കശ്മീര്‍ അതിര്‍ത്തിയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റത്തെ തുടര്‍ന്ന് സേന ജാഗ്രതയില്‍

ജമ്മു കശ്മീരില്‍ ഭീകരരുടെ നുഴഞ്ഞു കയറ്റത്തിനു പിന്നാലെ പാക്ക് അതിര്‍ത്തിയിലുടനീളം കരസേന ജാഗ്രത ശക്തമാക്കി. നിയന്ത്രണ രേഖയ്ക്കപ്പുറമുള്ള പാക്ക് അധീന കശ്മീരിലെ താവളങ്ങളില്‍ നുഴഞ്ഞുകയറാന്‍ തക്കംനോക്കി ഭീകരര്‍ നിലയുറപ്പിച്ചിട്ടുണ്ടെന്ന് മിലിറ്ററി ഇന്റിലിജന്‍സ്, സേനാ നേതൃത്വത്തെ അറിയിച്ചു.
ഇതിനിടെ, തുടര്‍ച്ചയായ രണ്ടാം ദിവസവും പൂഞ്ച് ജില്ലയിലെ മന്‍കോട്ട് സെക്ടറില്‍ പാക്ക് സേന വെടിനിര്‍ത്തല്‍ ലംഘിച്ചു. പ്രദേശത്തേക്കു ഷെല്ലാക്രമണം നടത്തിയ പാക്കിസ്ഥാനു ശക്തമായ മറുപടി നല്‍കിയതായി സേനാ വൃത്തങ്ങള്‍ വ്യക്തമാക്കി. നുഴഞ്ഞുകയറ്റത്തിന് ഭീകരരെ സഹായിക്കാനായി ഇന്ത്യന്‍ സേനയുടെ ശ്രദ്ധ തിരിച്ചുവിടാനാണ് തുടര്‍ച്ചയായ ആക്രമണമെന്നാണ് സേനയുടെ നിഗമനം.
ലഷ്‌കറെ തയിബ, ജയ്‌ഷെ മുഹമ്മദ് തുടങ്ങിയ തീവ്രവാദിസംഘടനകളിലെ ഭീകരര്‍ക്ക് താവളങ്ങളില്‍ പാക്ക് സേന ആയുധ പരിശീലനം നല്‍കുന്നുണ്ട്. ഇതിലുള്‍പ്പെട്ട 5 ഭീകരരാണ് കഴിഞ്ഞ ദിവസം നുഴഞ്ഞുകയറിയത്. ഇവരെ വധിച്ച ഏറ്റുമുട്ടലില്‍ 5 കമാന്‍ഡോകള്‍ വീരമൃത്യു വരിച്ചിരുന്നു. താവളങ്ങള്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി സജീവമാണെന്നാണ് ഇന്റിലിജന്‍സ് വിവരം.
വടക്കന്‍ സേനാ കമാന്‍ഡ് അതിര്‍ത്തിയിലുടനീളം സുരക്ഷ ശക്തമാക്കാന്‍ ജവാന്‍മാര്‍ക്കു നിര്‍ദേശം നല്‍കി. കോവിഡ് ഭീതിയുടെ പശ്ചാത്തലത്തില്‍ സേനാ നീക്കത്തിനു നിയന്ത്രണങ്ങള്‍ നിലനില്‍ക്കെയാണ്, ഭീകരരെ അതിര്‍ത്തി കടത്താനുള്ള പാക്ക് ശ്രമം. കനത്ത മഞ്ഞു വീഴ്ചയുടെ മറവില്‍ നുഴഞ്ഞുകയറുന്ന ഭീകരരെ കണ്ടെത്തുക ദുഷ്‌കരമാണെന്നു സേനാ വൃത്തങ്ങള്‍ പറഞ്ഞു. മഞ്ഞുവീഴ്ച മൂലം സേനാംഗങ്ങള്‍ക്ക് എളുപ്പം എത്താന്‍ കഴിയാത്ത സ്ഥലങ്ങളില്‍ നിരീക്ഷണത്തിനായി ഡ്രോണുകളും പ്രത്യേക റഡാറുകളും സജ്ജമാക്കി.
https://www.facebook.com/Malayalivartha


























