ഗൃഹനാഥന് മുന്നിലൂടെ പുള്ളിപ്പുലി ഓടി വീട്ടില്‍ക്കയറി...

മഹാരാഷ്ട്രയിലെ അഹമ്മദ് നഗര്‍ ജില്ലയിലെ പര്‍നേര്‍ എന്ന സ്ഥലത്തെ ഒരു വീട്ടില്‍ ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരം ആറുമണിയോടുകൂടി ഗൃഹനാഥനായ ദിലീപ് ജഗ്തപ് എന്ന 45-കാരന് നേരിടേണ്ടിവന്നത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വെല്ലുവിളി ആയിരുന്നു.
വീട്ടുകാരന്‍ പോര്‍ട്ടിക്കോയില്‍ വിശ്രമിക്കുമ്പോള്‍ അവരുടെ വളര്‍ത്തുനായ അതിവേഗത്തില്‍ വീട്ടിനുള്ളിലേക്ക് ഓടിക്കയറി. എന്നാല്‍ അതിനു പിന്നാലെ വീടിനുള്ളിലേക്ക് ഓടിക്കയറിയ ആളെ കണ്ട് ജഗ്തപിന് ശ്വാസം നിലച്ചുപോയതുപോലെയായി! ഒരു പുള്ളിപ്പുലിയാണ് വളര്‍ത്തുനായയ്ക്കു പിന്നാലെ വീടിനുള്ളിലേക്ക് കയറിയത്.
വളര്‍ത്തുനായ പിന്‍വാതിലിലൂടെ പുറത്തുപോയെങ്കിലും തന്റെ വീടിനുള്ളിലുള്ള മറ്റ് അഞ്ചുപേരുടെ സുരക്ഷ എങ്ങനെ ഉറപ്പാക്കുമെന്ന് ചിന്തിക്കുകയായിരുന്നു ജഗ്തപ്. ഭാഗ്യത്തിന് പുലി ഒരു മുറിക്കുള്ളില്‍ കുടുങ്ങിപ്പോയിരുന്നു. ആ നേരം കൊണ്ട് അയാള്‍ പുറത്തുനിന്നും ആ വാതിലടച്ച് കുറ്റിയിട്ടു. തുടര്‍ന്ന് ഭാര്യയേയും രണ്ട് പെണ്‍മക്കളേയും മറ്റ് രണ്ടു ബന്ധുക്കളേയും വിളിച്ച് പുറത്തിറക്കി.

തുടര്‍ന്ന് വനംവകുപ്പ് അധികൃതരേയും എസ്ഒഎസ് അധികൃതരേയും വിവരമറിയിച്ചു. അവരെത്തുമ്പോള്‍ വീടിന് സമീപം ആളുകള്‍ തിങ്ങി നിറഞ്ഞിരുന്നു.
കിടപ്പുമുറിയില്‍ അടച്ചിട്ടിരുന്ന പുള്ളിപുലിയെ മയക്കുവെടി വച്ചാണ് പിടികൂടിയത്.
രക്ഷാപ്രവര്‍ത്തകരെത്തി ജനാലയിലൂടെ നോക്കുമ്പോള്‍ പുലി മുറിക്കുള്ളിലെ മേശയില്‍ കയറിയിരിക്കുകയായിരുന്നു.

രക്ഷാപ്രവര്‍ത്തനം മൂന്ന് മണിക്കൂറോളം നീണ്ടു. ഇതിനെ പിന്നീട് വിദഗ്ദ്ധ പരിശോധനയ്ക്കായി സംരക്ഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. ഏകദേശം 4 വയസ്സോളം പ്രായമുള്ള ആണ്‍ പുള്ളിപ്പുലിയാണ് പിടിയിലായത്. പരിശോധനകള്‍ക്ക് ശേഷം പുള്ളിപ്പുലിയെ വനത്തിനുള്ളില്‍ കൊണ്ടുപോയി തുറന്നുവിടാനാണു തീരുമാനം.
https://www.facebook.com/Malayalivartha
























