പ്രണയിച്ച് വിവാഹം കഴിച്ചതിന് ഭാര്യയുടെ ബന്ധുക്കള്‍ യുവാവിനെ തുടലില്‍ കെട്ടിയിട്ട് മര്‍ദിച്ചു; കുരയ്ക്കാന്‍ ആവശ്യപ്പെട്ടു!

ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലുള്ള കല്ലു ഗാര്‍ഹി ഗ്രാമവാസിയായ ഇക്രാമുദ്ദീന്‍ എന്ന യുവാവ് പ്രണയിച്ച് വിവാഹം കഴിച്ചതിന് യുവാവിനെ ഭാര്യയുടെ ബന്ധുക്കള്‍ തുടലില്‍ കെട്ടി ക്രൂരമായി മര്‍ദ്ദിച്ച ശേഷം കുരയ്ക്കാന്‍ നിര്‍ബന്ധിച്ചു. 2019 മേയില്‍ നടന്ന സംഭവത്തിന്റെ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്.
യുവാവിനെ ആളൊഴിഞ്ഞ വീട്ടിലേക്ക് തട്ടിക്കൊണ്ടുവന്നശേഷം ഭാര്യയുടെ വീട്ടുകാര്‍ മര്‍ദിക്കുകയായിരുന്നു. അതിനുശേഷം നായയെ കെട്ടുന്ന തുടല്‍ ഇയാളുടെ കഴുത്തിലിട്ട ശേഷം കുരയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് വീണ്ടും മര്‍ദിക്കുകയായിരുന്നു.
അയല്‍വാസി കൂടിയായ പെണ്‍കുട്ടിയെ ഇക്രാമുദ്ദീന്‍ പ്രണയിച്ച് വിവാഹം കഴിച്ചത് 2018-ലാണ്.രഹസ്യ വിവാഹത്തിനുപിന്നാലെ ഇവര്‍ മറ്റൊരു സ്ഥലത്തേയ്ക്ക് മാറി താമസിക്കുകയായിരുന്നു. ഒന്നരവര്‍ഷത്തിനു ശേഷം ഇരുവരും നാട്ടില്‍ തിരിച്ചെത്തി. പക്ഷേ, ബന്ധുക്കളുടെ പക അടങ്ങിയിരുന്നില്ല. ഇതേത്തുടര്‍ന്ന് ഇക്രാമുദ്ദീനെ തട്ടിക്കൊണ്ടുപോയി മര്‍ദിക്കുകയായിരുന്നു.
മര്‍ദനത്തില്‍ പരുക്കേറ്റ ഇക്രാമുദ്ദീന്‍ ആശുപത്രിവാസത്തിനുശേഷം പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചു. എന്നാല്‍ ഇക്രാമുദ്ദീന്‍ ഭാര്യയെ പീഡിപ്പിച്ചെന്ന് ആരോപിച്ച് ബന്ധുക്കള്‍ ഗാസിയാബാദ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഇക്രാമുദ്ദീനെ അറസ്റ്റ് ചെയ്ത് ജയിലിലേക്ക് അയച്ചു.
ജയിലില്‍നിന്നും ജാമ്യത്തിലിറങ്ങിയ ശേഷമാണ് ഇക്രാമുദ്ദീന്‍ മര്‍ദിച്ചവര്‍ക്കെതിരെ പരാതി നല്‍കിയത്. പരാതി നല്‍കിയതിന്റെ പേരില്‍ ഓരോ നിമിഷവും വധഭീഷണി ഭയന്നാണ് താനും ഭാര്യയും ജീവിക്കുന്നതെന്നും ഇക്രാമുദ്ദീന്‍ പറയുന്നു.
https://www.facebook.com/Malayalivartha