ആന്ധ്രപ്രദേശില്‍ 'തെലങ്കാന' ഇഫക്ട്

ആന്ധ്രപ്രദേശ് നിയമസഭ , സ്ത്രീകള്‍ക്കെതിരായ പീഡനങ്ങളും അതിക്രമങ്ങളും തടയാന്‍ ലക്ഷ്യമിട്ട് കഴിഞ്ഞമാസം പാസ്സാക്കിയ ദിശ നിയമം നടപ്പാക്കാനുള്ള ചുമതല രണ്ടു യുവ വനിതാ ഓഫിസര്‍മാര്‍ക്കാണ് നല്‍കിയിരിക്കുന്നത്. ആന്ധ്രയുടെ അയല്‍സംസ്ഥാനമായ തെലങ്കാനയില്‍ വനിതാ ഡോക്ടര്‍ പീഡനത്തെത്തുടര്‍ന്നു കൊല്ലപ്പെട്ട സംഭവത്തിന്റെ ഞെട്ടലിലാണ് ആന്ധാപ്രദേശ് നിയമം കര്‍ശനമാക്കുന്നത്.
സ്ത്രീകള്‍ക്കെതിരെ പീഡനമോ അതിക്രമമോ നടന്നാല്‍ 21 ദിവസങ്ങള്‍ക്കകം വധശിക്ഷ ഉള്‍പ്പെടെ ഉറപ്പുവരുത്തുന്ന നിയമമാണ് 'ദിശ' എന്ന പേരില്‍ നിയമസഭ പാസ്സാക്കിയിരിക്കുന്നത്.
ഐപിഎസ്, ഐഎഎസ് ഓഫിസര്‍മാരായ ദീപികയും ഡോ. കൃതിക ശുക്ലയും കഴിഞ്ഞ ദിവസമാണ് സ്‌പെഷല്‍ ഓഫിസര്‍മാരായി ചുമതലയേറ്റെടുത്തത്. സ്ത്രീ- കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ചുമതലയുണ്ടായിരുന്ന ഡോ. കൃതികയ്ക്ക് അധികച്ചുമതലയായാണ് ദിശ നടപ്പാക്കാനുള്ള ഉത്തരവാദിത്തവും നല്‍കിയിരിക്കുന്നത്. കുര്‍ണൂര്‍ എഎസ്പിയായിരുന്ന ദീപികയെ സ്ഥലം മാറ്റിയാണ് ദിശയുടെ പ്രത്യേക ഓഫിസറായി ചാര്‍ജ് ഏല്‍പ്പിച്ചിരിക്കുന്നത്.
തെളിവുണ്ടെങ്കില്‍ പീഡനക്കേസുകളിലും ആസിഡ് ആക്രമണങ്ങളിലും വേഗത്തില്‍ വിചാരണ ചെയ്യണമെന്നാണ് പുതിയ നിയമം അനുശാസിക്കുന്നത്. 14 ദിവസത്തിനകം വിചാരണ പൂര്‍ത്തിയാക്കി 21 ദിവസത്തിനകം വിധി പറയണമെന്ന പ്രത്യേക വ്യവസ്ഥയും ഏര്‍പ്പെടുത്തിയിട്ടുണ്ട്. അപ്പീല്‍ നല്‍കാനുള്ള സമയപരിധി ആറു മാസത്തില്‍നിന്ന് 45 ദിവസമായി കുറച്ചിട്ടുമുണ്ട്. തെളിവുകളുടെ അടിസ്ഥാനത്തില്‍ വധശിക്ഷ വരെ നല്‍കണമെന്നും പ്രത്യേകം നിഷ്‌കര്‍ഷിക്കുന്നു.
നേരത്തേ മരണം വരെ തടവുശിക്ഷയോ വധശിക്ഷയോ ആണ് വ്യവസ്ഥ ചെയ്തിരുന്നത്. വേഗത്തിലുള്ള വിചാരണയ്ക്കുവേണ്ടി 13 ജില്ലകളിലും പ്രത്യേക കോടതികളും സ്ഥാപിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha