24 മണിക്കൂറിനിടെ രാജ്യത്ത് 42 പുതിയ കേസുകള്‍, നാലുമരണം; രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 649

ലോകം ഒന്നടങ്കം കൊറോണ ഭീതിയിലാണ്. ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 42 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയതിന്റെ റിപ്പോർട്ട്. നാലുപേര്‍ മരിച്ചതായും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 649 ആയതായും ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു.
കോവിഡ് രോഗികള്‍ക്കു മാത്രമായി ആശുപത്രികള്‍ സജ്ജമാക്കണമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അഭ്യര്‍ഥന പരിഗണിച്ച് 17 സംസ്ഥാനങ്ങള്‍ അത്തരം ആശുപത്രികള്‍ തയ്യാറാക്കിയതായും അദ്ദേഹം അറിയിച്ചു . കൊറോണ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നുണ്ട്. എന്നാല്‍ അത് വലിയതോതിലുള്ള വര്‍ധനവല്ല. ഇത് ആദ്യഘട്ടത്തിലെ ട്രെന്‍ഡ് ആണെന്നും ലവ് അഗര്‍വാള്‍ വ്യക്തമാക്കി.
ഇന്ത്യയില്‍ ഇതിനോടകം 13പേര്‍ക്കാണ് കൊറോണ മൂലം ജീവന്‍ നഷ്ടമായത്. കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് 21 ദിവസത്തേക്ക് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ്.
ലോകത്താകമാനം ഇതിനോടകം അഞ്ചുലക്ഷത്തോളം പേര്‍ക്ക് കൊറോണ ബാധിച്ചു. 21,000 പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഏറ്റവും ഉയര്‍ന്ന മരണസംഖ്യ ഇറ്റലിയിലാണ്. 7503 പേരാണ് മരിച്ചത്. കൊറോണ അതിവേഗം പടരുന്ന സ്‌പെയിനില്‍ നാലായിരത്തിലധികം പേര്‍ക്കും ജീവന്‍ നഷ്ടമായി. അമേരിക്കയിലും ജര്‍മനിയിലും കൊറോണ അതിവേഗം പടര്‍ന്നുപിടിക്കുകയാണ്. കൊറോണവ്യാപനം തടയുന്നതിന്റെ ഭാഗമായി വിവിധരാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ബാധിച്ചിരിക്കുന്നത് 1.5 ബില്യന്‍ ജനങ്ങളെയാണ്.
കോവിഡ്-19 വൈറസിനെ പ്രതിരോധിക്കുന്നതിനായുള്ള പ്രവര്ത്തനങ്ങള് ഏകോപിപ്പിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വാര് റൂം തുറന്നു. സെക്രട്ടറിയേറ്റില് 24 മണിക്കൂറും പ്രവര്ത്തിക്കുന്ന വാര് റൂമാണ് സജ്ജമാക്കിയിരിക്കുന്നത്. ഐഎഎസ് ഉദ്യോഗസ്ഥന് ഇളേങ്കാവന്റെ നേതൃത്വത്തിലാണ് വാര് റൂം പ്രവര്ത്തിക്കുക. ലോക്ഡൗണിലേക്ക് സംസ്ഥാനം കടന്ന ഘട്ടത്തില് പ്രതിരോധ, മുന്കരുതല് പ്രവര്ത്തനത്തില് ഒരു പാളിച്ചയും വിട്ടുവീഴ്ചയും പാടില്ലെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് വാര് റൂം സജ്ജമാക്കിയത്.
https://www.facebook.com/Malayalivartha