ജോലി സ്ഥാപനത്തിൽ നിന്നും ഉല്ലാസ യാത്രക്ക് പുറപ്പെട്ട ബസ് പാറക്കെട്ടിലിടിച്ച് തകർന്നു...9 മരണം, 26 പേർക്കു പരുക്ക്...
ഉഡുപ്പി- ചിക്കമഗളൂരു പാതയിൽ കാർക്കളയ്ക്കു സമീപം പശ്ചിമഘട്ടത്തിലെ ചുരം മേഖലയിലെ മുളൂരിൽ ആണ് ബസ് റോഡരികിലെ പാറക്കെട്ടിൽ ഇടിച്ച് അപകടമുണ്ടായത് . ശനിയാഴ്ച വൈകിയായിരുന്നു അപകടം. മൈസൂരുവിലെ സെഞ്ചുറി വിട്ടൽ റെക്കോഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലെ ജീവനക്കാരായ രാധ രവി, പ്രീതം ഗൗഡ, ബസവരാജു, അനഘ്ന, യോഗേന്ദ്ര, ഷാരൂൽ, രഞ്ജിത, ബസ് ഡ്രൈവർ ഉമേഷ്, ക്ലീനർ എന്നിവരാണു മരിച്ചത്.
സ്ഥാപനത്തിലെ ജീവനക്കാരുമായി മൈസൂരുവിൽനിന്ന് ഉഡുപ്പിയിലേക്ക് ഉല്ലാസയാത്രയ്ക്കു പോകുകയായിരുന്ന ബസാണ് അപകടത്തിൽ പെട്ടത്. യാത്രാമധ്യേബസിനു തകരാർ ഉണ്ടായി. എങ്കിലും ബസ് കളസയിലെ വർക്ക്ഷോപ്പിൽ നിന്നു ശരിയാക്കി വീണ്ടും യാത്ര തുടരുകയായിരുന്നു
ചുരത്തിലെ വളവിൽ സ്റ്റിയറിങ് തിരിയാതെ ബസ് റോഡരികിലെ പാറക്കെട്ടിൽ ഇടിക്കുകയായിരുന്നു. വളവിൽ ബസിന്റെ വേഗത കുറച്ചിരുന്നില്ലെന്നും ആരോപണമുണ്ട് . 20 മീറ്ററോളം പാറക്കെട്ടിൽ ഉരഞ്ഞു നീങ്ങിയ ശേഷമാണു ബസ് നിന്നത്. പാറയിൽ ഉരഞ്ഞ വശം പൂർണമായി തകർന്നു. സാരമായി പരുക്കേറ്റ 8 പേരെ മണിപ്പാലിലും മറ്റുള്ളവരെ കാർക്കളയിലെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു
https://www.facebook.com/Malayalivartha