ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതിയുമായുള്ള വിവാദ അഭിമുഖത്തിനെതിരെ പ്രതിഷേധം: ചട്ടങ്ങളെല്ലാം പാലിച്ചാണോ അഭിമുഖത്തിന് അനുമതി നല്‍കിയതെന്ന് പരിശോധിക്കുന്നുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍

ഡല്‍ഹി കൂട്ടമാനഭംഗക്കേസിലെ പ്രതി മുകേഷ് സിങ്ങുമായുള്ള വിവാദ അഭിമുഖത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന പ്രതി, രാജ്യാന്തര വാര്‍ത്താ ചാനലിന് അഭിമുഖം നല്‍കിയതിനെ കുറിച്ച് കേന്ദ്രസര്‍ക്കാര്‍ അന്വേഷിക്കും. അതിനിടെ മുകേഷ് സിങ്ങിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ പെണ്‍കുട്ടിയുടെ കുടുംബവും രംഗത്തെത്തി. ഡല്‍ഹി കൂട്ടമാനഭംഗത്തിന്റെ ഉത്തരവാദി പീഡനത്തിനിരയായ പെണ്‍കുട്ടിയാണെന്നാണ് മുകേഷ് സിങ് അഭിമുഖത്തില്‍ പറഞ്ഞത്.
പീഡനത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയെ അപമാനിക്കുന്ന തരത്തിലുള്ള പ്രതിയുടെ അഭിമുഖം വിവാദമായതോടെയാണ് സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഉത്തരവിട്ടത്.ഏതു സഹാചര്യത്തിലാണ് അഭിമുഖത്തിന് അനുമതി നല്‍കിയതെന്ന് വ്യക്തമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ജയില്‍ അധികൃതരോട് ആവശ്യപ്പെട്ടു. ചട്ടങ്ങളെല്ലാം പാലിച്ചാണോ അഭിമുഖത്തിന് അനുമതി നല്‍കിയതെന്നും പരിശോധിക്കുന്നുണ്ട്. ചട്ടവിരുദ്ധമായാണ് അനുമതിയെങ്കില്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകും. അതിനിടെ മുകേഷ് സിങ്ങിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ പെണ്‍കുട്ടിയുടെ മാതാപിതാക്കളും രംഗത്തെത്തി. ചെയ്ത തെറ്റിനെ തരംതാണ രീതിയില്‍ ന്യായീകരിക്കുന്ന പ്രതിക്ക് കടുത്ത ശിക്ഷ നല്‍കിയില്ലെങ്കില്‍ സ്ത്രീകള്‍ ഇനിയും ദുരുപയോഗം ചെയ്യപ്പെടുമെന്ന് പെണ്‍കുട്ടിയുടെ മാതാവ് പറഞ്ഞു. പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
രാജ്യാന്തര വനിതാ ദിനത്തോട് അനുബന്ധിച്ചാണ് തിഹാര്‍ ജയിലില്‍ കഴിയുന്ന മുകേഷ് സിങ്ങിന്റെ അഭിമുഖം ചാനല്‍ എടുത്തത്. പീഡന ശ്രമത്തിനിടെ എതിര്‍ത്തതിനാലാണ് പെണ്‍കുട്ടിയെ കൊന്നതെന്നും, എതിര്‍ക്കാതെ സഹകരിച്ചിരുന്നുവെങ്കില്‍ കൊല്ലില്ലായിരുന്നുവെന്നും അഭിമുഖത്തില്‍ മുകേഷ് സിങ് പറയുന്നുണ്ട്.പുരുഷന്മാരല്ല, രാത്രി ഒന്‍പതു മണിക്കു ശേഷം പുറത്തിറങ്ങുന്ന സ്ത്രീകള്‍ തന്നെയാണ് മാനഭംഗത്തിന് ഉത്തരവാദികളെന്നും ഇയാള്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























