പാവപ്പെട്ടവര്‍ക്കും ഭരണഘടനയ്ക്കും എതിരെയുള്ള നിങ്ങളുടെ ഗൂഢാലോചനയെ വിദ്യാർത്ഥികൾ ഒരുമിച്ച് തോല്‍പ്പിക്കും; കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി കനയ്യ കുമാര്‍

ജവാഹർലാൽ നെഹ്റു സർവകലാശാലയിൽ രാത്രിയുടെ മറവിൽ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ നടന്ന ആക്രമണത്തിൽ കേന്ദ്രസര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി വിദ്യാര്‍ത്ഥി യൂണിയന്‍ മുന്‍ പ്രസിഡന്റും സിപിഐ നേതാവുമായ കനയ്യ കുമാര്‍ രംഗത്ത്. ബിജെപി സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ യുദ്ധം നടത്തുകയാണെന്ന് കനയ്യകുമാർ ആഞ്ഞടിച്ചു.
എത്ര നാണംകെട്ട സര്‍ക്കാരാണിത്. ആദ്യം അവര്‍ ഫീസ് വര്‍ദ്ധിപ്പിക്കും. വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുമ്ബോള്‍ പൊലീസിനെക്കൊണ്ട് തല്ലിക്കും, അതില്‍ വിദ്യാര്‍ത്ഥിതള്‍ വഴങ്ങിയില്ലെങ്കില്‍ അക്രമിക്കാന്‍ ഗുണ്ടകളെ വിടും. അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ അവര്‍ രാജ്യത്തെ വിദ്യാര്‍ത്ഥികളോട് യുദ്ധം ചെയ്യുകയാണ്. എന്ന് കനയ്യകുമാര് ട്വിറ്ററില്‍ കുറിച്ചു. ഞാന്‍ വീണ്ടും പറയുന്നു, നിങ്ങള്‍ക്ക് അടിച്ചൊതുക്കാന്‍ സാധിച്ചേക്കാം, പക്ഷേ ഇന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ വീണ്ടും എഴുന്നേല്‍ക്കുകതന്നെ ചെയ്യും. പാവപ്പെട്ടവര്‍ക്കും ഭരണഘടനയ്ക്കും എതിരെയുള്ള നിങ്ങളുടെ ഗൂഢാലോചനയെ അവര്‍ ഒരുമിച്ച് തോല്‍പ്പിക്കും.-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ജെഎന്‍യുവില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരെ മുഖംമൂടി ധരിച്ച ഒരുസംഘം രാത്രിയുടെ മറവിൽ അക്രമം അഴിച്ചുവിട്ടത്. ഇരുമ്പുകമ്പികളും ചുറ്റികയുമായി ക്യാംപസിൽ അതിക്രമിച്ചു കയറിയ സംഘമാണു വിദ്യാർഥികൾക്കു നേരെ മർദനം അഴിച്ചുവിടുകയായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന പൊലീസ് കാഴ്ചക്കാരായി മാറിനിൽക്കുകയായിരുന്നു.
എബിവിപി പ്രവർത്തകരാണു അക്രമത്തിനു പിന്നിലെന്നു വ്യക്തമാക്കുന്ന ചിത്രങ്ങളും വിഡിയോകളും പുറത്തെത്തുന്നുണ്ട്. അധ്യാപകരെപ്പോലും ഇവർ വെറുതേ വിട്ടില്ല. സംഭവത്തില്‍ നാല്‍പ്പതോളം വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഹോസ്റ്റലുകളും മറ്റും തല്ലിതകര്‍ത്ത അക്രമികള്‍ വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റ് ഐഷി ഘോഷിന്റെ തലയടിച്ചു പൊട്ടിച്ചു. ഗുരുതരമായി പരിക്കേറ്റ ഐഷിയെയും മറ്റ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും എംയിസില്‍ പ്രവേശിപ്പിച്ചിരിക്കുയാണ്. സംഭവവുമായി ബന്ധപ്പെട്ട് നാലുപേരെ ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഫീസ് വർധന പിൻവലിച്ചു പൊതുവിദ്യാഭ്യാസം സംരക്ഷിക്കണമെന്ന ആവശ്യവുമായി ജെഎൻയു വിദ്യാർഥികൾ കേന്ദ്ര മാനവശേഷി മന്ത്രാലയത്തിലേക്കു മാർച്ച് നടത്താനിരിക്കെയാണ് അക്രമം. ശനിയാഴ്ച സുരക്ഷാ ജീവനക്കാർ പെൺകുട്ടികളടക്കമുള്ള വിദ്യാർഥികളെ അപമാനിക്കുകയും ആക്രമിക്കുകയും ചെയ്തതും വലിയ പ്രതിഷേധത്തിനു കാരണമായിരുന്നു.
https://www.facebook.com/Malayalivartha