സോളാർ തട്ടിപ്പ് കേസ് :സരിതയും ബിജു രാധാകൃഷ്ണനും ജനുവരി 6 ന് ഹാജരാകാൻ ജില്ലാ സെഷൻസ് കോടതി ഉത്തരവ്

ലക്ഷ്മി നായരെന്നും ആർ.ബി. നായരെന്നും ആൾ മാറാട്ടം നടത്തി പ്രവാസിയായ വ്യവസായിയെ ചതിച്ച് 1.05 കോടി രൂപ വഞ്ചിച്ചെടുത്ത സോളാർ തട്ടിപ്പ് കേസിൽ സരിതാ നായരും ബിജു രാധാകൃഷ്ണനും ജനുവരി ആറിന് ഹാജരാകാൻ തിരുവനന്തപുരം അഞ്ചാം അഡീഷണൽ ജില്ലാ സെഷൻസ് കോടതി ഉത്തരവിട്ടു. സംസ്ഥാന സർക്കാരിന് നോട്ടീസയക്കാനും കോടതി ഉത്തരവിട്ടു. വഞ്ചനാ കേസിൽ സരിതയെയും ബിജുവിനെയും തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതി വെറുതെ വിട്ടത് ചോദ്യം ചെയ്ത് പരാതിക്കാരനായ വ്യവസായി റ്റി.സി. മാത്യു സമർപ്പിച്ച ക്രിമിനൽ അപ്പീൽ ഫയലിൽ സ്വീകരിച്ചാണ് ജില്ലാ കോടതി രണ്ടു പ്രതികളോടും ഹാജരാകൻ ഉത്തരവിട്ടത്.
2013 ലാണ് കേസിനാസ്പമായ സംഭവം നടന്നത്. ടീം സോളാർ റെന്യൂവബിൾ എനർജി സൊല്യൂഷൻസ് കമ്പനിയുടെ കൊച്ചി സോണൽ ഓഫീസിലെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ലക്ഷ്മി നായരാണെന്നും ഡയറക്ടർ ആർ. ബി .നായരാണെന്നും പറഞ്ഞ് വിശ്വസിപ്പിച്ച് വ്യവസായിയായ റ്റി.സി.മാത്യുവിനെ സോളാർ പാനൽ സ്ഥാപിച്ചു നൽകാമെന്നും കാറ്റാടി യന്ത്ര വൈദ്യുതിക്കായി വിൻഡ് മിൽ സ്ഥാപിച്ചു നൽകാമെന്നും തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ടിലൂടെ ഒരു കോടി അഞ്ചു ലക്ഷം രൂപ വഞ്ചിച്ചെടുത്തുവെന്നാണ് കേസ്.
റ്റി.സി.മാത്യു സമർപ്പിച്ച സ്വകാര്യ അന്യായത്തിൻമേൽ മജിസ്ട്രേട്ട് കോടതി നേരിട്ടും പോലീസ് മുഖേന നടത്തിയ അന്വേഷത്തിലൂടെയും പ്രതികൾക്കെതിരെ പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് കണ്ടെത്തി ഇരുവർക്കുമെതിരെ കേസെടുക്കുകയായിരുന്നു. 2013 ജൂലൈ 5 നാണ് കോടതി നേരിട്ട് കേസെടുത്ത് വിചാരണ നേരിടാൻ പ്രതികളോടാവശ്യപ്പെട്ടത്.
ഇൻഡ്യൻ ശിക്ഷാ നിയമത്തിലെ വകുപ്പ് 406 ( ട്രസ്റ്റ് ലംഘനം), 419 (ആൾ മാറാട്ടത്തിലൂടെ ചതിക്കൽ,420 ( വഞ്ചന),468 ( വ്യാജ നിർമ്മാണം), 471 (വ്യാജ നിർമ്മിത രേഖ അസ്സൽ പോലെ ഉപയോഗിക്കൽ),34 ( കൂട്ടായ്മ) എന്നീ വകുപ്പുകൾ ചുമത്തിയാണ് കോടതി സ്വമേധയാ കുറ്റപത്രം തയ്യാറാക്കി പ്രതികൾക്ക് മേൽ കുറ്റം ചുമത്തി വിചാരണ ചെയ്തത്.
മാത്യുവിനെ പ്രതികൾ നാഗർകോവിൽ, നാദാപുരം,പാലക്കാട് എന്നിവിടങ്ങളിലെ സ്വിസ് ലോൺ തുടങ്ങിയ കമ്പനികളുടെ വിൻഡ് മിൽ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളിലും മറ്റും കൊണ്ടു പോയി തെറ്റിദ്ധരിപ്പിച്ചാണ് തുക തട്ടിയെടുത്തത്.
എന്നാൽ വിചാരണക്ക് ശേഷം കേസ് സിവിൽ സ്വഭാവമുള്ളതാണെന്നും കമ്പനി രജിസ്റ്റർ ചെയ്ത് ഉഭയകക്ഷി കരാർ തയ്യാറാക്കി കരാർ ലംഘിച്ചതിനാൽ സിവിൽ കേസ് മാത്രമേ വാദിക്ക് പരിഹാരമാർഗ്ഗമായുള്ളുവെന്നും വഞ്ചിച്ചുവെന്ന ക്രിമിനൽ കേസ്ത നിലനിൽക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് അഡീ.സി.ജെ.എം. റ്റി.കെ. സുരേഷ് രണ്ടു പ്രതികളെയും 2019 ഏപ്രിലിൽ വെറുതെ വിട്ടത്.
ഈ വിധിന്യായം തെറ്റാണെന്നും പ്രതികൾക്കെതിരെ വഞ്ചനാകുറ്റം നിലനിൽക്കുമെന്നും തെളിവുകൾ വിശകലനം ചെയ്തതിൽ കീഴ്ക്കാടതിക്ക് വീഴ്ച പറ്റിയെന്നും അതിനാൽ പ്രതികളെ വെറുതെ വിട്ടുകൊണ്ടുള്ള കീഴ്ക്കോടതി വിധി റദ്ദാക്കി പ്രതികളെ വഞ്ചനാക്കുറ്റത്തിന് ശിക്ഷിക്കണമെന്നാണ് മാത്യുവിന്റെ അപ്പീലിലെ ആവശ്യം. തനിക്ക് ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പ് 357 (2) പ്രകാരം നഷ്ടപരിഹാരം പ്രതികളിൽ നിന്നും സ്ഥാവരജംഗമ സ്വത്തുക്കളിൽ നിന്നും ഈടാക്കി കിട്ടണമെന്നും വ്യവസായിയും വിദേശ മലയാളിയുമായ മാത്യു അപ്പീലിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ക്രിമിനൽ നടപടി ക്രമത്തിലെ വകുപ്പുകളായ 372 , 382 എന്നിവ പ്രകാരമാണ് വ്യവസായി അപ്പീൽ സമർപ്പിച്ചത്.
https://www.facebook.com/Malayalivartha



























