ഡല്‍ഹി റാണി ഝാന്‍സിയിലെ ബാഗ് നിര്‍മാണ ഫാക്ടറി തീപ്പിടിത്തത്തിനെ തുടര്‍ന്ന് കെട്ടിടം ഉടമ അറസ്റ്റില്‍

ഡല്‍ഹിയിലെ റാണി ഝാന്‍സി ഏരിയയില്‍ തീപ്പിടിത്തമുണ്ടായ ബാഗ് നിര്‍മാണ ഫാക്ടറി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടത്തിന്റെ ഉടമ റേഹാനെ ഡല്‍ഹി പോലീസ് അറസ്റ്റു ചെയ്തു. ഇയാളുടെ മാനേജറും അറസ്റ്റിലായി. ഞായറാഴ്ച പുലര്‍ച്ചെ ഉണ്ടായ തീപ്പിടിത്തത്തില്‍ 43 പേര്‍ മരിക്കാനിടയായ സാഹചര്യത്തിലാണിത്. കെട്ടിടം ഉടമയ്‌ക്കെതിരെ ബോധപൂര്‍വമല്ലാത്ത നരഹത്യ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പോലീസ് കേസെടുത്തിരുന്നു.
തിരക്കേറിയ മാര്‍ക്കറ്റിലെ ഇടുങ്ങിയ കെട്ടിടത്തിലാണ് തീപ്പിടിത്തമുണ്ടായ ബാഗ് നിര്‍മാണ ഫാക്ടറി നടത്തിവന്നതെന്ന് പോലീസ് പറഞ്ഞിരുന്നു. 14 നും 20നുമിടെ പ്രായമുള്ളവരാണ് മരിച്ചവരില്‍ അധികവും. ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് ഞായറാഴ്ച പുലര്‍ച്ചെയാണ് തീപ്പിടിത്തമുണ്ടായത്.
ഫാക്ടറിക്കുള്ളില്‍ ഉറങ്ങിക്കിടന്ന ജീവനക്കാരാണ് അപകടത്തില്‍പ്പെട്ടത്. ബിഹാര്‍ അടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് ഉള്ളവരായിരുന്നു ഇവര്‍. നിയമ ലംഘനങ്ങളാണ് അപകടത്തിന്റെ തീവ്രത വര്‍ധിപ്പിച്ചതെന്ന് അഗ്‌നിരക്ഷാ സേനാ വൃത്തങ്ങള്‍ പറഞ്ഞിരുന്നു.
https://www.facebook.com/Malayalivartha
























