ജെ.എന്‍.യു വിദ്യാര്‍ത്ഥികള്‍ക്കു നേരെ എ.ബി.വി.പി പ്രവര്‍ത്തകരുടെ ആക്രമണം..... പരിക്കേറ്റത് 25ലേറെ വിദ്യാര്‍ത്ഥികള്‍ക്ക്, വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റും എസ്.എഫ്.ഐ നേതാവുമായ ഐഷി ഘോഷിന്റെയും അധ്യാപിക സുചിത്ര സെന്നിന്റെയും തല അക്രമികള്‍ അടിച്ചുപൊട്ടിച്ചു, മുഖം മറച്ചെത്തിയ അമ്പതിലധികം വരുന്ന സംഘമാണ് ആക്രമിച്ചത്

ഹോസ്റ്റല്‍ ഫീസ് വര്‍ധനക്കെതിരെ സമരം ചെയ്യുന്ന ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എന്‍.യു) വിദ്യാര്‍ഥികള്‍ക്കുനേരെ എ.ബി.വി.പി പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തില്‍ സാരമായി പരിക്കേറ്റത് 25ലേറെ വിദ്യാര്‍ഥികള്‍ക്ക്. രണ്ടു വിദ്യാര്‍ഥികളുടെ നില ഗുരുതരമാണ്. വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റും എസ്.എഫ്.ഐ നേതാവുമായ ഐഷി ഘോഷിന്റെയും അധ്യാപിക സുചിത്ര സെന്നിന്റെയും തല അക്രമികള്‍ അടിച്ചുപൊട്ടിച്ചു. ഇവര്‍ എയിംസ് ആശുപത്രിയിലാണുള്ളത്.മലയാളിയായ അസിസ്റ്റന്റ് പ്രഫസര്‍ അമിത് പരമേശ്വരനും യൂനിയന്‍ ജോയന്റ് സെക്രട്ടറിക്കും പരിക്കേറ്റിട്ടുണ്ട്.
മുഖം മറച്ചെത്തിയ അമ്പതിലധികം വരുന്ന സംഘമാണ് ഇന്നലെ വൈകീട്ട് ആറരയോടെ അക്രമം അഴിച്ചുവിട്ടത്. വിദ്യാര്‍ഥികളെ രക്ഷിക്കാന്‍ ശ്രമിച്ചതിനാണ് അധ്യാപകരെ മര്‍ദിച്ചത്. അധ്യാപകരുടെ വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. സബര്‍മതി, മഹി മാന്‍ഡ്‌വി, പെരിയാര്‍ അടക്കമുള്ള ഹോസ്റ്റലുകള്‍ അടിച്ചുതകര്‍ത്തു. കല്ലേറിന് പിന്നാലെ മാരക ആയുധങ്ങളുമായി ഗുണ്ടകള്‍ ഹോസ്റ്റലില്‍ കയറിയതായി വിദ്യാര്‍ഥികള്‍ വെളിപ്പെടുത്തി. എ.ബി.വി.പി പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്ന് അവര്‍ പറഞ്ഞു. ഫീസ് വര്‍ധനക്കെതിരെ സമരം ചെയ്യുന്നവരെ ഞായറാഴ്ച ഉച്ചയോടെ എ.ബി.വി.പി പ്രവര്‍ത്തകര്‍ വളഞ്ഞിട്ട് ആക്രമിച്ചിരുന്നു.
ഇതിനുപിന്നാലെയാണ് പുറത്തുനിന്ന് 50ലധികം വരുന്ന എ.ബി.വി.പി പ്രവര്‍ത്തകര്‍ ഇരുമ്പുവടികളും ഹോക്കി സ്റ്റിക്കുകളുമായി കാമ്പസില്‍ പ്രവേശിച്ച് വീണ്ടും അക്രമം നടത്തിയത്. അക്രമത്തെ തുടര്‍ന്ന് വന്‍ പൊലീസ് സന്നാഹം രാത്രിയോടെ കാമ്പസില്‍ പ്രവേശിച്ചു. അതേസമയം, പൊലീസിന്റെ മുന്നിലൂടെയാണ് അക്രമികള്‍ കാമ്പസില്‍ പ്രവേശിച്ചതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു. സംഭവമറിഞ്ഞ് കാമ്പസിലെത്തിയ സ്വരാജ് അഭിയാന്‍ നേതാവ് യോഗേന്ദ്ര യാദവിനും മര്‍ദനമേറ്റു. എ.ബി.വി.പി ഗുണ്ടകള്‍ വളഞ്ഞിട്ട് ആക്രമിച്ചുവെന്ന് യോഗേന്ദ്ര യാദവ് പ്രതികരിച്ചു. വൈകാതെ, െജ.എന്‍.യുവിന്റെ പ്രധാന ഗേറ്റുകള്‍ എ.ബി.വി.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ കൈയേറി. അക്രമികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് രാത്രി ജെ.എന്‍.യുവിന്റെ പ്രധാന കവാടത്തിന് പുറത്ത് അര്‍ധരാത്രിയിലും പ്രതിഷേധം തുടരുകയാണ്.
https://www.facebook.com/Malayalivartha