മൂന്നു വയസ്സുകാരി കൊച്ചുമകള്‍ വീട്ടിലേക്ക് ഫോണ്‍ ചെയ്ത മുത്തച്ഛനോട് പറഞ്ഞത്, മമ്മിയും ഡാഡിയും മരിച്ചുകിടക്കുന്നു, എനിക്ക് വിശന്നിട്ട് വയ്യ...

മധ്യപ്രദേശിലെ ഭോപ്പാലില്‍ തന്റെ മകളുടെ വീട്ടിലെ വിശേഷങ്ങളറിയാന്‍ ഫോണ്‍ വിളിച്ച അച്ഛന്‍, അങ്ങേത്തലയ്ക്കല്‍ നിന്നും കേട്ട വിവരങ്ങളറിഞ്ഞ് ഞെട്ടിപ്പോയി. അയാളുടെ മകളുടെ മൂന്നുവയസ്സുകാരി മകളാണ് ഫോണെടുത്തത്. അവള്‍ മുത്തച്ഛനോട് പറഞ്ഞത് ഇങ്ങനെയാണ്, 'മമ്മിയും ഡാഡിയും മരിച്ചുകിടക്കുന്നു, എനിക്ക് വിശന്നിട്ട് വയ്യ, മുത്തച്ഛന്‍ ഒന്ന് വേഗം വരൂ'...!
കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ കൊന്ന് ഭര്‍ത്താവ് ആത്മഹത്യ ചെയ്തപ്പോള്‍ ഇവരുടെ മൂന്നു വയസ്സുള്ള മകള്‍ മൃതദേഹങ്ങള്‍ക്കൊപ്പം കഴിഞ്ഞത് 11 മണിക്കൂര്‍. വിശന്ന് വലഞ്ഞ കുഞ്ഞ് പുറംലോകവുമായി ബന്ധപ്പെടാന്‍ ഒരു മാര്‍ഗവുമില്ലാതെ ഇരിക്കുമ്പോഴാണ് മുത്തച്ഛന്റെ പതിവ് വിളിയെത്തിയത്.
സത്യേന്ദ്ര ഭഡോരിയ, ഭാര്യ അന്‍ഷു എന്നിവരാണ് മരിച്ചത്. ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം സത്യേന്ദ്ര ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. കിടപ്പുമുറിയിലാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ച രാത്രിയാണ് ഇവര്‍ മരിച്ചതെന്ന് കരുതുന്നു.
കൊച്ചുമകളില്‍ നിന്നും വിവരം ലഭ്യമായതിനെ തുടര്‍ന്ന് പോലീസിനെയും കൂട്ടി വീട്ടിലെത്തിയ മുത്തച്ഛന്‍ കാണുന്നത് കരഞ്ഞുകൊണ്ടിരിക്കുന്ന കുട്ടിയേയും കിടപ്പുമുറിയില്‍ മരിച്ചുകിടക്കുന്ന മകളേയും മരുമകനേയുമാണ്. മമ്മിയും ഡാഡിയും തമ്മില്‍ വഴക്കുണ്ടായെന്നും വെടിവച്ചുവെന്നുമാണ് കുഞ്ഞ് ബന്ധുക്കളോട് പറയുന്നത്. എന്നാല്‍ ദമ്പതികള്‍ തമ്മില്‍ മുന്‍പ് വഴക്കൊന്നും ഉണ്ടായിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.
മുമ്പ് മാതാപിതാക്കള്‍ക്കൊപ്പമാണ് സത്യേന്ദ്രയും കുടുംബവും കഴിഞ്ഞിരുന്നത്. ഇയാളുടെ രണ്ട് സഹോദരന്മാരും സൈന്യത്തിലാണ്. പിതാവ് വിരമിച്ച സൈനിക ഉദ്യോഗസ്ഥനുമാണ്. ജോലിയൊന്നുമില്ലാത്ത സത്യേന്ദ്രയ്ക്ക് അടുത്തിടെ പിതാവ് ഒരു വീടും സ്ഥലവും കാറും വാങ്ങി നല്‍കിയിരുന്നു. അവിടേക്ക് ഇവര്‍ താമസം മാറ്റുകയും ചെയ്തിരുന്നു. വരുമാനമൊന്നുമില്ലാത്ത സത്യേന്ദ്ര സഹോദരന്മാരുടെ എ.ടി.എം കാര്‍ഡുപയോഗിച്ചാണ് പണമെടുത്തിരുന്നത്.
അകന്ന ബന്ധുവിന്റെ വിവാഹത്തിന് ക്ഷണിച്ച രീതി ശരിയായില്ലെന്നും അതിനാല്‍ പോകേണ്ടെന്നും സത്യേന്ദ്ര നിലപാട് എടുത്തപ്പോള്‍ ഇത് ഭാര്യ അംഗീകരിക്കാതിരുന്നതിനെ ചൊല്ലി സത്യേന്ദ്ര ഭാര്യയുമായി വഴക്കിട്ടുവെന്നാണ് സൂചന. ഇത് വഴക്കിലും കൊലപാതകത്തിലും കലാശിച്ചെന്നാണ് ബന്ധുക്കളുടെ സംശയം.
ഞായറാഴ്ച രാവിലെ 11 മണിയോടെ അന്‍ഷുവിന്റെ പിതാവ് അഭയ് സിംഗ് ഭഡോരിയ ഫോണ്‍വിളിക്കുന്നതുവരെ സംഭവം പുറംലോകമറിയാതിരുന്നത് ഇവരുടെ വീട് ഒറ്റപ്പെട്ട സ്ഥലത്തായിരുന്നതിനാല്‍ ആണെന്ന് പോലീസ് പറയുന്നു. അതുവരെ കുട്ടി മൃതദേഹങ്ങള്‍ക്കൊപ്പം വിശന്നിരിക്കുകയായിരുന്നു. ഫോണ്‍ എടുത്തയുടന്‍ മുത്തച്ഛാ, അമ്മ മരിച്ചുകിടക്കുകയാണെന്നാണ് അവള്‍ മറുപടി പറഞ്ഞത്. ഞെട്ടിപ്പോയ അഭയ് സിംഗ് ഫോണ്‍ ഡാഡിക്ക് കൊടുക്കാന്‍ പറഞ്ഞു. ഡാഡിയും മരിച്ചുകിടക്കുകയാണ്. എനിക്ക് വിശന്നിട്ട് വയ്യ, മുത്തച്ഛന്‍ ഒന്ന് വേഗം വരുമോ? എന്നാണ് അവള്‍ ചോദിച്ചത്.
രണ്ട് കിലോമീറ്റര്‍ അകലെയാണ് അഭയ് സിംഗ് താമസിക്കുന്നത്. പോലീസിനെയും ബന്ധുക്കളെയും കൂട്ടി ഇയാള്‍ ഉടന്‍ തന്നെ സത്യേന്ദ്രയുടെ വീട്ടിലെത്തുമ്പോള്‍ ഹാളില്‍ കരഞ്ഞുകൊണ്ടു നില്‍ക്കുന്ന കൊച്ചുമകളെയും കിടപ്പുമുറിയില്‍ മരിച്ചുകിടക്കുന്ന മകനേയും മരുമകളേയും ആയിരുന്നു.
https://www.facebook.com/Malayalivartha
























