സ്വകാര്യ എയര്‍ലൈന്‍ കമ്പനി എയര്‍ ഹോസ്റ്റസ് തൂങ്ങിമരിച്ച നിലയില്‍; വീട്ടുടമയുടെ മോശമായ പെരുമാറ്റമാണ് കാരണമെന്ന് യുവതിയുടെ പിതാവ്

സ്വകാര്യ വിമാന കമ്പനിയിലെ എയര്‍ ഹോസ്റ്റസിനെ ഗുരുഗ്രാമില്‍ താമസസ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. പശ്ചിമ ബംഗാളിലെ സിലിഗുരി സ്വദേശിനിയായ മിസ്തു സര്‍ക്കാറിന്റെ മൃതദേഹമാണ് ഡിഎല്‍എഫ് ഫേസ്-3 പെയിംഗ് ഗസ്റ്റ് റൂമില്‍ കണ്ടെത്തിയത്.
പേയിംഗ് ഗസ്റ്റ് (പിജി) ആയി കഴിയുന്ന വീടിന്റെ വീട്ടുടമയില്‍ നിന്നും മകള്‍ക്ക് മോശം പെരുമാറ്റവും ശല്യവുമുണ്ടായതായി മിസ്തുവിന്റെ പിതാവ് ആരോപിച്ചു. ബുധനാഴ്ചയാണ് മിസ്തുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
ചൊവ്വാഴ്ച പുലര്‍ച്ചെ, പിജി ഉടമ സ്ഥിരമായി ശല്യപ്പെടുത്തുന്ന കാര്യം മകള്‍ തന്നെ വിളിച്ചുപറഞ്ഞിരുന്നതായി പിതാവ് എച്ച്.സി സര്‍ക്കാര്‍ പറയുന്നു. ചൊവ്വാഴ്ച വൈകിട്ട് റൂമില്‍ തിരിച്ചെത്തിയപ്പോഴും ഇയാള്‍ അപമാനിച്ചിരുന്നുവത്രേ. തന്നോട് ഇക്കാര്യം മകള്‍ കരഞ്ഞുകൊണ്ടാണ് പറഞ്ഞതെന്നും പിതാവ് പറയുന്നു.
പിജി ഉടമ, മകളുടെ മൊബൈല്‍ ഹാക്ക് ചെയ്യുകയും അവര്‍ മറ്റെവിടെയെങ്കിലും മാറി താമസിക്കാന്‍ പോകുന്നത് തടയുകയും ചെയ്തിരുന്നുവെന്നും അപമാനം സഹിക്കാന്‍ പറ്റാതെ നാട്ടിലേക്ക് തിരിച്ചുപോരുകയാണെന്ന് മകള്‍ പറഞ്ഞിരുന്നതായും പിതാവ് പറഞ്ഞു.
കുറച്ചുസമയം കഴിഞ്ഞ് പിജി ഉടമ തന്നെ വിളിച്ച് മകള്‍ കടുംകൈ ചെയ്തുവെന്ന് പറഞ്ഞു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചപ്പോള്‍ അയാള്‍ മറുപടി പറഞ്ഞില്ല. ഇതോടെ താന്‍ ഗുരുഗ്രാം പോലീസിനെ വിളിച്ചുവെന്നും അവര്‍ ചെല്ലുമ്പോള്‍ മകള്‍ തൂങ്ങിയ നിലയില്‍ ആയിരുന്നുവെന്നും എച്ച്.സി സര്‍ക്കാര്‍ പറയുന്നു. മുറിയില്‍ നിന്ന് ആത്മഹത്യാകുറിപ്പ് കിട്ടിയില്ലെന്ന് പോലീസ് പറയുന്നു. ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തുകയാണെന്നും പോലീസ് അറിയിച്ചതായി പിതാവ് പറയുന്നു.
വീട്ടുടമ എന്തോ അതിക്രമം നടത്തിയിട്ടുണ്ട്. അല്ലെങ്കില്‍ മകള്‍ കടംകൈ ചെയ്യില്ലെന്നാണ് പിതാവ് പറയുന്നത്. പിതാവിന്റെ പരാതിയില്‍ ഗുരുഗ്രാം പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
https://www.facebook.com/Malayalivartha



























