നരവനെ തുടങ്ങി, പ്രധാനമന്ത്രിയും; കരസേനയുടെ 28–ാമത് മേധാവിയായി ജനറൽ മനോജ് മുകുന്ദ് നരവനെ ചുമതലയേറ്റു

കരസേനയുടെ 28–ാമത് മേധാവിയായി ജനറൽ മനോജ് മുകുന്ദ് നരവനെ ചുമതലയേറ്റു. കരസേനയുടെ ഉപമേധാവിയായിരുന്നു ജനറൽ മുകുന്ദ് നരവനെ. മുൻപ് ഈസ്റ്റേൺ കമാൻഡ് മേധാവിയായിരുന്നു. 1980 ജൂണിൽ സിഖ് ലൈറ്റ് ഇൻഫൻട്രി റെജിമെന്റിൽ ഏഴാം ബറ്റാലിയനിൽ സേവനമാരംഭിച്ചു.
മഹാരാഷ്ട്ര സ്വദേശിയാണ് ഇദ്ദേഹം. നരവനെ കൂടി ചുമതലയേറ്റതോടെ ഇന്ത്യയുടെ മൂന്നു സേനാമേധാവികളും പുണെ അക്കാദമി 56–ാം ബാച്ചിൽ നിന്നുള്ളവരായി എന്ന പ്രത്യേകതയും ഇത്തവണ ഉണ്ട്.
നാവിക സേന മേധാവി അഡ്മിറൽ കരംബീർ സിങ്, എയർഫോഴ്സ് മേധാവി ആർ.കെ.എസ്. ബദൗരിയ എന്നിവരും ഇതേ ബാച്ചുകാരാണ്.
സേനയിലെ പരിഷ്കാരങ്ങൾ നടപ്പാക്കുക, കശ്മീരിൽ അതിർത്തി കടന്നുള്ള ഭീകരവാദം ഉന്മൂലനം ചെയ്യുക, വടക്കു കിഴക്കൻ മേഖലയിൽ ചൈനയുടെ സേനാവിന്യാസം പരിഗണിച്ച് ഇന്ത്യൻ സേനയുടെ നടപടികൾ ശക്തമാക്കുക എന്നിവയ്ക്കാണു മുൻതൂക്കം നൽകുന്നതെന്ന് ജനറൽ മുകുന്ദ് നരവനെ സ്ഥാനമേറ്റ ശേഷം വ്യക്തമാക്കി. ഭീകരരെ മുൻനിർത്തി പാക്കിസ്ഥാൻ നടത്തുന്ന നിഴൽയുദ്ധം നേരിടാൻ ഇന്ത്യ സജ്ജമാണെന്നും നരവനെ വെല്ലുവിളിച്ചു.
https://www.facebook.com/Malayalivartha