വിവേചനപരമായ പൗരത്വ നിയമ ഭേദഗതി സുപ്രീം കോടതി തിരുത്തുമെന്നാണ് കരുതുന്നത്, അന്താരാഷ്ട്ര മനുഷ്യാവകാശ നയങ്ങള്‍ക്കനുസരിച്ച് ഇന്ത്യ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ; പൗരത്വ നിയമഭേദഗതിയില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്... മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനമാണ് നിയമത്തിന്റെ അടിസ്ഥാന സ്വഭാവം; തുറന്നടിച്ച് യു എൻ

കേന്ദ്രസർക്കാർ കൊണ്ടുവന്ന പൗരത്വ നിയമ ഭേദഗതി നിയമം മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനമാണെന്ന് ഐക്യരാഷ്ട്ര സഭ. യുഎന്നിന്റെ മനുഷ്യാവകാശ വിഭാഗമാണ് നിയമത്തിനെതിരെ രംഗത്തെത്തിയത്. പൗരത്വം നല്‍കുന്നതില്‍ നിന്ന് മുസ്ലീങ്ങളെ ഒഴിവാക്കിയത് പുനര്‍പരിശോധിക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു. 'പൗരത്വ നിയമഭേദഗതിയില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. മുസ്ലീങ്ങള്‍ക്കെതിരെയുള്ള വിവേചനമാണ് നിയമത്തിന്റെ അടിസ്ഥാന സ്വഭാവം' യുഎന്‍ മനുഷ്യാവകാശ വക്താവ് ജെറമി ലൊറന്‍സ് ജനീവയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. വിവേചനപരമായ പൗരത്വ നിയമ ഭേദഗതി സുപ്രീം കോടതി തിരുത്തുമെന്നാണ് പ്രതീക്ഷയെന്നും അന്താരാഷ്ട്ര മനുഷ്യാവകാശ നടങ്ങള്‍ക്കനുസരിച്ച് ഇന്ത്യ പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. നിയമത്തിനെതിരെ യുഎന്‍ രംഗത്തെത്തിയത് അന്താരാഷ്ട്ര തലത്തില്‍ മോഡി സര്‍ക്കാരിന് തിരിച്ചടിയാണ്. നിയമം പാസാക്കിയതിനെ തുടര്‍ന്ന് കേന്ദ്രമന്ത്രി അമിത് ഷായ്ക്ക് വിലക്കേര്‍പ്പെടുത്തുമെന്ന് യുഎസ് കമ്മീഷനും വ്യക്തമാക്കിയിരുന്നു.
അതേസമയം നിയമത്തിനെതിരെ രാജ്യത്ത് പ്രക്ഷോഭം കനക്കുകയാണ്. കേന്ദ്രമന്ത്രി അമിത്ഷാ നേരത്തേ നിശ്ചയിച്ചിരുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലെ പര്യടനം റദ്ദ് ചെയ്തു. ഗുവാഹത്തിയിൽ ഇന്ത്യ-ജപ്പാൻ ഉച്ചകോടിയിൽ നിന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ പിന്മാറി. അസമിൽ ആളിക്കത്തിയ പ്രക്ഷോഭം ബംഗാളിലേക്ക് പടരുന്നു. മുർഷിദാബാദ് ജില്ലയിലെ ബെൽഡംഗയിൽ പ്രക്ഷോഭകാരികൾ റെയിൽവേ സ്റ്റേഷന് തീയിട്ടു. റെയിൽവേ പൊലീസ് ഉദ്യോഗസ്ഥരെ പ്രക്ഷോഭകാരികൾ മർദ്ദിച്ചു. റെയിൽവേ സ്റ്റേഷന് സമീപത്തുകൂടെ പോകുകയായിരുന്ന സമരക്കാർ പെട്ടെന്ന് സ്റ്റേഷന്റെ അകത്തേക്ക് കയറി മൂന്ന് കെട്ടിടങ്ങൾക്ക് തീയിടുകയും തടയാൻ എത്തിയ സുരക്ഷ ഉദ്യോഗസ്ഥരെ ക്രൂരമായി മർദ്ദിക്കുകയും ചെയ്‌തെന്ന് സീനിയർ സുരക്ഷ ഓഫിസർ വാർത്താഏജൻസിയായ പിടിഐയോട് പറഞ്ഞു. പ്രക്ഷോഭത്തെ തുടർന്ന് മുർഷിദാബാദ് ജില്ലയിലെ ട്രെയിൻ ഗതാഗതം തടസ്സപ്പെട്ടു. ഹൗറയിലെ ഉലുബേറിയ റെയിൽവേ സ്റ്റേഷനിൽ ട്രാക്ക് തടയുകയും ട്രെയിനുകൾക്ക് കേടുവരുത്തുകയും ചെയ്തു. ലോക്കോ പൈലറ്റിനും മർദ്ദനമേറ്റു. കൊൽക്കത്തയിലും അക്രമമരങ്ങേറി. മിഡ്‌നാപൂരിൽ ബിജെപി സ്റ്റേറ്റ് ജനറൽ സെക്രട്ടറി സായന്തൻ ബസുവിന്റെ കാറിന് നേരെ ആക്രമണമുണ്ടായി. പൊലീസെത്തിയാണ് അദ്ദേഹത്തെ രക്ഷപ്പെടുത്തിയത്. പ്രക്ഷോഭം നടത്തുവരോട് സമാധാനം പാലിക്കാൻ മുഖ്യമന്ത്രി മമതാ ബാനർജിയും ഗവർണർ ജഗദീപ് ധൻഖറും ആവശ്യപ്പെട്ടു. അതേ സമയം, സംസ്ഥാന സർക്കാർ ആക്രമത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് ബിജെപി കുറ്റപ്പെടുത്തി. ഡൽഹിയിലും സമരം ശക്തമാകുകയാണ്. പ്രക്ഷോഭവുമായി രംഗത്തെത്തിയ ജാമിയ മിലിയ സർവകലാശാലയിലെ അമ്പതോളം വിദ്യാർത്ഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. അസമിൽ പ്രക്ഷോഭകാരികളെ നേരിടാൻ കൂടുതൽ പൊലീസുകാരെ രംഗത്തിറക്കി.
അതിനിടെ മുംബൈയിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുംബൈയിൽ വച്ചാണ് ഇദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇവിടെ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു അദ്ദേഹം. പ്രതിഷേധം തുടങ്ങും മുൻപേ കണ്ണൻ ഗോപിനാഥനെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. നിയമത്തിനെതിരെ മുംബൈയിൽ നിശ്ചയിച്ചിരുന്ന ലോങ്ങ് മാർച്ചിൽ പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. ഡൽഹിയിൽ ജാമിയ മിലിയ സർവകലാശാല വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധസമരം പൊലീസ് തടഞ്ഞതിനെ തുടർന്ന് തെരുവ് യുദ്ധമാണ് ഇന്ന് അരങ്ങേറിയത്. പാർലമെന്റ് മാർച്ച് നടത്താനുള്ള വിദ്യാർത്ഥികളുടെ ശ്രമമാണ് സംഘർഷത്തിൽ കലാശിച്ചത്. ബാരിക്കേഡുകൾ തകർക്കാൻ ശ്രമിച്ച വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ സംഘർഷമായി വിദ്യാർത്ഥികളും പൊലീസും തമ്മിൽ കല്ലേറ് തുടങ്ങി. പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു ഒരു മണിക്കൂറോളം സംഘർഷം നീണ്ടു നിന്നു. നിരവധി വാഹനങ്ങൾ തകർത്തു. വിദ്യാർത്ഥികൾക്കും പൊലീസുകാർക്കും പരിക്കേറ്റു. വിഷയത്തിൽ സംസ്ഥാനത്ത് സംയുക്ത പ്രതിഷേധം നടത്താൻ പ്രതിപക്ഷ നേതാവും മുഖ്യമന്ത്രിയും തമ്മിൽ നടത്തിയ ഫോൺ സംഭാഷണത്തിൽ തീരുമാനമായി. എൽഡിഎഫും യുഡിഎഫും തിങ്കളാഴ്ച പ്രതിഷേധം സംഘടിപ്പിക്കും. പ്രതിഷേധത്തിൽ മന്ത്രിമാരും യുഡിഎഫ് കക്ഷി നേതാക്കളും പങ്കെടുക്കും. പശ്ചിമ ബംഗാളിലും സംസ്ഥാന സർക്കാരിന് നേതൃത്വം നൽകുന്ന തൃണമൂൽ കോൺഗ്രസ് പ്രക്ഷോഭത്തിലാണ്. തിങ്കളാഴ്‌ച്ച മഹാറാലി സംഘടിപ്പിക്കുമെന്ന് മമത ബാനർജി പ്രഖ്യാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha



























