പാക് മന്ത്രിയുടെ വായടപ്പിച്ചു, കേജരിവാളും സമ്മതിച്ചു മോദി എന്റെ പ്രധാനമന്ത്രി ; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച പാക് മന്ത്രി ഫവാദ് ഹുസൈന് തക്ക മറുപടി നൽകി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമര്‍ശിച്ച പാക് മന്ത്രി ഫവാദ് ഹുസൈന് തക്ക മറുപടി നൽകി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ പുറത്തുനിന്നൊരാള്‍ ഇടപെടേണ്ടതില്ലെന്ന് ഫവാദ് ഹുസൈന് മറുപടി നൽകിയിരിക്കുകയാണ് കെജ്രിവാൾ. മോദിയെ പരിഹസിച്ചു കൊണ്ടുള്ള ഫവാദ് ഹുസൈന്റെ ട്വീറ്റിന് മറുപടി നൽകുകയായിരുന്നു കെജ്രിവാള്‍.
യുദ്ധമുണ്ടായാല്‍ പാകിസ്താനെ പരാജയപ്പെടുത്താന്‍ ഇന്ത്യന്‍ സൈന്യത്തിന് പത്ത് ദിവസം മതിയാവുമെന്ന പ്രധാനമന്ത്രി മോദിയുടെ പ്രസ്താവനയെ പരിഹസിച്ച് ഫവാദ് ഹുസൈന്‍ നേരത്തെ രംഗത്തുവന്നിരുന്നു. ഡല്‍ഹി തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്നുള്ള സമ്മര്‍ദത്തില്‍ മോദി പലതരം അവകാശവാദങ്ങളും ഭീഷണികളും മുഴക്കി രാജ്യത്തെ അപകടപ്പെടുത്തുകയാണെന്നും കശ്മീര്‍, പൗരത്വ നിയമം, സമ്ബദ്ഘടനയിലെ പ്രശ്‌നങ്ങള്‍ എന്നിവയെത്തുടര്‍ന്ന് പ്രധാനമന്ത്രിക്ക് അടിതെറ്റിയെന്നും ഫവാദ് ഹുസൈന്‍ പരിഹസിച്ചു.
ഇന്ത്യയിലെ ജനങ്ങള്‍ #ModiMadness-നെ പരാജയപ്പെടുത്തണമെന്നും ഫവാദ് പറഞ്ഞു. ഇതിന് മറുപടിയുമായാണ് കെജ്രിവാള്‍ രംഗത്തുവന്നത്.
'നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്. അദ്ദേഹം എന്റെ പ്രധാനമന്ത്രിയും കൂടിയാണ്. ഡല്‍ഹി തിരഞ്ഞെടുപ്പ് ഇന്ത്യയുടെ ആഭ്യന്തര കാര്യമാണ്. ഇതില്‍ തീവ്രവാദത്തെ പിന്തുണയ്ക്കുന്നവര്‍ ഇടപെടുന്നത് ഞങ്ങള്‍ സഹിക്കില്ല. പാകിസ്താന്‍ എത്രവേണമെങ്കിലും ശ്രമിച്ചോളൂ, എന്നാല്‍ എത്ര ശ്രമിച്ചാലും ഇന്ത്യയുടെ ഐക്യത്തിന് ഒരു ദോഷവും വരുത്താന്‍ കഴിയില്ലെന്നും കെജ്രിവാള്‍ ട്വിറ്ററിലൂടെ പ്രതികരിച്ചു.
ഡല്‍ഹി തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ആം ആദ്മിയും ബിജെപിയും തമ്മിലുള്ള വാദപ്രതിവാദങ്ങള്‍ ശക്തമാവുന്നതിനിടെയാണ് തന്റെ കടുത്ത വിമര്‍ശകനായ മോദിക്ക് പിന്തുണ അറിയിച്ച് ഫവാദ് ഹുസൈനെതിരെ കെജ്രിവാള്‍ രംഗത്തുവന്നത് എന്നതും ശ്രദ്ധേയമാണ്.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് അടുത്തമാസം 8ന് നടക്കും. 11നാണ് വോട്ടെണ്ണല്‍. പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങള്‍ക്കും രാഷ്ട്രീയ ഏറ്റുമുട്ടലുകള്‍ക്കുമിടെയാണ് രാജ്യതലസ്ഥാനം വിധിയെഴുതുന്നത്. ആംആദ്മി പാര്‍ട്ടി, ബിജെപി, കോണ്‍ഗ്രസ് ത്രികോണമല്‍സരമാണ് നടക്കുക. കേന്ദ്ര ബജറ്റില്‍ ഡല്‍ഹിക്കായി പ്രഖ്യാപനങ്ങള്‍ പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രായമായവര്‍ക്കും ശാരീരിക ബുദ്ധിമുട്ടുള്ളവര്‍ക്കും പോസ്റ്റല്‍ വോട്ടിന് സൗകര്യമുണ്ടാകും.
വികസനത്തിന് വോട്ടുകിട്ടുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും ആംആദ്മിപാര്‍ട്ടിയെ ഡല്‍ഹി കൈയ്യൊഴിയുമെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കറും പ്രതികരിച്ചു. വെള്ളത്തിനും വൈദ്യതിക്കുമുള്ള സൗജന്യവും വിദ്യാഭ്യാസ, ആരോഗ്യമേഖലയിലെ മാറ്റങ്ങളും ഉള്‍പ്പെടെ ഭരണനേട്ടങ്ങളാണ് കേജ്‍രിവാളിന്‍റെ പ്ലസ് പോയിന്‍റ്. 70ല്‍ 67 സീറ്റും നേടിയാണ് എഎപി അധികാരം പിടിച്ചത്. ലോക്സഭാ തിരഞ്ഞെടുപ്പ് തൂത്തുവാരിയതും ഡല്‍ഹിയിലെ അധികൃത കോളനികള്‍ ക്രമപ്പെടുത്തിയതും ബിജെപിക്ക് ആത്മവിശ്വാസം നല്‍കുന്നു. ഷീല ദീക്ഷിതിന്‍റെ മരണശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് നിലനില്‍പ്പിനായുള്ള പോരാട്ടമാണ്.
https://www.facebook.com/Malayalivartha