മുംബൈ വിമാനത്താവളത്തില്‍ ജോലിയിലുണ്ടായിരുന്ന സി ഐ എസ് എഫ് ജവാന്മാരില്‍ 11 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് 42 ജവാന്മാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചു, രാജ്യത്ത് കൊറോണ ബാധിതരുടെ എണ്ണം 2,500 കടന്നു

കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട പ്രതിരോധ നടപടികളുടെ ഭാഗമായി രാജ്യാന്തര വിമാനത്താവളത്തില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നും വന്നിറങ്ങുന്നവരെ തെര്‍മല്‍ സ്‌ക്രീനിങ്ങിനു വിധേയരാക്കുന്നുണ്ട്. ശരീരത്തില്‍ സ്പര്‍ശിക്കാതെ ഊഷ്മാവ് അളക്കുന്ന സ്‌കാനിങ് സംവിധാനമാണിത്. ഊഷ്മാവ് കൂടുതലുള്ളവരെ മാറ്റിനിര്‍ത്തി, പിന്നീട് വിശദമായ പരിശോധനയ്ക്കു വിധേയരാക്കിയ ശേഷം രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ നിരീക്ഷണത്തിലേക്കു മാറ്റുകയാണ് രീതി. മുംബൈ വിമാനത്താവളത്തില്‍ ജോലിയിലുണ്ടായിരുന്ന സി ഐ എസ് എഫ് ജവാന്മാരില്‍ 11 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതേത്തുടര്‍ന്ന് 42 ജവാന്മാരെ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഒരു ജവാന്റെ ആദ്യ പരിശോധനാഫലം പോസിറ്റീവായിരുന്നെങ്കിലും രണ്ടാമത്തെ പരിശോധനാഫലം നെഗറ്റീവായിരുന്നു. അദ്ദേഹത്തിന്റെ സാമ്പിളുകള്‍ മൂന്നാംഘട്ട പരിശോധനക്കായി അയച്ചിരിക്കുകയാണ്. നിലവില്‍ അദ്ദേഹം ഐസൊലേഷന്‍ വാര്‍ഡിലാണ് കഴിയുന്നതെന്നും സിഐഎസ്എഫ് അറിയിച്ചു.
അതേസമയം മഹാരാഷ്ട്രയില്‍ വെള്ളിയാഴ്ച 423 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അതില്‍ മുംബൈയില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് 253 കേസുകളാണ്. രാജ്യാന്തര വിമാനത്താവളത്തില്‍ വന്നിറങ്ങുന്നവരില്‍ നിന്ന് ഫോം പൂരിപ്പിച്ചു വാങ്ങുന്നുണ്ട്. കോവിഡ് ബാധ കൂടുതലുള്ളതും പ്രത്യേക പട്ടികയിലുള്ളതുമായി രാജ്യങ്ങളില്‍ നിന്നുള്ളവരെ വിശദ പരിശോധനയ്ക്ക് വിധേയമാക്കും. ആഭ്യന്തര വിമാനത്താവളത്തില്‍ വന്നിറങ്ങുന്നതില്‍ കൊറോണ ബാധിച്ച സംസ്ഥാനങ്ങളില്‍ നിന്നുള്ള യാത്രക്കാരെയും മുംബൈ വിമാനത്താവളത്തില്‍ നിരീക്ഷിക്കുന്നുണ്ട്.
രാജ്യത്ത് കോവിഡ്-19 ബാധിച്ചവരുടെ എണ്ണം 2,547 ആയതായി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം. ഇതില്‍ 62 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 2322 പേര്‍ ചികിത്സയില്‍ തുടരുകയാണ്. 162 പേര്‍ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 478 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. രോഗികളുടെ എണ്ണത്തിന്റെ കാര്യത്തില്‍ ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലിയ വര്‍ധനയാണിത്.
രാജ്യത്ത് സ്ഥിരീകരിച്ച 950 ഓളം കേസുകള്‍ക്ക് നിസാമുദ്ദീനില്‍ നടന്ന മതസമ്മേളനവുമായി ബന്ധമുണ്ടെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കഴിഞ്ഞ രണ്ടുദിവസമായി സ്ഥിരീകരിച്ച 647 കേസുകളും നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരുടേതാണ്.
കേരളത്തില്‍ വെള്ളിയാഴ്ച ഒമ്പതുപേര്‍ക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. കാസര്‍കോട് സ്വദേശികളായ ഏഴുപേര്‍ക്കും തൃശ്ശൂര്‍, കണ്ണൂര്‍ ജില്ലകളില്‍നിന്നുള്ള ഓരോരുത്തര്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവരില്‍ മൂന്നുപേര്‍ ഡല്‍ഹി നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത് മടങ്ങിവന്നതിനു ശേഷം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നവരാണ്.
ലോകത്തെ കൊറോണ ബാധിതരുടെ എണ്ണം 1,027,156 ആയി. 54,028 പേര്‍ക്ക് ജീവന്‍ നഷ്ടമായി. 209,981 പേര്‍ രോഗമുക്തി തേടി. നിലവില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിതരുള്ളത് അമേരിക്കയിലാണ്. 2,45,573 പേര്‍ക്കാണ് അമേരിക്കയില്‍ കൊറോണ സ്ഥിരീകരിച്ചത്. 6,058 പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും ചെയ്തു. കൊറോണ ബാധിതരുടെ എണ്ണത്തില്‍ അമേരിക്കയ്ക്കു പിന്നില്‍ സ്പെയിനാണ്. 1,17,710 പേര്‍ക്കാണ് സ്പെയിനില്‍ കൊറോണ സ്ഥിരീകരിച്ചത്. 10,935 പേര്‍ക്കാണ് ഇവിടെ ജീവന്‍ നഷ്ടമായത്. ഇറ്റലിയില്‍ 1,15,242 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 13,915 പേരാണ് മരിച്ചത്.
https://www.facebook.com/Malayalivartha