില്‍ക്കാതെ ഈ സഹോദരര്‍ ദാനമായി നല്‍കിയത്. ക്ഷേത്രത്തിലേക്കുള്ള വഴിയുമായി ബന്ധപ്പെട്ട് വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തര്‍ക്കങ്ങള്‍ക്കാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.
അയോധ്യാ വിധിയുടെ വിഷയത്തില്‍ മുസ്ലിം സംഘടനകള്‍ക്കിടയില്‍പ്പോലും ഒരു ആശയസമന്വയം ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. അങ്ങനെയിരിക്കുമ്പോള്‍, പ്രശ്‌നങ്ങള്‍ എന്നെന്നേക്കുമായി തീരട്ടെ എന്നുകരുതിക്കൊണ്ട്, വഴിക്കുവേണ്ടി അമ്പലത്തിന് ഭൂമിവിട്ടുനല്‍കിയ ബാരാബങ്കിയിലെ ഈ മുസ്ലിം സഹോദരന്മാര്‍ പ്രകടിപ്പിച്ചിരിക്കുന്ന ത്യാഗസന്നദ്ധത, രാഷ്ട്രത്തിനു തന്നെ പിന്തുടരാവുന്ന ഒരു മാതൃകയാണ്.
ഉത്തര്‍പ്രദേശിലെ ക്ഷേത്രനഗരമായ അയോധ്യയോട് തൊട്ടുകിടക്കുന്ന ജില്ലയാണ് ബാരാബങ്കി. സഹോദരന്മാര്‍ ഇരുവരെയും അഭിനന്ദനങ്ങള്‍ കൊണ്ട് മൂടുകയാണ് നാട്ടുകാര്‍. ഇത്രയും കാലമായി വെളിച്ചമുള്ള ഒരു റോഡ് ഈ അമ്പലത്തിലേക്ക് ഇല്ലായിരുന്നു. വയലുകളും മറ്റും കയറിയിറങ്ങി വളഞ്ഞുചുറ്റിയായിരുന്നു, അമ്പലത്തിലെത്തിച്ചേരാനും തിരിച്ചുമുള്ള യാത്രകള്‍. അത് ഏറെ അപകടങ്ങള്‍ക്ക് സാധ്യതയുള്ള ഒന്നായിരുന്നു. പാമ്പുകടിയും മറ്റും ഇടയ്ക്കിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. ഇപ്പോള്‍ നേരിട്ടൊരു വഴി ഈ ഭൂമിദാനത്തിലൂടെ പണിഞ്ഞു കഴിയുമ്പോള്‍ ആ യാത്രകളൊക്കെ എളുപ്പമാകുമെന്ന് അമ്പലക്കമ്മിറ്റിക്കാര്‍ പറഞ്ഞു. ഭൂമി ദാനം ചെയ്ത സിദ്ധിഖി സഹോദരങ്ങളോടുള്ള തങ്ങളുടെ ഹൃദയം നിറഞ്ഞ നന്ദിയും 'ഭൂയിയാം ബാബ' ക്ഷേത്രസമിതിക്കാര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha






















