ദില്ലിയിൽ അതീവ ജാഗ്രത; പൗരത്വ നിയമഭേദഗതിക്ക് എതിരായി രാജ്യമെമ്പാടും പ്രതിഷേധം കത്തുന്നു; രാജ്യത്തെ വിവിധ സംസ്ഥാന തലസ്ഥാനങ്ങളിൽ കൂട്ട അറസ്റ്റും നിരോധനാജ്ഞയും

പൗരത്വ നിയമഭേദഗതിക്ക് എതിരായി രാജ്യമെമ്പാടും പ്രതിഷേധം കത്തുന്നു. രാജ്യത്തെ വിവിധ സംസ്ഥാന തലസ്ഥാനങ്ങളിൽ കൂട്ട അറസ്റ്റും നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്ന കര്‍ണാടകത്തില്‍ പ്രതിഷേധം ശക്തമായി തുടരുകയാണ്. ടൗണ്‍ഹാളിനു മുമ്പില്‍ കടുത്ത പ്രതിഷേധമാണ് നടക്കുന്നത്. കോണ്‍ഗ്രസ് എംഎല്‍എ റിസ്വാന്‍ അര്‍ഷാദിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദിലെ ചാര്‍മിനാറില്‍ മുന്നൂറോളം പേര്‍ കരുതല്‍ കസ്റ്റഡിയിലാണ്.
ബെംഗളൂരു ടൗണ്‍ഹാളിനു മുമ്പില്‍ അഞ്ഞൂറോളം പേരാണ് പ്രതിഷേധവുമായി ഒത്തുകൂടിയിരിക്കുന്നത്. വിവിധ സംഘടനകളുടെ നേതൃത്വത്തിലാണ് ജനങ്ങള്‍ ഒത്തുകൂടിയിരിക്കുന്നത്. പൊലീസുകാരുടെ എണ്ണം കുറവായതിനാല്‍ വളരെ കുറച്ച് പ്രതിഷേധക്കാരെ മാത്രമാണ് ഇപ്പോള്‍ കസ്റ്റഡിയിലെടുത്തിരിക്കുന്നത്. കൂടുതല്‍ പൊലീസുകാരെ എത്തിക്കുന്നതു വരെ മറ്റ് നടപടികളിലേക്ക് കടക്കേണ്ടെന്നാണ് പൊലീസിന്‍റെ തീരുമാനമെന്നാണ് സൂചന.
രാവിലെ ചരിത്രകാരന്‍ രാമചന്ദ്ര ഗുഹ അടക്കമുള്ളവരെ ഇവിടെ നിന്ന് അറസ്റ്റ് ചെയ്തു നീക്കിയിരുന്നു. അതിനു ശേഷം കൂടുതല്‍ ആളുകള്‍ ഇങ്ങോട്ടേക്കെത്തുകയായിരുന്നു. കര്‍ണാടകത്തിലെ മറ്റ് ഭാഗങ്ങളിലും കൂട്ട അറസ്റ്റ് തുടരുകയാണ്. കലബുര്‍ഗി, മൈസൂരു, ഹസന്‍ തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയത് നീക്കിയിട്ടുണ്ട്.
പ്രതിഷേധം കത്തിപ്പടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ മൊബൈല്‍ സേവനങ്ങള്‍ക്ക് വിലക്ക്. ആറ് ഇടങ്ങളിലാണ് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള മൊബൈല്‍ സേവനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മൊബൈല്‍ കോള്‍, എസ്എംഎസ്, ഇന്റര്‍നെറ്റ് സേവനങ്ങള്‍ക്കാണ് വിലക്ക്. മണ്ഡി ഹൗസ്, സീലാംപുര്‍, ജാഫറാബാദ്, ജാമിയ നഗര്‍, ഷഹീന് ബാഗ്, ബവാന എന്നിവിടങ്ങളിലാണ് വിലക്ക്. എയര്‍ടെല്‍, വോഡാഫോണ്‍ ഐഡിയ, റിലയന്‍സ് ജിയോ, ബിഎസ്എന്‍എല്‍ സര്‍വീസുകളാണ് നിലവില്‍ നിര്‍ത്തിവച്ചിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദേശപ്രകാരമാണ് മൊബൈല്‍ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരിക്കുന്നത്.
തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിലും സംഘർഷം തുടരുകയാണ്. മലയാളി വിദ്യാർത്ഥികൾ ഉൾപ്പടെ പ്രതിഷേധം ഉയർത്തിയ നിരവധി കോളേജുകളിലെ വിദ്യാർത്ഥികളെ അറസ്റ്റ് ചെയ്തു. മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന് മുന്നിൽ അഭിഭാഷകർ പ്രതിഷേധിച്ചു. വൈകിട്ട് ചെന്നൈയിൽ വിദ്യാർത്ഥികൾ നടത്താനിരുന്ന പ്രതിഷേധ മാർച്ചിന് പൊലീസ് അനുമതി നിഷേധിച്ചു.
പൗരത്വ നിയമ ഭേദഗതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധം തമിഴകത്ത് ചെന്നൈയ്ക്ക് പുറത്തുള്ള കോളേജുകളിലേക്കും വ്യാപിക്കുകയാണ്. കടലൂർ കന്ദസ്വാമി വനിതാ കോളേജിലും, പെരിയാർ ആർട്സ് കോളേജിലും പ്രതിഷേധിച്ച വിദ്യാർത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. അണ്ണാമലൈ സർവകലാശലയിൽ വിദ്യാർത്ഥികൾ പ്രതിഷേധ മാർച്ച് നടത്തി. കോയമ്പത്തൂർ ഭാരതീയർ സർവകലാശാലയിലും പ്രതിഷേധം തുടരുകയാണ്.
ബില്ലിനെ പിന്തുണച്ച അണ്ണാഡിഎംകെ നിലപാടിൽ പ്രതിഷേധിച്ച വിവിധ മുസ്സീം സംഘടനകൾ തമിഴ്നാട് മുഖ്യമന്ത്രിയുടേയും ഉപമുഖ്യമന്ത്രിയുടേയും വസതികളിലേക്ക് മാർച്ച് നടത്തി. തിരുച്ചിറപ്പള്ളിയിൽ എസ്എഫ്ഐ പ്രവർത്തകർ ട്രെയിൻ തടഞ്ഞു. എംജിആർ റെയിൽവേ സ്‌റ്റേഷനിലേക്ക് മാർച്ച് നടത്തിയ വിവിധ മുസ്ലീം സംഘടനാ പ്രവർത്തകരെ അറസ്റ്റ് ചെയ്തു. ചെന്നൈയിൽ പ്രതിഷേധത്തിന് ആഹ്വാനം നൽകിയ കോളേജുകൾക്ക് അവധി പ്രഖ്യാപിച്ചു. സമരം അടിച്ചമർത്താനാണ് ശ്രമമെന്ന് വിദ്യാർത്ഥികൾ ആരോപിച്ചു.
മദ്രാസ് ഹൈക്കോടതി ബെഞ്ചിന്റെ പ്രധാന കവാടത്തിന് മുന്നിലാണ് അഭിഭാഷകർ പ്രതിഷേധിച്ചത്. ചെന്നൈയിൽ പ്രതിഷേധത്തിന് ഒരുങ്ങുന്നവരെ ഉടൻ അറസ്റ്റ് ചെയ്ത് മാറ്റാനാണ് പൊലീസിന് സർക്കാർ നിർദ്ദേശം.
https://www.facebook.com/Malayalivartha



























