വിലക്കു ലംഘിച്ച് ഡൽഹിയിൽ വൻ പ്രക്ഷോഭ പരമ്പര; നിരോധനാജ്ഞ പ്രഖ്യാപിച്ചും ഫ്ലാഗ് മാർച്ച് നടത്തിയും പൊലീസ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മറികടന്ന് പൗരത്വ നിയമത്തിനെതിരെ തെരുവിലിറങ്ങി ഡൽഹിയിലെ വിദ്യാർഥികളും രാഷ്ട്രീയ പാർട്ടികളും;നിരവധിപേർ അറസ്റ്റിൽ

യുപിയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പൊലീസ് അതിക്രമങ്ങളിൽ പ്രതിഷേധിച്ച് യുപി ഭവൻ ഘെരാവോ ചെയ്യാനെത്തിയ ജാമിയ മില്ലിയ, ജെഎൻയു വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ടു മന്ദിർ മാർഗ് സ്റ്റേഷനിലേക്കു വിദ്യാർഥികൾ നടത്തിയ പ്രകടനം പൊലീസ് തടഞ്ഞതു സംഘർഷത്തിൽ കലാശിച്ചു.
സ്ഥലത്തെത്തിയ മാധ്യമപ്രവർത്തകരിൽ ചിലരെ പൊലീസ് കയ്യേറ്റം ചെയ്തു. കസ്റ്റഡിയിലുള്ള ഇരുനൂറോളം പേരെ മോചിപ്പിക്കാതെ പിന്മാറില്ലെന്നു വ്യക്തമാക്കി വിദ്യാർഥികൾ സ്റ്റേഷനു മുന്നിൽ കുത്തിയിരുന്നു. രാത്രി 7 മണിയോടെ ഇവരെ മോചിപ്പിച്ചു. യുപി ഭവനു മുന്നിൽ പ്രതിഷേധിച്ച ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസ്, കേന്ദ്ര കമ്മിറ്റിയംഗം പി.എം. രഞ്ജിത്, കോൺഗ്രസ് വക്താവ് ഉദിത് രാജ്, ബിന്ദു അമ്മിണി തുടങ്ങിയവരെയും കസ്റ്റഡിയിലെടുത്തു.
യുപി ഭവൻ, ചെങ്കോട്ട, സീലംപുർ, ജാഫറാബാദ് എന്നിവിടങ്ങളുൾപ്പെടെ 12 പൊലീസ് സ്റ്റേഷൻ പരിധികളിലാണു നിരോധനാജ്ഞ ഏർപ്പെടുത്തിയത്. ലോക് കല്യാൺ മാർഗിൽ പ്രധാനമന്ത്രിയുടെ വസതിയിലേക്കു ഭീം ആർമി പാർട്ടി പ്രവർത്തകർ കൈകൾ കൂട്ടിക്കെട്ടി നടത്തിയ പ്രകടനം പൊലീസ് തടഞ്ഞു. കഴിഞ്ഞയാഴ്ച അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ മോചിപ്പിക്കമെന്നാവശ്യപ്പെട്ടായിരുന്നു പ്രകടനം.
https://www.facebook.com/Malayalivartha






















