ഏറ്റുമുട്ടലിന് കൈയടി, രാജ്യത്തെ നിയമങ്ങളെ ജനങ്ങൾ അവിശ്വസിക്കുന്നു; ഹൈദരാബാദിൽ മൃഗ ഡോക്ടറെ ബലാൽസംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടൽ കൊലപാതകം എന്ന പേരിൽ പോലീസ് കൊന്നു കളഞ്ഞതോടെ തെളിയുന്നത് രാജ്യത്തെ നിയമസംവിധാനങ്ങളോടുള്ള വിശ്വാസകുറവ്

ഹൈദരാബാദിൽ മൃഗ ഡോക്ടറെ ബലാൽസംഗം ചെയ്ത ശേഷം കൊലപ്പെടുത്തിയ കേസിലെ നാലു പ്രതികളെ ഏറ്റുമുട്ടൽ കൊലപാതകം എന്ന പേരിൽ പോലീസ് കൊന്നു കളഞ്ഞതോടെ തെളിയുന്നത് രാജ്യത്തെ നിയമസംവിധാനങ്ങളോടുള്ള വിശ്വാസകുറവാണ്. അതി ഭീകര കുറ്റകൃത്യങ്ങളിൽ രാജ്യത്ത് ശിക്ഷിക്കപ്പെടുന്ന കേസുകളുടെ എണ്ണക്കുറവാണ് ഏറ്റുമുട്ടൽ കൊലപാതകങ്ങൾ വർധിക്കുവാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പോലീസ് കൃത്യമായി കേസ് അന്വേഷിച്ചാലും കുറ്റവാളികൾ രക്ഷപ്പെടുന്ന സംഭവങ്ങൾ രാജ്യത്ത് പെരുകി വരികയാണ്. ഒരാൾ പ്രതിയാണെന്ന് പോലീസ് മനസിലാക്കുന്നത് അതിന്റെ ശാസ്ത്രീയ വശങ്ങൾ പരിശോധിച്ചാണ്. എന്നാൽ കോടതി അയാളെ വെറുതെവിടുന്നു. ബുദ്ധിമുട്ടി പിടികൂടിയാലും കുറ്റവാളി രക്ഷപ്പെട്ടുമെന്ന് കാണുമ്പോഴാണ് അയാളെ വെടിവച്ച് കൊല്ലാൻ പോലീസ് തീരുമാനിക്കുന്നത്. ഇത്തരം കേസുകളിൽ വിചാരണ നടത്തി ശിക്ഷ നടപ്പിലാക്കേണ്ട ന്യായാധിപന്റെ റോളാണ് പോലീസ് ഏറ്റെടുക്കുന്നത്. കോടതികളിൽ എത്തുന്നതിന് മുമ്പ് തീർപ്പാക്കുന്ന കേസുകളെയാണ് ഏറ്റു മുട്ടൽ അഥവാ എൻക്വണ്ടർ എന്ന് വിളിക്കുന്നത്. നിയമത്തിന് അകത്ത് നിന്നാണ് ഇത്തരം കേസുകളിൽ പോലീസ് പ്രവർത്തിക്കുന്നത്. പ്രതിയുടെ കൈയിൽ തോക്ക് കൊടുത്ത ശേഷം ഓടാൻ പറഞ്ഞ് വെടിവച്ചു കൊല്ലും.
തമിഴ്, തെലുങ്ക് സിനിമകളിൽ ജനങ്ങൾ കൈയടിക്കുന്ന സീനുകളാണ് ഇത്. രാജ്യത്തിന്റെ പ്രത്യേക സാഹചര്യത്തിൽ കോടതികളെ ജനങ്ങൾ വിശ്വസിക്കുന്നില്ല. കുറ്റവാളിക്ക് പണവും സ്വാധീനവും ഉണ്ടെങ്കിൽ അവൻ രക്ഷപ്പെടും എന്നാണ് സാധാരണക്കാരന്റെ വിശ്വാസം. കോടതികളെ കൂടി വിശ്വാസത്തിലെടുത്തു കൊണ്ട് പോലീസ് നടത്തുന്ന ഇത്തരം കൊലപാതകങ്ങളുടെ കൃത്യമായ പ്ലോട്ട് പോലീസ് തന്നെ തയ്യാറാക്കും. ഉദ്യോഗസ്ഥൻ തന്റെ ജോലിയുടെ ഭാഗമായി നടത്തിയ കൊലയാണെന്ന് തെളിയിക്കാൻ ആവശ്യമായ സാക്ഷികളെ വരെ പോലീസ് ഇത്തരം കേസുകളിൽ ഒരുക്കിയിരിക്കും. നാടുമുഴുവൻ ഹൈദരാബാദ് പോലീസിന് കൈയടിക്കുന്നത് ഇതു കൊണ്ടാണ്.
എൻക്വണ്ടർ കേസുകളിൽ പോലീസുകാരെ ശിക്ഷിച്ച ചരിത്രമില്ല. തങ്ങൾക്ക് എതിരായി മാറാൻ സാധ്യതയുള്ള എല്ലാ തെളിവുകളും പോലീസ് നശിപ്പിക്കും. സി സി റ്റി വി ദൃശ്യങ്ങൾ എതിരായി മാറിയാൽ അതും ഇല്ലാതാക്കും. ഇങ്ങനെ കേസിൽ ഉൾപ്പെട്ടെവർക്ക് കോടതി ക്ലീൻ ചിറ്റ് നൽകും. 1983 ബാച്ച് ഐ.പിഎസുകാർ മുംബയിൽ തുടങ്ങിയതാണ് എൻക്വണ്ടറുകൾ. ഇവർ തോക്കുംപിടിച്ച നിൽക്കുന്ന ചിത്രങ്ങൾ വരെ അക്കാലത്ത് ജനങ്ങൾക്ക് ഹരമായിരുന്നു. ഇവയിൽ ചിലത് സിനിമയായി മാറി. നാനാ പടേക്കറിന്റെ അബ് തക്ക് 56 എന്ന ബോളിവുഡ് സിനിമ എൻക്വണ്ടറുകൾക്ക് വീര പരിവേഷം നൽകി.
ദേശീയ മനുഷ്യാവകാശ കമ്മീഷൻ കഴിഞ്ഞ വർഷം പുറത്തുവിട്ട കണക്കിൽ രാജ്യത്ത് നടക്കുന്ന എൻക്വണ്ടർ കൊലപാതങ്ങളിൽ പകുതിയും വ്യാജമാണെന്ന് പറയുന്നു. കേരളത്തിൽ നടന്ന മാവോയിസ്റ്റ് കൊലപാതങ്ങളും വ്യാജമാണെന്ന് പ്രചരണമുണ്ടായത് ഈ സാഹചര്യത്തിലാണ്.
ഹൈദരാബാദ് എൻക്വണ്ടറിന് നേതൃത്വം നൽകിയ സൈബറാബാദ് കമ്മീഷണർ വി. സി. സജ്ജനാർ നീതി സ്വയം നടപ്പിലാക്കണമെന്ന ചിന്താഗതിക്കാരനാണ്. പ്രതികളെ തെളിവെടുപ്പിന് കൊണ്ടു പോകുന്നതിനിടയിൽ കൊല്ലേണ്ടി വന്നു എന്നാണ് അദ്ദേഹം പറഞ്ഞത്.
കേരളത്തിൽ അവസാനം നടത്തിയ വധശിക്ഷ 1991 ൽ കണ്ണൂർ സെൻട്രൽ ജയിലിൽ റിപ്പർ ചന്ദ്രന്റെതാണ്. പൂജപ്പുര ജയിലിൽ 41 വർഷം മുമ്പാണ് വധശിക്ഷ നടപ്പിലാക്കിയത്. ഗോവിന്ദ ചാമിയെയും ഇതു പോലെ വെടിവച്ച് കൊല്ലണമായിരുന്നു എന്നു വിശ്വസിക്കുന്ന നിരവധി ആളുകൾ ഇവിടെയുണ്ട്.
https://www.facebook.com/Malayalivartha



























