രണ്ടാമൂഴത്തിലും മോദി അജയ്യനായി, പക്ഷെ, ഇക്കൊല്ലം പല കാര്യങ്ങളിലും മോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായ്ക്കും ചുവട് പിഴച്ചു, അതിന്റെ വ്യക്തമായ സൂചന ജനങ്ങള്‍ നല്‍കിത്തുടങ്ങി. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ കൂടാതെ ഇപ്പോ ജാര്‍ഖണ്ഡിലും ഭരണം നഷ്ടമായിരിക്കുന്നു

2014ല്‍ ഒന്നാം മോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരമേറ്റതിന് പിന്നാലെ കോണ്‍ഗ്രസിന്റെയും ഇടത് പാര്‍ട്ടികളുടെയും അടക്കം പതനത്തിനാണ് രാജ്യം സാക്ഷ്യംവഹിച്ചത്. അതോടൊപ്പം ദക്ഷിണേന്ത്യയിലടക്കം ബി.ജെ.പിയോ അവരുടെ പിന്തുണയുള്ള സര്‍ക്കാരുകളോ തേരോട്ടം നടത്തി. മോദിയും അമിത്ഷായും ഏതാണ്ട് ഇന്ത്യമുഴുവനും കാവി പുതപ്പിച്ചു. അങ്ങനെ രണ്ടാമൂഴത്തിലും മോദി അജയ്യനായി. പക്ഷെ, ഇക്കൊല്ലം പല കാര്യങ്ങളിലും മോദിക്കും പാര്‍ട്ടി അധ്യക്ഷന്‍ അമിത്ഷായ്ക്കും ചുവട് പിഴച്ചു. അതിന്റെ വ്യക്തമായ സൂചന ജനങ്ങള്‍ നല്‍കിത്തുടങ്ങി. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മഹാരാഷ്ട്ര സംസ്ഥാനങ്ങള്‍ കൂടാതെ ഇപ്പോ ജാര്‍ഖണ്ഡിലും ഭരണം നഷ്ടമായിരിക്കുന്നു. കര്‍ണാടകയില്‍ ആദ്യം കോണ്‍ഗ്രസ് സഖ്യസര്‍ക്കാരായിരുന്നെങ്കിലും പിന്നീട് ബി.ജെ.പി അട്ടിമറി നടത്തുകയായിരുന്നു.
മഹാരാഷ്ട്രയില്‍ ശിവസേനയെ അനുനയിപ്പിച്ച് മുന്നോട്ട് പോയിരുന്നെങ്കില്‍ അധികാരം നഷ്ടപ്പെടില്ലായിരുന്നു. അതിന് പകരം പാതിരാ നാടകം കളിച്ച് പരാജിതരാകേണ്ടി വന്നു എന്ന് മാത്രമല്ല നാണക്കേടുമായി. ഹരിയാനയിലും അന്ന് അധികാരത്തില്‍ നിന്ന് തൂത്തേറിയപ്പെടുമായിരുന്നു. ദുഷ്യന്ത് ചൗട്ടാല രക്ഷകനായി അവതരിച്ചത് കൊണ്ട് രക്ഷപെടുകയായിരുന്നു. നോട്ട് നിരോധനവും ജി.എസ്.ടിയും അടക്കം ഒന്നാം മോദി സര്‍ക്കാര്‍ ജനത്തെ വലിച്ചിരുന്നെങ്കിലും പുല്‍വാമ ആക്രമണത്തിലൂടെ ദേശീയവികാരം ആളിക്കത്തിച്ച് വീണ്ടും അധാകാരത്തിലേറി. ആറ് മാസം തികയും മുമ്പ് രാജ്യത്തെ സാമ്പത്തികാവസ്ഥയുടെ നട്ടെല്ല് തകര്‍ത്തു. കോര്‍പ്പറേറ്റ് നികുതിക്ക് ഇളവ് നല്‍കി കരുതല്‍ധനം എടുത്തത് വിത്തെടുത്ത് കുത്തുന്നതിന് തുല്യമാണെന്ന് സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാണിച്ചെങ്കിലും സാമ്പത്തിക സ്ഥിതി മെച്ചമാണെന്നാണ് ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇപ്പോഴും ആവര്‍ത്തിക്കുന്നത്.
ഇതിനൊക്കെ പുറമെയാണ് ദേശീയപൗരത്വ നിയമഭേദഗതി തിടക്കപ്പെട്ട് പാര്‍ലമെന്റ് പാസ്സാക്കുകയും ദേശീയപൗരത്വ രജിസ്റ്റര്‍ ആസാമിന് പിന്നാലെ മറ്റ് സംസ്ഥാനങ്ങളിലും നടപ്പാക്കുമെന്ന് കേന്ദ്രആഭ്യന്തരമന്ത്രി അമിത്ഷാ പാര്‍ലമെന്റില്‍ വ്യക്തമാക്കുകയും ചെയ്തതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങളാണ് നടപ്പാക്കുന്നതെന്ന് ബി.ജെ.പി ദേശീയ നേതൃത്വം പറയുന്നുണ്ടെങ്കിലും എന്‍.ഡി.എയിലെ പല ഘടകക്ഷികള്‍ക്കും ഇതൊന്നും ദഹിച്ചിട്ടില്ല. അതുകൊണ്ടാണ് ബീഹാറില്‍ എന്‍.ആര്‍.സി നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കിയത്. ബംഗാളിലെ ബി.ജെ.പി വൈസ്പ്രസിഡന്റ് സി.എ.എയില്‍ ഭേദഗതി വരുത്തണമെന്ന് ട്വീറ്റ് ചെയ്തത്. അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിലെല്ലാം ബിജെപിക്ക് കനത്ത തിരിച്ചടിയാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. കര്‍ണാടകയില്‍ മാത്രമാണ് ആശ്വാസ ജയം.
ജാര്‍ഖണ്ഡില്‍ കാര്യങ്ങള്‍ ബി.ജെ.പി തന്നെ നശിപ്പിച്ചതാണ്. ആദിവാസി ഭൂരിപക്ഷമുള്ള സംസ്ഥാനത്ത് ആദിവാസ ഇതര മുഖ്യമന്ത്രിയെ അവരോധിച്ചപ്പോഴേ പല നേതാക്കളും അതിനെ എതിര്‍ത്തിരുന്നു. ഒറ്റയ്ക്ക് മത്സരിച്ചിട്ടും ഏറ്റവും വലിയ ഒറ്റകക്ഷിയാകാന്‍ ബി.ജെ.പിക്ക് കഴിഞ്ഞു എന്നത് വലിയ നേട്ടമാണ്. ആദിവാസി ജനവിഭാഗങ്ങളെ കയ്യിലെടുത്ത് മുന്നോട്ട് പോയിരുന്നെങ്കില്‍ അധാകാരം നിലനിര്‍ത്താന്‍ ആകുമായിരുന്നു. അഥിന് പകരം കാശ്മീരിന്റെ പ്രത്യേകപദവി എടുത്ത് കളഞ്ഞതും താമസിക്കാതെ അയോധ്യയില്‍ രാമക്ഷേത്രം പണിയുമെന്നും മറ്റും തെരഞ്ഞെടുപ്പ് പ്രചരണവിഷയമാക്കിയത് ആദിവാസി ഗോത്ര സമൂഹങ്ങള്‍ക്ക് പിടിച്ചില്ല. അവരുടെ സംവരണകാര്യങ്ങളില്‍ ഉള്‍പ്പെടെ കൈകടത്താന്‍ ശ്രമിക്കുകയും ചെയ്തു. അതുകൊണ്ട് ജനവിധി ഇരന്ന് വാങ്ങിയതാണെന്ന് വ്യക്തം. അക്കാര്യം മനസ്സിലാക്കി കരുതലോടെ നീങ്ങാനാണ് മോദിയും അമിത്ഷായും തീരുമാനിച്ചതായാണ് സൂചന. അങ്ങനെയെങ്കില്‍ വീണ്ടും താമരവിരിയും...
https://www.facebook.com/Malayalivartha






















