ഹരിയാനക്കാരായ സഹോദരിമാര്‍ക്ക് പാസ്പോര്‍ട്ട് നിഷേധിച്ചു; നേപ്പാളി ലുക്കാണ് കാരണമെന്ന് പാസ്‌പോര്‍ട്ട് ഓഫീസിന്റെ വിശദീകരണം!

ഹരിയാനയിലെ പ്രാദേശിക പാസ്പോര്‍ട്ട് ഓഫീസ് വിവാദത്തില്‍. സഹോദരിമാരായ രണ്ടു യുവതികള്‍ സമര്‍പ്പിച്ച അപേക്ഷ പുറം കാഴ്ച വെച്ചുള്ള വിലയിരുത്തലില്‍ തള്ളുകയായിരുന്നു. അവര്‍ കാഴ്ചയില്‍ നേപ്പാളികളെ പോലെയാണ് എന്ന കാരണം പറഞ്ഞാണ്, രേഖകള്‍ പോലും പരിശോധിക്കാതെ സഹോദരിമാര്‍ക്ക് പാസ്പോര്‍ട്ട് നിഷേധിച്ചത്.
യുവതികള്‍ നേരെ മന്ത്രിയെ സമീപിക്കുകയും അനീതി ബോദ്ധ്യപ്പെടുത്തുകയും ചെയ്തതോടെ ഓഫീസര്‍മാരെ മന്ത്രിയും ഡപ്യൂട്ടി കമ്മീഷണറും ശാസിക്കുകയും പ്രശ്നം പരിഹരിക്കുകയും ചെയ്തു.
ഈ അസാധാരണ സാഹചര്യം നേരിടേണ്ടി വന്നത് സന്തോഷ്, സുഷമ എന്നീ സഹോദരിമാര്‍ക്കായിരുന്നു. അപേക്ഷയ്ക്കൊപ്പം ആവശ്യമായ രേഖകള്‍ സഹിതം ഇരുവരും പാസ്പോര്‍ട്ടിനായി അപേക്ഷിച്ച് ഓഫീസിനെ സമീപിച്ചത് കഴിഞ്ഞ ദിവസമായിരുന്നു. എന്നാല്‍ രേഖകളുമായി ബന്ധപ്പെട്ട വിവരം ചോദിച്ചറിയുന്നതിന് പകരം പേപ്പറുകള്‍ പരിശോധിക്കുക പോലും ചെയ്യാതെ യുവതികളെ കാഴ്ചയില്‍ നേപ്പാള്‍ പൗരന്മാരെ പോലെ തോന്നുമെന്ന് പറഞ്ഞ് ഉദ്യോഗസ്ഥര്‍ പാസ്പോര്‍ട്ട് നല്‍കില്ലെന്ന തീരുമാനം എടുക്കുകയായിരുന്നു.
അസാധാരണമായ നടപടിയെ തുടര്‍ന്ന് യുവതികള്‍ നേരെ ഹരിയാനയിലെ ആഭ്യന്തരമന്ത്രി അനില്‍ വിജിന്റെ അരികിലെത്തി. ഔദ്യോഗിക വസതിയില്‍ ചെന്ന് അദ്ദേഹത്തെ കണ്ട യുവതികള്‍ പരാതി പറഞ്ഞു. തങ്ങള്‍ നേരിട്ട ദുരനുഭവം അവരുടെ തന്നെ വാക്കുകളിലൂടെ കേട്ട മന്ത്രി ഡപ്യൂട്ടി കമ്മീഷണര്‍ അശോക് ശര്‍മ്മയെ വിളിച്ചു. യുവതികള്‍ക്ക് പാസ്പോര്‍ട്ട് നിഷേധിക്കപ്പെട്ട സംഭവം അന്വേഷിക്കാന്‍ ഡപ്യൂട്ടി കമ്മീഷണറോട് ആവശ്യപ്പെട്ടു.
തുടര്‍ന്ന് കമ്മീഷണര്‍ ഉദ്യോഗസ്ഥരെ വിളിക്കുകയും രേഖകള്‍ പരിശോധിക്കാതെ തീരുമാനം എടുത്തതിന് ശകാരിക്കുകയും ചെയ്തു. ഡപ്യൂട്ടി കമ്മീഷണറുടെ ഇടപെടലില്‍ കാര്യങ്ങള്‍ നേരെയാക്കി കൊടുക്കുകയൂം ചെയ്തു. നോട്ടത്തില്‍ തന്നെ തീരുമാനം എടുത്ത ഉദ്യോഗസ്ഥരോട് മേലില്‍ ഇത്തരം നടപടി ആവര്‍ത്തിക്കരുതെന്ന താക്കീതും കൊടുത്താണ് അദ്ദേഹം ഉദ്യോഗസ്ഥരെ വിട്ടത്.
https://www.facebook.com/Malayalivartha