ആപ്പില്‍ കൂട്ടരാജി; കെജ്‌രിവാളും യോഗേന്ദ്ര യാദവും ഭൂഷണും രാജിവച്ചു

ഡല്‍ഹിയില്‍ തരംഗമായി മാറി വിജയം തുത്തുവാരിയ ആപ്പില്‍ പിളര്‍പ്പിന്റെ മണി മുഴങ്ങുന്നു. ആം ആദ്മി പാര്‍ട്ടിയിലെ നേതാക്കള്‍ക്കിടയിലെ തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെ പാര്‍ട്ടിയില്‍ കൂട്ടരാജി. പാര്‍ട്ടി ദേശീയ കണ്‍വീനര്‍ സ്ഥാനം ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ രാജിവച്ചു. രാജിസന്നദ്ധത അറിയിച്ചുള്ള കത്ത് ദേശീയ നിര്‍വാഹക സമിതിക്ക് നല്‍കി. ഡല്‍ഹി ഭരണത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തനിക്ക് താല്‍പര്യമെന്നും കത്തില്‍ പറയുന്നു. തൊട്ടുപിന്നാലെ പാര്‍ട്ടി രാഷ്ട്രീയ സമിതിയില്‍ നിന്നു യോഗേന്ദ്ര യാദവും പ്രശാന്ത് ഭൂഷണും രാജിവച്ചു. സമിതിയുടെ യോഗം ഉച്ചകഴിഞ്ഞ് ചേരാനിരിക്കേയാണ് ഇവരുടെ അപ്രതീക്ഷിത രാജി പ്രഖ്യാപനം. പാര്‍ട്ടിയിലെ പ്രശ്‌നങ്ങള്‍ തന്നെ വളരെയധികം വേദനിപ്പിച്ചതായി നേരത്തെ വ്യക്തമാക്കിയ കെജ്‌രിവാള്‍ ഈ വൃത്തികെട്ട കളിയില്‍ ഇടപെടാന്‍ തനിക്ക് താല്‍പര്യമില്ലെന്നും പറഞ്ഞിരുന്നു.
രാജിക്കത്ത് ലഭിച്ചതോടെ ഇന്നത്തെ നിര്‍വാഹക സമിതിയോഗത്തിലെ പ്രധാന ചര്‍ച്ച ഇതിനായിരിക്കുമെന്നും സൂചനയുണ്ട്. സമിതി ചര്‍ച്ച ചെയ്ത് കെജ്‌രിവാളിന്റെ രാജിനിര്‍ദേശം തള്ളാനാണ് സാധ്യത. ആരോഗ്യപ്രശ്‌നമുള്ളതിനാല്‍ യോഗത്തില്‍ പങ്കെടുക്കില്ലെന്ന് കെജ്‌രിവാള്‍ നേരത്തെ അറിയിച്ചിരുന്നു. പ്രകൃതി ചികിത്സയ്ക്കായി നാളെ ബംഗലൂരുവിലേക്ക് പോകുകയാണ് കെജ്‌രിവാള്‍.
പാര്‍ട്ടി അധ്യക്ഷ സ്ഥാനവും മുഖ്യമന്ത്രി പദവിയും ഒരാള്‍ തന്നെ വഹിക്കുന്നത് ശരിയല്ലെന്നും കെജ്‌രിവാള്‍ കണ്‍വീനര്‍ സ്ഥാനം രാജിവയ്ക്കണമെന്നും ഫെബ്രുവരി 26ന് ചേര്‍ന്ന നിര്‍വാഹക സമിതിയില്‍ മുതിര്‍ന്ന നേതാവ് യോഗേന്ദ്ര യാദവ് ആവശ്യപ്പെട്ടിരുന്നു. ഇതുപ്രകാരം കെജ്‌രിവാള്‍ രാജിസന്നദ്ധതയും അറിയിച്ചിരുന്നു. എന്നാല്‍ സമിതിയിലെ മറ്റംഗങ്ങള്‍ ഇതിനെ എതിര്‍ത്തു. തുടര്‍ന്നാണ് പാര്‍ട്ടിയിലെ തര്‍ക്കം മറനീക്കി പുറത്തുവന്നത്. കെജ്‌രിവാളിനെ നീക്കി കണ്‍വീനര്‍ സ്ഥാനം പിടിച്ചെടുക്കാന്‍ യോഗേന്ദ്ര യാദവ് ശ്രമിക്കുന്നതായി കെജ്‌രിവാളിന്റെ വിശ്വസ്തര്‍ ആരോപിച്ചു. ഇതു തെളിയിക്കുന്ന ഓഡിയോ ടേപ്പും ഇവര്‍ പുറത്തുവിട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























