പ്രധാനമന്ത്രിക്ക് പുതിയ വസതി; ത്രികോണാകൃതിയില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

ത്രികോണാകൃതിയില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടം നിര്‍മിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. സെന്‍ട്രല്‍ വിസ്റ്റയില്‍ പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് എതിര്‍ വശമായി പ്രധാനമന്ത്രിക്ക് പുതിയ വസതിയും പണിയാനാണ് നീക്കം. ശാസ്ത്രി ഭവന്‍, നിര്‍മാണ്‍ ഭവന്‍, റെയില്‍ ഭവന്‍, വായു ഭവന്‍ തുടങ്ങിയ സര്‍ക്കാര്‍ കെട്ടിടങ്ങള്‍ പൊളിച്ച് മാറ്റിയാകും പ്രധാനമന്ത്രിക്ക് പുതിയ വസതി പണിയുന്നത്. അതിനൊപ്പം തന്നെ പൈതൃക സ്വഭാവമുള്ള കെട്ടിങ്ങള്‍ അതേ പടി നിലനിര്‍ത്തുകയും ചെയ്യും.
ത്രികോണാകൃതിയിലുള്ള പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന്റെ നിര്‍മാണം 2022 ഓടെ പൂര്‍ത്തിയാക്കും. സ്വാതന്ത്ര്യം ലഭിച്ചതിന്റെ 75-ാം വാര്‍ഷികം രാജ്യം ആഘോഷിക്കുന്ന വേളയിലാകും ഇതിന്റെ ഉദ്ഘാടനം. ഡല്‍ഹിയിലെ മറ്റു നവീകരണ പ്രക്രിയകള്‍ 2024 ഓടെ പൂര്‍ത്തിയാക്കും.
നിലവിലെ പാര്‍ലമെന്റ് സമുച്ചയത്തിന് സമീപത്ത് തന്നെയാണ് പുതിയ പാര്‍ലമെന്റ് കെട്ടിടം പണിയുന്നത്. 900-മുതല്‍ 1000 പേര്‍ക്കിരിക്കാവുന്ന ലോക്‌സഭയാകും ഈ കെട്ടിടത്തിലുണ്ടാകുക. പാര്‍ലമെന്റിന്റെ സംയുക്ത സമ്മേളനം ഇവിടെയാകും നടക്കുക. നിലവിലെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളിന് പകരം രാജ്യസഭയും ഒരു പൊതു ഹാളും ഉണ്ടാകും. നവീകരണ പദ്ധതിയുടെ ഭാഗമായി ഒരു സെക്രട്ടേറിയറ്റാകും ഉണ്ടാകുക. നിലവിലെ നോര്‍ത്ത്, സൗത്ത് ബ്ലോക്കുകള്‍ മ്യൂസിയമാക്കി മാറ്റി പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കും. രാഷ്ട്രപതി ഭവന് അടുത്തുള്ള രണ്ട് ബ്ലോക്കുകള്‍ക്ക് പിന്നില്‍ ഒരു ജൈവവൈവിധ്യ പാര്‍ക്കുമായി മ്യൂസിയം പദ്ധതി സംയോജിപ്പിക്കും. നവീകരണ പദ്ധതികള്‍ പൂര്‍ത്തിയായാല്‍ ഈ പ്രദേശങ്ങളില്‍ കൂടുതല്‍ പൊതു ഇടങ്ങള്‍ ലഭിക്കും. എന്നാല്‍ ഇത് നിലവിലുള്ള നിര്‍ദേശങ്ങള്‍ മാത്രമാണെങ്കിലും തീരുമാനങ്ങള്‍ അന്തിമമായിട്ടില്ല.
https://www.facebook.com/Malayalivartha