ഗാംഗുലി ഇപ്പോള്‍ അധികാരത്തിന്റെ ക്രീസില്‍ തളച്ചിടപ്പെട്ടിരിക്കുന്നു; പൗരത്വ ഭേദഗതി നിയമത്തിനെതിരെ തന്റെ നിലപാട് വ്യക്തമാക്കിയ സൗരവ് ഗാംഗുലിയുടെ മകള്‍ സന ഗാംഗുലിയെ അഭിനന്ദിച്ച് സി.പി.എം നേതാവ് എം.ബി രാജേഷ്

പൗരത്വ ഭേദഗതി നിയമത്തിനെതിരെ തന്റെ നിലപാട് വ്യക്തമാക്കിയ സൗരവ് ഗാംഗുലിയുടെ മകള്‍ സന ഗാംഗുലിയെ അഭിനന്ദിച്ച് സി.പി.എം നേതാവ് എം.ബി രാജേഷ് രംഗത്ത്. അതോടൊപ്പം സനയുടെ നിലപാടിനെ വിലക്കിയ, തന്റെ ഒരു കാലത്തെ ആരാധനാപാത്രമായിരുന്ന സൗരവ് ഗാംഗുലിയെയും അദ്ദേഹം വിമര്‍ശിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം വിഷയത്തിലുള്ള തന്റെ അഭിപ്രായം വ്യക്തമാക്കിയത്. തന്റെ ഹൃദയം കവര്‍ന്ന ക്രിക്കറ്ററായിരുന്ന ഗാംഗുലി ഇപ്പോള്‍ ഭാഗമായിരിക്കുകയാണെന്നും അദ്ദേഹം ഇപ്പോള്‍ അധികാരത്തിന്റെ ക്രീസില്‍ തളയ്ക്കപ്പെട്ടിരിക്കുകയാണെന്നും എം.ബി രാജേഷ് അഭിപ്രായപ്പെട്ടു. അതേസമയം, അദ്ദേഹത്തിന്റെ മകള്‍ സന അവളുടെ ധീരമായ നിലപാടുകള്‍ കൊണ്ട് തന്റെ ഹൃദയം കവരുകയാണെന്നും രാജേഷ് തന്റെ പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ;
'സൗരവ് ഗാംഗുലി എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട, എന്റെ ഹൃദയം കവര്‍ന്ന ഇന്ത്യന്‍ ക്രിക്കറ്ററായിരുന്നു.എന്നാല്‍ BCCl പ്രസിഡന്‍റ് പദവിക്കായി ഉപജാപങ്ങളുടെ ഭാഗമായ ഗാംഗുലി എന്നെ നിരാശനാക്കി.എന്നാല്‍ ഇന്ന് ഗാംഗുലിയുടെ മകള്‍ സന അവളുടെ ധീരമായ നിലപാട് കൊണ്ട് എന്റെ ഹൃദയം കവരുന്നു. ഖുഷ്വന്ത് സിങ്ങിന്റെ പുസ്തകം ഉദ്ധരിച്ചു കൊണ്ടാണ് സന ഇന്ത്യക്ക് അന്ത്യം കുറിക്കാനുള്ള സംഘ പരിവാറിന്റെ ഫാസിസ്റ്റ് രാഷ്ട്രീയത്തിനെതിരെ ആഞ്ഞടിച്ചത്. കളിക്കുന്ന കാലത്ത് ഗാംഗുലി ക്രീസില്‍ നിന്ന് ചാടിയിറങ്ങി ബാറ്റ് വീശിയാല്‍ പന്ത് ഗ്യാലറിയില്‍ നോക്കിയാല്‍ മതിയായിരുന്നു. ക്രീസ് വിട്ടിറങ്ങി ആഞ്ഞടിച്ച ആ കാലം പിന്നിട്ട ഗാംഗുലി ഇപ്പോള്‍ അധികാരത്തിന്റെ ക്രീസില്‍ തളച്ചിടപ്പെട്ടിരിക്കുന്നു.
പക്ഷേ പതിനെട്ടുകാരി മകള്‍ ചീറിപ്പാഞ്ഞു വന്ന ഫാസിസ്റ്റ് രാഷട്രീയത്തിന്റെ ധാര്‍ഷ്ട്യത്തെ തൂക്കിയടിച്ചിരിക്കുന്നു. പഴയ ഗാംഗുലി യെപ്പോലെ. മനോഹരമായ കവര്‍ ഡ്രൈവുകളും സ്ക്വയര്‍ ഡ്രൈവുകളും കളിച്ചിരുന്ന ഗാംഗുലിയെക്കുറിച്ച് ഒരിക്കല്‍ രാഹുല്‍ ദ്രാവിഡാണ് പറഞ്ഞത് ഓഫ് സൈഡില്‍ ദൈവം കഴിഞ്ഞാല്‍ പിന്നെ ഗാംഗുലിയേയുള്ളൂവെന്ന്. എന്നാല്‍ ഈ നിര്‍ണ്ണായക ചരിത്ര സന്ദര്‍ഭത്തില്‍ നീതിയുടെ പക്ഷത്ത്, പൊരുതുന്ന മനുഷ്യരുടെ പക്ഷത്ത് ഗാംഗുലിയില്ല. പക്ഷേമകള്‍ സന അവര്‍ക്കൊപ്പമാണെന്ന് പ്രഖ്യാപിച്ചിരിക്കുന്നു.
വിഖ്യാതമായ ലോര്‍ഡ്സിലെ മൈതാനത്ത് ഇംഗ്ലണ്ടിനെ തോല്‍പ്പിച്ചതിന്റെ ആഹ്ലാദം ഷര്‍ട്ടൂരി വീശി പ്രകടിപ്പിച്ച അന്നത്തെ റിബല്‍ ഇന്ന് മകളോട് അഭിപ്രായം പറയരുതെന്ന് വിലക്കുമ്ബോള്‍ അവള്‍ റിബലായി നിലപാട് ഉറക്കെ പറയുന്നു. മകള്‍ അഛനേക്കാള്‍ ധീരതയും വിവേകവും സത്യസന്ധതയും പുലര്‍ത്തുന്നു. ഇപ്പോള്‍ എനിക്ക് ഗാംഗുലിയോടുള്ള ഇഷ്ടം അവശേഷിക്കുന്നത് ധീരയായ സനയുടെ അഛനെന്ന നിലയില്‍ മാത്രമാണ്.' എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
അവര്‍ നിങ്ങളേയും തേടിയെത്തും എന്ന് പറയുന്ന ഖുശ്വന്ത് സിങ്ങിന്റെ ദി എൻഡ് ഓഫ് ഇന്ത്യ എന്ന പുസ്തകത്തിലെ വാക്കുകളാണ് സന ഇന്‍സ്റ്റഗ്രാം സ്റ്റോറിയാക്കിയത്. മുസ്ലിമുകളും ക്രിസ്ത്യാനികളും അല്ലാത്തതിനാല്‍ സുരക്ഷിതരാണെന്ന് കരുതുന്നവര്‍ മൂഢസ്വര്‍ഗത്തിലാണ്. ഒന്നോ രണ്ടോ വിഭാഗങ്ങള്‍ക്കെതിരെയാണ് തുടങ്ങുക. പക്ഷേ അതിന് അവസാനമില്ല. വിദ്വേഷത്തിലൂന്നി നടപ്പിലാക്കുന്ന മുന്നേറ്റങ്ങള്‍ ഭയവും കലഹവും സൃഷ്ടിച്ചുകൊണ്ടിരിക്കും. ഇടത് ചരിത്രകാരന്‍മാരെയും സംഘ് ലക്ഷ്യം വയ്ക്കുന്നുണ്ട്. നാളെ ചെറിയ വസ്ത്രം ധരിക്കുന്ന സ്ത്രീകളെയും മദ്യവും മാംസവും കഴിക്കുന്നവരെയും സിനിമ കാണുന്നവരെയും സ്ഥിരമായി ക്ഷേത്രങ്ങളില്‍ പോകാത്തവരെയും പരസ്പരം ചുംബിക്കുന്നവരെയും ഹസ്തദാനം നല്‍കുന്നവരൈയും ജയ് ശ്രീ റാം മുഴക്കി അവര്‍ അക്രമിക്കും. ഇന്ത്യ മരിക്കാതിരിക്കണമെന്ന് ആഗ്രഹിച്ചാല്‍ മാത്രമേ നമുക്ക് ഇക്കാര്യങ്ങള്‍ മനസ്സിലാകൂ, സനയുടെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha



























