ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്നേക്ക് 27 വര്‍ഷം ... അയോദ്ധ്യാ കേസിലെ വിധിക്ക് ശേഷമുള്ള ആദ്യത്തെ ഡിസംബര്‍ ആറ്, രാജ്യമെങ്ങും സുരക്ഷ ശക്തം

ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടിട്ട് ഇന്നേക്ക് 27 വര്‍ഷം തികയുന്നു. 1992 ഡിസംബര്‍ ആറിനാണ് നൂറ്റാണ്ടുകള്‍ പഴക്കമുള്ള ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടത്. ഉത്തര്‍പ്രദേശില്‍ ഡിസംബര്‍ ആറിനോടനുബന്ധിച്ച് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. അയോദ്ധ്യാ കേസിലെ വിധിക്ക് ശേഷമുള്ള ആദ്യത്തെ ഡിസംബര്‍ ആറാണ് ഇന്ന്. രാജ്യമെങ്ങും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ക്രമസമാധാന പാലനത്തിനുള്ള എല്ലാ നടപടികളും സ്വീകരിച്ചതായി മുസാഫര്‍നഗര്‍ ജില്ലാ മജിസ്ട്രേറ്റ് സെല്‍വ കുമാരി ജെ പറഞ്ഞു.ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാന്‍ ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം നിര്‍ദേശം നല്‍കിയിരുന്നു.
രാംജന്മഭൂമി തര്‍ക്കത്തില്‍ സുപ്രീംകോടതി വിധി പ്രഖ്യാപിച്ച നവംബര്‍ ഒന്‍പതിന് നടപ്പിലാക്കിയ സമാനമായ സുരക്ഷാ ക്രമീകരണമാണ് സംസ്ഥാനത്ത് ഒരുക്കിയിട്ടുള്ളതെന്ന് മുതിര്‍ന്ന ഡിജിപി പി വി രാമസ്വാമി പറഞ്ഞു. അയോധ്യാ ക്ഷേത്ര പരിസരത്തും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ജില്ലയെ നാല് മേഖലകളായി വിഭജിച്ചാണ് പ്രത്യേക സുരക്ഷ ഒരുക്കിയത്. ഓരോ സോണും ഓരോ എസ്പിമാര്‍ക്കാണ് ചുമതല നല്‍കിയിരിക്കുന്നത്. പ്രശ്ന ബാധിത പ്രദേശങ്ങളില്‍ 269 പോലീസ് പിക്കറ്റ് സ്ഥാപിച്ചിട്ടുണ്ട്. ക്രമസമാധാന നില തകര്‍ക്കുന്നതോ, മതസൗഹാര്‍ദം നശിപ്പിക്കുന്നതുമായ യാതൊരു പ്രവൃത്തിയും അനുവദിക്കില്ലെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.
https://www.facebook.com/Malayalivartha























