സൂര്യഗ്രഹണം കാരണം ഇന്നലെ ഒഡീഷ്യയിലെ ആധാര്‍ കേന്ദ്രങ്ങളെല്ലാം അടച്ചിട്ടതോടെ പാവപ്പെട്ടവരില്‍ ഭൂരിപക്ഷവും പട്ടിണിയാലായി, ഇതിനെതിരെ സംസ്ഥാനത്തെ യുക്തിവാദി സംഘം പ്രവര്‍ത്തകര്‍ രംഗത്തെത്തി

സൂര്യഗ്രഹണം കാരണം ഇന്നലെ ഒഡീഷ്യയിലെ ആധാര്‍ കേന്ദ്രങ്ങളെല്ലാം അടച്ചിട്ടതോടെ പാവപ്പെട്ടവരില്‍ ഭൂരിപക്ഷവും പട്ടിണിയാലായി. ഇതിനെതിരെ സംസ്ഥാനത്തെ യുക്തിവാദി സംഘം പ്രവര്‍ത്തകര്‍ രംഗത്തെത്തി. ഗ്രഹണസമയത്ത് ആഹാരം കഴിക്കരുതെന്ന അന്ധവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ ഈ നടപടി എടുത്തതെന്നും അവര്‍ ആരോപിച്ചു. സംസ്ഥാനത്തെ ആധാര്‍ കേന്ദ്രങ്ങളിലൂടെ അഞ്ച് രൂപയ്ക്ക് സബ്‌സിഡി നിരക്കില്‍ ഭക്ഷണം നല്‍കുന്നുണ്ട്. ഇന്നലെ കേന്ദ്രങ്ങള്‍ തുറക്കാത്തതിനാല്‍ ദാരിദ്രരേഖയ്ക്ക് താഴെയുള്ള പലരും വലഞ്ഞു. ഗഞ്ചം ജില്ലയില്‍ മാത്രം 19 ആധാര്‍ കേന്ദ്രങ്ങളാണ് തുറക്കാതിരുന്നത്. സംസ്ഥാനത്തെ പട്ടിണി രഹിതമാക്കുന്നതിനാണ് സര്‍ക്കാര്‍ ആധാര്‍ കേന്ദ്രങ്ങളിലൂടെ ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍ അവര് തന്നെ അതിന് തുരങ്കം വയ്ക്കുകയായിരുന്നു.
വ്യാഴാഴ്ച പലരും ആധാര്‍ കേന്ദ്രങ്ങളില്‍ ആഹാരം വാങ്ങാനെത്തിയപ്പോഴാണ് സര്‍ക്കാര്‍ വയറ്റത്തടിച്ച വിവരം മനസ്സിലാക്കിയത്. അതോടെ എല്ലാവരും നിരാശരായി മടങ്ങി. സൂര്യഗ്രഹണ സമയത്ത് ധാരാളം ആളുകള്‍ ആഹാരം കഴിക്കുന്നത് മതപരമായ വിശ്വാസത്തിന് എതിരായത് കൊണ്ടാണ് ആധാര്‍ കേന്ദ്രങ്ങള്‍ തുറക്കാത്തതെന്ന് ഗഞ്ചം ജില്ലയിലെ കേന്ദ്രങ്ങള്‍ നോക്കി നടത്തുന്ന മന്നാ ട്രസ്റ്റ് വൃത്തങ്ങള്‍ അറിയിച്ചു. വര്‍ഷങ്ങളായി സംസ്ഥാനത്ത് ഇത്തരത്തിലൊരു വിശ്വാസം നിലനില്‍ക്കുന്നതിനാല്‍ ആളുകള്‍ ആഹാരം കഴിക്കാന്‍ എത്തില്ലെന്നും തയ്യാറാക്കുന്ന ഭക്ഷണം പാഴായി പോകുമെന്നും കരുതിയാണ് തുറക്കാതിരുന്നതെന്നും അവര്‍ വ്യക്തമാക്കി. ഇത്തരത്തിലുള്ള അന്ധവിശ്വാസങ്ങളില്‍ പ്രതിഷേധിച്ച് ദ ഹ്യൂമനിസ്റ്റ് ആന്‍ഡ് റാഷണലിസ്റ്റ് ഓര്‍ഗനൈസേഷന്‍ ഇന്നലെ സദ്യയും സംഘടിപ്പിച്ചു.
ഒഡീഷ്യയിലെ പാവപ്പെട്ടവരും ദൂരയാത്ര ചെയ്യുന്നവരും മറ്റും ആധാര്‍ കേന്ദ്രങ്ങള്‍ വഴി വിതരണം ചെയ്യുന്ന ആഹാരത്തെയാണ് സാധാരണ ആശ്രയിക്കുക. ചെറിയ നിരക്കില്‍ ഭക്ഷണം ലഭിക്കുന്ന വഴിയോരക്കടകളും ചെറിയ ഹോട്ടലുകളും അന്ധവശ്വാസത്തിന്റെ പേരില്‍ ഇന്നലെ തുറന്നില്ല. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും ഇത്തരം കാര്യങ്ങള്‍ ജനങ്ങള്‍ പാലിക്കുമ്പോള്‍ അതിനെതിരെ ബോധവല്‍ക്കരണം നടത്തേണ്ട സര്‍ക്കാര്‍ ആധാര്‍ കേന്ദ്രങ്ങള്‍ പൂട്ടിയിട്ട് അവരുടെ തന്നെ ആഹാര വിതരണ പദ്ധതി തടസ്സപ്പെടുത്തിയെന്ന് യുക്തിവാദി സംഘം പ്രസിഡന്റ് ഇ.ടി റാവു വിമര്‍ശിച്ചു. സൂര്യഗ്രഹണം സംബന്ധിച്ച് കാലങ്ങളായി നിലവിലുള്ള അന്ധവിശ്വാസത്തെ തുടച്ച് നീക്കാനുള്ള അവസരമായി സര്‍ക്കാര്‍ ഇതിനെ ഉപയോഗിക്കേണ്ടതിന് പകരം അത്തരം വിശ്വാസങ്ങള്‍ വെച്ച് പുലര്‍ത്തുന്നവര്‍ക്ക് കുട ചൂടുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു. സംഭവം ദേശീയതലത്തില്‍ ചര്‍ച്ചയായിട്ടുണ്ട്.
ആധാര്‍ കേന്ദ്രങ്ങള്‍ നേരത്തെ തുറന്നിരുന്നെങ്കില്‍ ദരിദ്രരും വഴിയാത്രക്കാരും മറ്റും അവിടെ നിന്ന് ആഹാരം കഴിക്കുമായിരുന്നു. അത് കണ്ടെങ്കിലും കുറേ ആളുകള്‍ക്ക് ഇത്തരം അന്ധവിശ്വാസങ്ങളില്‍ നിന്ന് മോചനം ഉണ്ടായേനെ എന്ന് ചില എന്‍.ജി.ഒകളും ചൂണ്ടിക്കാണിക്കുന്നു. അന്ധമായ മതവിശ്വാസങ്ങളെ എതിര്‍ക്കാന്‍ സര്‍ക്കാരിനും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ഭയമാണ്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി അവര്‍ എല്ലാം സൗകര്യപൂര്‍വ്വം കണ്ടില്ലെന്ന് നടിക്കുകയാണ്. ശരീരം ആവശ്യപ്പെടുന്ന സമയത്താണ് ആഹാരം കഴിക്കുന്നത്. അതിന് സൂര്യഗ്രഹണവുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ടാണ് കേരളത്തില്‍ സൂര്യഗ്രഹണ സമയത്ത് പായസം വിതരണം ചെയ്തത്. അത്തരത്തിലുള്ള നീക്കമെങ്കിലും ഒഡീഷ്യ സര്‍ക്കാരിന് നടത്താമായിരുന്നു. ഇതിപ്പോ അന്ധവിശ്വാസങ്ങള്‍ക്ക് ബലവും നല്‍കി പാവത്തുങ്ങള് പട്ടിണിയിലുമായി...
https://www.facebook.com/Malayalivartha






















