അമേരിക്കൻ പ്രസിഡന്റ്റിന്റെ ഇന്ത്യ സന്ദർശനം; മകൾ ഇവാൻക ട്രംപും മരുമകൻ ജെറാദ് കഷ്നറും ട്രംപിനൊപ്പം ഇന്ത്യയിലെത്തുമെന്ന് സൂചന

അമേരിക്കൻ പ്രസിഡന്റ്റ് ഡൊണാൾഡ് ട്രംപിന്റെ ഇന്ത്യ സന്ദർശനമാണ് ഇപ്പോൾ വാർത്തകളിൽ നിറയുന്നത്. ട്രംപിന്റെ ഇന്ത്യ സന്ദർശനവുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരികയാണ്. അടുത്ത ആഴ്ച നടക്കുന്ന ഇന്ത്യ സന്ദര്‍ശനത്തില്‍ ട്രംപിന്റെ മകൾ ഇവാൻക ട്രംപും മരുമകന്‍ ജെറാദ് കഷ്നറും ട്രംപിനൊപ്പം ഇന്ത്യയിലെത്തുമെന്നാണു സൂചന. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് റോബർട്ട് ഒബ്രയാൻ, ട്രഷറി സെക്രട്ടറി സ്റ്റീവ് മിനൂച്ചിന്‍, വാണിജ്യ സെക്രട്ടറി വിൽബർ റോസ്, ഊർജ സെക്രട്ടറി ഡാൻ ബ്രോയിലറ്റ് എന്നിവരും യുഎസ് സംഘത്തിലുണ്ടാകും എന്നാണ് റിപ്പോർട്ട്.
അതേ സമയം യുഎസ് വ്യവസായ പ്രതിനിധി റോബർട്ട് ലൈറ്റ്തിസർ ഇന്ത്യയില്‍ സന്ദർശനത്തിനെത്തില്ല. . വാണിജ്യ മന്ത്രി പീയുഷ് ഗോയലുമായി റോബർട്ട് നടത്തിയ ചർച്ച നേരത്തേ തീരുമാനമാകാതെ അവസാനിച്ചിരുന്നു. ഇവാൻകയും മരുമകൻ കഷ്നറും യുഎസ് പ്രസിഡന്റിന്റെ മുതിർന്ന ഉപദേഷ്ടാക്കളുടെ ചുമതലയും വഹിക്കുന്നുണ്ട്. ഫെബ്രുവരി 24നാണ് ട്രംപും സംഘവും അഹമ്മദാബാദിൽ എത്തുന്നത് . റോഡ് ഷോയ്ക്കുശേഷം യുഎസ് പ്രസിഡന്റും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുതുതായി നിർമിച്ച സർദാർ വല്ലഭായ് പട്ടേൽ സ്റ്റേഡിയത്തിൽനിന്നു ജനങ്ങളെ അഭിസംബോധന ചെയ്യും.
‘ഡോണൾഡ് ട്രംപ് നാഗരിക് അഭിനന്ദൻ സമിതി’യാണു പരിപാടി നടത്തുന്നതെന്നാണു സര്‍ക്കാർ നൽകുന്ന വിവരം. എന്നാൽ ഈ കമ്മിറ്റി ഏതാണെന്നോ, ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന പരിപാടിക്ക് പണം ചെലവാക്കുന്നത് ആരെന്നോ ഇപ്പോഴും വ്യക്തമല്ല. ആഗ്രയിലേക്കും ഔദ്യോഗിക ചർച്ചകൾക്കായി ഡല്‍ഹിയിലേക്കും ട്രംപും സംഘവും പിന്നീടു പോകും.
https://www.facebook.com/Malayalivartha