പൗരത്വഭേദഗതി നിയമം മൗലികാവകാശമായ സമത്വത്തിന്റെ ലംഘനമാണ്; മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വനിര്‍ണയം മതനിരപേക്ഷതയ്ക്ക് കടകവിരുദ്ധം; പൗരത്വ നിയമഭേദഗതിക്കെതിരെ സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു

പൗരത്വ നിയമഭേദഗതിക്കെതിരെ സര്‍ക്കാര്‍ നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയനാണ് നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചത്. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതനിരപേക്ഷത തകര്‍ക്കുന്ന പൗരത്വനിയമം റദ്ദാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള നിയമസഭ കേന്ദ്രസര്‍ക്കാരിനോട് അഭ്യര്‍ത്ഥിക്കുന്നു എന്ന പ്രമേയമാണ് പിണറായി വിജയന്‍ നിയമസഭയില്‍ അവതരിപ്പിച്ചത്. ചട്ടം 118 അനുസരിച്ചുള്ള സര്‍ക്കാര്‍ പ്രമേയമാണ് മുഖ്യമന്ത്രി അവതരിപ്പിച്ചത്.
പൗരത്വഭേദഗതി നിയമം മൗലികാവകാശമായ സമത്വത്തിന്റെ ലംഘനമാണ്. മതത്തിന്റെ അടിസ്ഥാനത്തിലുള്ള പൗരത്വനിര്‍ണയം മതനിരപേക്ഷതയ്ക്ക് കടകവിരുദ്ധമാണ്. പൗരത്വനിയമം ഭരണഘടനയുടെ അടിസ്ഥാനഘടനയുമായി പൊരുത്തപ്പെടുന്നില്ലെന്നും പ്രത്യേക നിയമസഭാ സമ്മേളനത്തില്‍ മുഖ്യമന്ത്രി പറഞ്ഞു. നിയമം ലക്ഷ്യം വെക്കുന്നത് മതരാഷ്ട്രമെന്ന സങ്കല്‍പ്പമാണ്. ഭരണഘടനാമൂല്യം തകര്‍ന്നാല്‍ രാഷ്ട്രം ശിഥിലമാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
പൗരത്വം രാഷ്ട്രസ്വഭാവത്തിന്റെയും അതിന്റെ ഘടനയെയും നിര്‍ണയിക്കുന്നു. ഒരു വിഭാഗത്തെ അനുകൂലിക്കുന്നതും എതിര്‍ക്കുന്നതും മതനിരപേക്ഷ ഘടനയെ ബാധിക്കും. തടങ്കല്‍പാളയങ്ങള്‍ കേരളത്തിലുണ്ടാവില്ല. അതിനുള്ള ഒരു നടപടിയും സര്‍ക്കാര്‍ സ്വീകരിക്കില്ല. സെന്‍സസ് ഇപ്പോഴത്തെ മാനദണ്ഡങ്ങള്‍ അനുസരിച്ച് നടത്തുന്നതില്‍ ആശങ്കയുണ്ട്. ഭരണഘടനാമൂല്യങ്ങളോട് കൂറുപുലര്‍ത്തുന്നതിനാലാണ് പ്രമേയമെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം പൗരത്വനിയമത്തിനെതിരെ പ്രമേയം അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത് ബിജെപി രംഗത്തെത്തി. പ്രമേയം ഭരണഘടനാ വിരുദ്ധമെന്ന് ബിജെപി എംഎല്‍എ ഒ.രാജഗോപാല്‍ പറഞ്ഞു. പട്ടികജാതി-പട്ടികവര്‍ഗ സംവരണം നീട്ടണമെന്ന പ്രമേയം നിയമസഭ അംഗീകരിച്ചു. എസ് സി -എസ്ടി സംവരണം പത്തുവര്‍ഷത്തേക്ക് കൂടിയാണ് നീട്ടുന്നത്. അതേസമയം ആംഗ്ലോ ഇന്ത്യന്‍ സംവരണം നിര്‍ത്തലാക്കിയതിനെതിരെയും സഭ പ്രമേയം പാസ്സാക്കി. ആംഗ്ലോ ഇന്ത്യന്‍ പ്രതിനിധികളെ പ്രത്യേകം തെരഞ്ഞെടുക്കുന്നത് തുടരണമെന്നാണ് സഭ ആവശ്യപ്പെടുന്നത്.
https://www.facebook.com/Malayalivartha